കന്നഡ സൂപ്പർ താരം ദർശൻ കൊലക്കേസിൽ അറസ്റ്റിൽ
- Posted on June 11, 2024
- News
- By Arpana S Prasad
- 325 Views
ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്

കന്നഡ സൂപ്പർ താരം ദർശനെ കൊലക്കേസിൽ ബംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിന് അടുത്തുള്ള സോമന ഹള്ളിയിൽ കഴിഞ്ഞ ദിവസം രേണുക സ്വാമി എന്നയാളെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ കേസിലാണ് താരം അറസ്റ്റിലായത്. ദർശന്റെ സുഹൃത്ത് പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിന്റെ പേരിലാണ് കൊലപാതകമെന്നാണ് പൊലീസ് അറിയിച്ചത്.
സോമന ഹള്ളിയിൽ ഒരു പാലത്തിന്റെ താഴെ ആണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യ എന്ന് കരുതിയ കേസ് പിന്നീട് കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. രേണുക സ്വാമിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒൻപതു പേരെ ചോദ്യം ചെയ്തപ്പോഴാണ് ദർശന്റെ പേരു പുറത്തുവന്നത് എന്നാണ് പൊലീസ് വൃത്തങ്ങൾ പറയുന്നത്.
രണ്ട് മാസം മുമ്പ് ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ ദർശന്റെ ഉടമസ്ഥതയിലുള്ള മൈസൂരു ഫാം ഹൗസിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി മൃതദേഹം കാമാക്ഷിപാളയയിലെ അഴുക്കുചാലിൽ തള്ളുകയായിരുന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.