ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യമല്ല സ്വാതന്ത്ര്യം
- Posted on January 13, 2024
- Localnews
- By Dency Dominic
- 304 Views
ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന്റെ പങ്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഇഎംഎസ് മഹാനായ ഒരു നേതാവായിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു
കോഴിക്കോട് കേരളം ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളത്തിന്റെ മഹാ എഴുത്തുകാരൻ എം ടി, നടത്തിയ പ്രസംഗം അലയടിക്കുകയാണെങ്ങും. നാടിനും നാടുവാഴുന്നവർക്കും ഉള്ള ഓർമ്മപ്പെടുത്തലുകളായിരുന്നു അദ്ദേഹത്തിന്റെ ഓരോ വാചകങ്ങളും. "രാഷ്ട്രീയ പ്രവർത്തനം അധികാരത്തിൽ എത്താനുള്ള ഒരു അംഗീകൃത മാർഗ്ഗമാണെന്ന" മുഖ വാചകത്തിൽ തുടങ്ങിയ അദ്ദേഹം അധികാരമെന്നാൽ ജനസേവനത്തിനു കിട്ടുന്ന ഒരു അവസരം എന്ന സിദ്ധാന്തത്തെ നമ്മൾ പണ്ടേ കുഴിവെട്ടി മൂടിയതായി പറഞ്ഞു. രാഷ്ട്രീയത്തിൽ സമൂഹത്തിന്റെ നിലപാട് എന്താകണം എന്ന ചിന്ത കൂടി അദ്ദേഹം പങ്കുവെച്ചു.
"ആൾക്കൂട്ടം ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി മാറുകയും, സ്വയം കരുത്ത് നേടി സ്വാതന്ത്ര്യം ആർജിക്കുകയും വേണം" എന്നുപറഞ്ഞ് അദ്ദേഹം ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യ തുണ്ടുകളല്ല സ്വാതന്ത്ര്യം എന്നു കൂടി കൂട്ടിച്ചേർത്തു. സ്വതന്ത്രമായ റഷ്യൻ ജനതയെ സ്വപ്നം കണ്ട എഴുത്തുകാരായ ഗോർക്കിന്റെയും ചെക്കോവിന്റെയും ചിന്തകളും അദ്ദേഹം ഇതോടൊപ്പം പങ്കുവച്ചു.
ഉത്തരവാദിത്വമുള്ള ഒരു സമൂഹത്തിന്റെ പങ്ക് എത്രത്തോളം വിലപ്പെട്ടതാണെന്ന് മനസ്സിലാക്കിയ ഇഎംഎസ് മഹാനായ ഒരു നേതാവായിരുന്നു എന്ന് അദ്ദേഹം സ്മരിച്ചു. തനിക്ക് അദ്ദേഹത്തിന്റെ സാഹിത്യ സിദ്ധാന്തങ്ങളിൽ എതിർപ്പുണ്ടായിരുന്നുവെങ്കിലും, പിന്നീട് അദ്ദേഹം തന്നെ സാഹിത്യ സമീപനങ്ങളിൽ തെറ്റ് പറ്റിയതായി പറഞ്ഞുവെന്നും എം ടി ഓർമിച്ചു. എന്നാൽ തെറ്റുപറ്റിയാൽ തിരുത്താൻ തയ്യാറുള്ള ഒരു മഹാരഥനും ഇവിടെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എതിരഭിപ്രായമുള്ളവരെ നേരിടുന്നതിനു മുമ്പ് ഓരോ രാഷ്ട്രീയക്കാരനും അവനവന്റെ വീക്ഷണവും ആണ് രൂപപ്പെടുത്തേണ്ടത് എന്ന്, ഇഎംഎസിനെ ഉദാഹരണമാക്കി പറഞ്ഞു.
സ്വതന്ത്രമായ സമൂഹത്തെ സ്വപ്നം കാണുന്ന, മാറ്റം ഉൾക്കൊള്ളുന്ന നേതാവിനെയാണ് നമുക്ക് ആവശ്യമെന്ന് ഓർമ്മിപ്പിച്ചായിരുന്നു അദ്ദേഹം തന്റെ വാക്കുകൾ അവസാനിപ്പിച്ചത്. വേദിയിലിരിക്കുന്ന മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ നിലപാടുകൾക്കെതിരെയുള്ള വിമർശനം കൂടിയായി എം ടി യുടെ പ്രസംഗം. പ്രസംഗം പ്രതിപക്ഷവും ഏറ്റെടുത്തു കഴിഞ്ഞു. മലയാളത്തിൽ നട്ടെല്ലുള്ള ഒരു എഴുത്തുകാരൻ ഉണ്ടെങ്കിൽ അത് എം ടി ആണെന്ന് നടൻ ജോയ് മാത്യുവും, അടിമത്തത്തിന്റെ ചുള്ളിക്കാടുകൾക്കിടയിൽ നിന്നും ധീരമായ എത്തുന്ന പൂമൊട്ടാണ് എം ടി എന്ന് നടൻ ഹരീഷ് പേരടിയും പ്രതികരിച്ചു. തന്റെ വാക്കുകൾ ആത്മ വിമർശനത്തിന് വഴിയൊരുക്കിയാൽ നല്ലതെന്ന് എം ടി വാസുദേവൻ നായർ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.