എന്താണ് ഇലക്ടറൽ ബോണ്ട് ?
- Posted on March 15, 2024
- Localnews
- By Dency Dominic
- 294 Views
ഇത്രയധികം വിമർശന വിധേയമായ ഇലക്ടറൽ ബോണ്ട് എന്ന സംവിധാനം എങ്ങനെയാണ് നിലവിൽ വന്നത്?
ഇലക്ടറൽ ബോണ്ടിനെ കുറിച്ചുള്ള ചർച്ചകളാണെങ്ങും. പൊതുതെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഇലക്ടറൽ ബോണ്ടുകളുമായി ബന്ധപ്പെട്ട വാർത്തകൾക്ക് വളരെ പ്രാധാന്യമുണ്ട്. ഇത്രയധികം വിമർശന വിധേയമായ ഇലക്ടറൽ ബോണ്ട് എന്ന സംവിധാനം എങ്ങനെയാണ് നിലവിൽ വന്നത്? എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ചിരുന്നത്? പണ്ട് മുതൽക്കേ പാർട്ടികൾ ജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിക്കുകയും, സംഭാവന നൽകിയവർക്ക് രസീതും നൽകുകയും ചെയ്തിരുന്നു. എന്നാൽ ആദ്യനാളുകളിൽ, ഇത്തരത്തിലുള്ള സംഭാവനകൾക്ക് നിയമത്തിന്റെ ഒരു പരിമിതി ഉണ്ടായിരുന്നു. ഇരുപതിനായിരം രൂപയിലധികം സംഭാവന നൽകുന്നവരുടെ വിവരങ്ങൾ, പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷൻ, ആദായ നികുതി വകുപ്പ് എന്നിവർക്ക് വെളിപ്പെടുത്തിയിരിക്കണമായിരുന്നു.
അതിനാൽ തന്നെ തന്ത്രപരമായി, പാർട്ടികൾ എല്ലാ സംഭാവനകളുടെയും രസീത് ഇരുപതിനായിരം രൂപയിൽ താഴെയായിരുന്നു എഴുതിയിരുന്നു. ഇത് പാർട്ടികളിലേക്ക് കള്ളപ്പണം ഒഴുകാനുള്ള ഒരു മാർഗമായി. കൂടാതെ സംഭാവന നൽകുന്നവരുടെ വിവരങ്ങൾ പരസ്യമായിരുന്നു. സംഭാവന നൽകിയ പാർട്ടികൾ തോറ്റാൽ, സംഭാവന നൽകിയവരും ഭരണത്തിലിരിക്കുന്നവരുടെ ശത്രുക്കളാകും. ഇത്തരത്തിൽ പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് 2017 ൽ ബജറ്റിന്റെ ഭാഗമായി ഇലക്ടറൽ ബോണ്ട് പ്രക്രിയ നിലവിൽ വരുന്നത്. രണ്ടായിരം രൂപയിലധികം വരുന്ന സംഭാവനകൾ ഇലക്ടറൽ ബോണ്ട് സംവിധാനം വഴി ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ( എസ് ബി ഐ) യിലൂടെ മാത്രമേ പാർട്ടികൾക്ക് ലഭിക്കുകയുള്ളു. ഇത്തരത്തിൽ എത്രയധികം ഇലക്ടറൽ ബോണ്ട് വേണമെങ്കിലും വാങ്ങിക്കാം. ഇത്തരത്തിൽ കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാൻ സാധിച്ചെങ്കിലും, ആരൊക്കെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നതെന്ന വിവരങ്ങൾ രഹസ്യമായിരുന്നു. ഈ കാരണത്താലാണ്, ഇലക്ടറൽ ബോണ്ട് വിമർശനങ്ങൾ നേരിട്ടത്. സുതാര്യമായ ഇലക്ഷൻ , ജനങ്ങളുടെ വിവരാവകാശം എന്നിവയെ ഇലക്ടറൽ ബോണ്ട് തടയുന്നു എന്നതായിരുന്നു പ്രധാന വാദം. സാധാരണക്കാരായ ജങ്ങളെക്കാളധികമായി, വൻകിട കമ്പനികളാണ് പാർട്ടികൾക്ക് സംഭാവനകൾ നൽകിയിരിക്കുന്നത്. തങ്ങൾ വോട്ട് രേഖപ്പെടുത്തുന്ന പാർട്ടികൾ ആരിൽ നിന്നൊക്കെ സംഭാവന സ്വീകരിച്ചിട്ടുണ്ടെന്ന് അറിയാൻ ജനങ്ങൾക്കുള്ള അവകാശം ചൂണ്ടിക്കാണിച്ച്, ഇലക്ടറൽ ബോണ്ട് സുപ്രീം കോടതി റദ്ധ് ചെയ്തു. കൂടാതെ 2019 ഏപ്രിൽ 12 മുതൽ വാങ്ങിയ ഇലക്ടറൽ ബോണ്ടിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. തുടക്കം മുതൽ ഇലക്ടറൽ ബോണ്ടിനെ പിന്തുണച്ച കേന്ദ്രത്തിന് സുപ്രീം കോടതിയുടെ നടപടി തിരിച്ചടിയായി. ഇതിനോടൊപ്പം രാഷ്ട്രീയ പാർട്ടികളും, ദാതാക്കളും തമ്മിലുള്ള ബന്ധം വെളിപ്പെടുത്തുന്ന ഇലക്‌ടറൽ ബോണ്ട് ഡാറ്റ പ്രസിദ്ധീകരിക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് സുപ്രീം കോടതി നിർദ്ദേശിച്ചു. ഇലക്‌ടറൽ ബോണ്ട് വഴി ഏറ്റവും കൂടുതൽ പണം കൈപ്പറ്റിയത് രാജ്യം ഭരിക്കുന്ന ബി.ജെ.പി. യാണ്. 6060.5 കോടി രൂപയാണ് ബി.ജെ.പിക്ക് ലഭിച്ചത്. ഏറ്റവും കൂടുതൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ 30 കമ്പനികളിൽ 14ഉം, ഇ.ഡി, സി.ബി.ഐ, ഇൻകം ടാക്സ്, തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നേരിട്ടവരാണെന്ന വസ്തുത ഞെട്ടിക്കുന്നതാണ്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, ബോണ്ടിനെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ, ഇന്ത്യൻ രാഷ്ട്രീയത്തെ കൂടുതൽ കലുഷിതമാക്കിയിരിക്കുകയാണ്.