കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം: നിയമസഭാ സ്പീക്കര്‍

വനിതാ എംഎല്‍എമാര്‍ക്കും ജീവനക്കാര്‍ക്കുമായി നിയമസഭയില്‍ സ്‌ക്രീനിംഗ് നടത്തി

തിരുവനന്തപുരം: 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' കാന്‍സര്‍ സ്‌ക്രീനിംഗ് ജനകീയ ക്യാമ്പയിനിന്റെ ഭാഗമായുള്ള സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണമെന്ന് നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ആരോഗ്യ വകുപ്പ് കാന്‍സറിനെതിരെ വലിയൊരു ക്യാമ്പയിനാണ് നടത്തി വരുന്നത്. കാന്‍സര്‍ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും. അതിനാല്‍ നേരത്തെ സ്‌ക്രീനിംഗ് നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. ജപ്പാന്‍ പോലെയുള്ള വികസിത രാജ്യങ്ങള്‍ 40 വയസിന് മുകളിലുള്ളവരെ സ്‌ക്രീന്‍ ചെയ്യുമ്പോള്‍ കേരളം 30 വയസ് മുതല്‍ സ്‌ക്രീന്‍ ചെയ്യുന്നുണ്ട്. ഈ രോഗത്തിന് മുമ്പില്‍ സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല. അതിനാല്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. ഇതിന് മുന്‍കൈയ്യെടുത്ത ആരോഗ്യ വകുപ്പ് മന്ത്രിയേയും ആരോഗ്യ വകുപ്പിനേയും സ്പീക്കര്‍ അഭിനന്ദിച്ചു. നിയമസഭാ വനിതാ എംഎല്‍എമാര്‍ക്കും വനിതാ ജീവനക്കാര്‍ക്കുമുള്ള കാന്‍സര്‍ സ്‌ക്രീനിംഗ് പരിപാടി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു സ്പീക്കര്‍


ആളുകള്‍ക്ക് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിന് ജനപ്രിതിനിധികളുടെ സ്‌ക്രീനിംഗ് സഹായിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കാന്‍സര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. പലരും അവസാന സ്റ്റേജുകളിലാണ് പരിശോധനയ്ക്ക് എത്തുന്നത്. അതിനാല്‍ ചികിത്സയും സങ്കീര്‍ണമാകുന്നു. വലിയ സാമ്പത്തിക ഭാരവുമാകും. ആദ്യം തന്നെ കാന്‍സര്‍ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും എന്ന ആത്മവിശ്വാസവും ബോധ്യവും വളര്‍ത്തിയെടുക്കുന്ന ബിഹേവിയറല്‍ ചേഞ്ചാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി കാന്‍സര്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണം. നിയമസഭയില്‍ കാന്‍സര്‍ സ്‌ക്രീനിംഗിന് അനുമതി നല്‍കിയ സ്പീക്കറോടും നിയമസഭാ സെക്രട്ടറിയേറ്റിനോടും മന്ത്രി നന്ദി അറിയിച്ചു.


വളരെ ശ്രദ്ധേയമായ പരിപാടിയാണ് കാന്‍സര്‍ സ്‌ക്രീനിംഗെന്ന് ചടങ്ങില്‍ പങ്കെടുത്ത ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ പറഞ്ഞു. കാന്‍സര്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ കഷ്ടതകള്‍ കുറയ്ക്കാനാകും. എല്ലാവരും ഈ സ്‌ക്രീനിംഗില്‍ പങ്കാളികളാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.


മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സ്‌ക്രീനിംഗ് വേദി സന്ദര്‍ശിച്ച് ആശംസകള്‍ അര്‍പ്പിച്ചു.


മന്ത്രിമാരായ ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, എംഎല്‍എമാര്‍, നിയമസഭാ ജീവനക്കാര്‍ എന്നിവര്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തു. ആദ്യ സ്‌ക്രീനിംഗ് നടത്തിയത് കെ.കെ. രമ എംഎല്‍എയാണ്.


നിയമസഭാ സെക്രട്ടറി കൃഷ്ണകുമാര്‍, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. വിനയ് ഗോയല്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന എന്നിവര്‍ പങ്കെടുത്തു.


നിയമസഭയിലെ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന സ്‌ക്രീനിംഗില്‍ 180 പേരെ സ്‌ക്രീന്‍ ചെയ്തു. അതില്‍ 82 പേരെ തുടര്‍ പരിശോധനയ്ക്ക് റഫര്‍ ചെയ്തു. ആര്‍സിസി, മെഡിക്കല്‍ കോളേജ്, ആരോഗ്യ വകുപ്പ് എന്നിവിടങ്ങളിലെ വിദഗ്ധ ഡോക്ടര്‍മാരുടേ നേതൃത്വത്തിലാണ് സ്‌ക്രീനിംഗ് സംഘടിപ്പിച്ചത്.




സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like