സ്ത്രീധന നിരോധന ഓഫീസറോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.

വിവാഹനിശ്ചയത്തിനുശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി.

സ്വന്തം ലേഖിക.

വിവാഹനിശ്ചയത്തിനുശേഷം വരന്റെ ബന്ധുകള്‍ സ്ത്രീധനം ആവശ്യപ്പെട്ടതോടെ വിവാഹത്തില്‍നിന്നും പിന്‍മാറി വധു. ഇതോടെ കല്ല്യാണം മുടങ്ങി. തുടര്‍ന്നാണ് വധുവിന്റെ വീട്ടുകാര്‍ പരാതിയുമായി വനിതാകമ്മിഷനെ സമീപിച്ചത്. പരാതി പരിഗണിച്ച വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി ഇക്കാര്യത്തില്‍ സ്ത്രീധന നിരോധന ഓഫീസറോട് അടിയന്തരമായി റിപ്പോര്‍ട്ട് ലഭ്യമാക്കാനും നിയമപരമായ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചു. 

ഒരു മാട്രിമോണിയല്‍ സൈറ്റിലൂടെ വന്ന ആലോചനയാണ്. വീട്ടുകാര്‍ സംസാരിച്ച് ഉറപ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ വിദേ ശത്തുനിന്നും വിവാഹത്തിനായി പെൺകുട്ടി നാട്ടിൽ എത്തുകയായിരുന്നു. വിവാഹ നിശ്ചയ ചടങ്ങും കഴിഞ്ഞതോടെയാണ് വരന്റെ അടുത്ത ബന്ധുക്കള്‍ സ്ത്രീധനം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് പെണ്‍കുട്ടിയും വീട്ടുകാരും വിവാഹത്തില്‍നിന്നും പിന്‍മാറിയതും പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചതും. 

വിവാഹത്തിന് മുമ്പുതന്നെ സ്ത്രീധനത്തെ എതിര്‍ക്കാനും അതേക്കുറിച്ച് പരാതി നല്‍കാനും പെണ്‍കുട്ടികള്‍ തയാറാവുന്നത് ഒരു മാറ്റത്തിന്റെ സൂചനയാണെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹശേഷം സ്ത്രീധന തര്‍ക്കം ഉണ്ടാകാറുണ്ട്. വിവാഹനിശ്ചയശേഷം സ്ത്രീധനം ചോദിച്ചതിനെ തുടര്‍ന്ന് ഒരു പെണ്‍കുട്ടി ആത്മഹത്യചെയ്തത് അടുത്തിടെയും വാര്‍ത്തയായിരുന്നു. സ്ത്രീധനവുമായി ബന്ധപ്പെട്ട് വിവാഹ മുടങ്ങിയാൽ ആത്മഹത്യയിൽ അഭയം തേടുകയല്ല,  ശക്തമായി പ്രതികരിച്ചുകൊണ്ടു മുന്നോട്ട് വരികയാണ് വേണ്ടത് എന്ന് പെൺകുട്ടികൾ തിരിച്ചറിഞ്ഞു തുടങ്ങി. നിയമനടപടി സ്വീകരിക്കാനും അവർ മുന്നോട്ട് വരുന്നു എന്നുള്ളതിൽ ഏറെ സന്തോഷമുണ്ട്. വനിതാ കമ്മീഷന്‍ തുടര്‍ച്ചയായി നടത്തുന്ന ബോധവത്കരണ പ്രവൃത്തികള്‍ ഫലവത്താകുന്നുവെന്നതിന്റെ സൂചനയാണിത് -  അഡ്വ. പി. സതീദേവി പറഞ്ഞു. 

തിരുവനന്തപുരം ജില്ലാതല ദ്വിദിന അദാലത്തിന്റെ ആദ്യദിവസമായ ഇന്ന് 250 കേസുകളാണ് പരിഗണിച്ചത്. ജോലിസ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട പരാതികളും ഏറെയുണ്ടായിരുന്നു. പരാതി നല്‍കിയതിന്റെ പേരില്‍മാത്രം പരാതിക്കാരിയെ ഒറ്റപ്പെടുത്തുകയും തൊഴില്‍സ്ഥലത്തെ അര്‍ഹമായ അവകാശങ്ങള്‍ നിഷേധിക്കുകയും ചെയ്യുന്ന സംഭവങ്ങളും പരിഗണനയ്ക്ക് വന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നുപോലും ഇത്തരം തെറ്റായ നടപടികള്‍ ഉണ്ടാകുന്നുണ്ട്. ഇവയിലും കമ്മീഷന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ട ഉേദ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. സാമൂഹികദ്രോഹികളുടെ ശല്യമാണ് മറ്റൊരു പ്രശ്‌നം. ഇതിനെതിരെ പരാതിപറയുന്നവരെ ഇവര്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുകയാണ്. പോലീസ് പിടികൂടിയാലും ചെറിയ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങുന്ന ഇത്തരക്കാര്‍ പരാതിക്കാരെ തെരഞ്ഞുപിടിച്ചു ശല്യം ചെയ്യുന്നതായ പരാതിയും പരിഗണനയില്‍ വന്നു. ഗാര്‍ഹിക പീഡന കേസുകളുടെ എണ്ണവും ഒട്ടും കുറവല്ല. 

ജവഹര്‍ ബാലഭവനില്‍ നടന്ന അദാലത്തിന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. സതീദേവി, വനിതാ കമ്മീഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍, ഡയറക്ടര്‍ ഷാജി സുഗുണന്‍ ഐപിഎസ് എന്നിവര്‍ നേതൃത്വം നല്‍കി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, സബ് ഇന്‍സ്‌പെക്ടര്‍ മിനുമോള്‍, അഭിഭാഷകരായ സൂര്യ, അദീന, അശ്വതി, സൗമ്യ, കൗണ്‍സിലറായ കവിത എന്നിവരും പരാതികള്‍ പരിഗണിച്ചു. ആകെ കേസുകളില്‍ 34 എണ്ണം പരിഹരിക്കപ്പെട്ടു. ഒന്‍പത് എണ്ണത്തില്‍ റിപ്പോര്‍ട്ട് തേടി. ഒരു കേസ് കൗണ്‍സിലിംഗിന് വിട്ടു. 213 കേസുകള്‍ അടുത്ത കൗണ്‍സിലില്‍ തുടര്‍വാദത്തിനായി മാറ്റിവച്ചു. രണ്ട് പുതിയ പരാതികളും ലഭിച്ചു. അദാലത്ത് നാളെയും തുടരും.

Author
Citizen Journalist

Goutham prakash

No description...

You May Also Like