വനിതാമാധ്യമപ്രവർത്തകരുടെ സംഗമവേദിയാകാൻ ഐ.എം.എഫ്‌കെ
- Posted on September 25, 2025
- News
- By Goutham prakash
- 98 Views
*മറിയം ഔഡ്രഗോ, റാണ അയൂബ്, ടോംഗം റിന, പുഷ്പ റോക്‌ഡെ തുടങ്ങിയവർ പങ്കെടുക്കും*
തിരുവനന്തപുരം: സെപ്തംബർ 29 മുതൽ തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര മാധ്യമോത്സവത്തിൽ ദേശീയ-അന്തർദ്ദേശീയ പ്രശസ്തരായ വനിതാമാധ്യമപ്രവർത്തകർ പങ്കെടുക്കും. ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ നിന്നുളള മാധ്യമപ്രവർത്തക മറിയം ഔഡ്രഗോ, ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ഫീച്ചറിലൂടെ ശ്രദ്ധേയായ റാണ അയൂബ്, ദി അരുണാചൽ ടൈംസിന്റെ അസോസിയേറ്റ് എഡിറ്ററർ ടോംഗം റിന, ബസ്തറിൽ നിന്നുളള ഗോത്രവർഗ മാധ്യമപ്രവർത്തക പുഷ്പ റോക്‌ഡെ
എന്നിവർ ഉൾപ്പെടെയുളള വനിതാ മാധ്യമപ്രവർത്തകരാണ് അണിനിരക്കുക.
കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ ‘മീഡിയ'യുടെ 2025ലെ മീഡിയ പേഴ്സൺ ഓഫ് ദി ഇയർ പുരസ്‌കാരം സെപ്തംബർ 30ന് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് ഏറ്റുവാങ്ങുന്നതിനാണ് മറിയം ഔഡ്രഗോ എത്തുക. ഗുജറാത്ത് കലാപത്തെ കുറിച്ചുളള ഫീച്ചറുകളിലൂടെ ശ്രദ്ധനേടിയ മാധ്യമപ്രവർത്തകയാണ് റാണ അയൂബ്.
സ്വകാര്യ, കോർപ്പറേറ്റ് ലോബികൾക്കെതിരെ തൂലിക പടവാളാക്കിയ മാധ്യമപ്രവർത്തകയാണ് ടോംഗം റിന. 2012ൽ ശത്രുക്കളുടെ വെടിയുണ്ടയേറ്റ ടോംഗം റിന മരണവക്ത്രത്തിൽ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ഛത്തീസ്ഗഡ് ബസ്തറിലെ മാവോയിസ്റ്റ് സംഘർഷമേഖലയിൽ നിന്നുളള മാധ്യമപ്രവർത്തകയാണ് പുഷ്പ റോക്‌ഡെ. സർക്കാരിനും മാവോയിസ്റ്റുകൾക്കും ഇടയിൽ ചെകുത്താനും കടലിനുമിടയിലെന്ന പോലെയാണ് ഗോത്രവർഗ്ഗക്കാരുടെ അവസ്ഥയെന്ന് അവർ തുറന്നെഴുതി.
ടാഗോർ തിയേറ്റർ, വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ, മാനവീയം വീഥി എന്നിവിടങ്ങളിലാണ് ഒക്ടോബർ 2 വരെ മാധ്യമോത്സവം നടക്കുക. കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഐ-പിആർഡി, കേരള പത്രപ്രവർത്തക യൂണിയൻ എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
