മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ.
- Posted on May 12, 2025
- News
- By Goutham prakash
- 155 Views
സി.ഡി. സുനീഷ്.
കശ്മീരിന്റെ കാര്യത്തില്‍ ആരും മധ്യസ്ഥത വഹിക്കുന്നതില്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി ഇന്ത്യ. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന കശ്മീര്‍ തര്‍ക്കത്തില്‍ ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ട്രംപിന്റെ വാഗ്ദാനത്തെ സ്വാഗതം ചെയ്യുകയും അതിനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും നന്ദി പറയുകയും ചെയ്തിരുന്നു. എന്നാല്‍ കശ്മീരിനെക്കുറിച്ച് തങ്ങള്‍ക്ക് വളരെ വ്യക്തമായ നിലപാടുണ്ടെന്നും പാക് അധീന കശ്മീര്‍ തിരികെവേണമെന്നും എന്നാല്‍ ആരും മധ്യസ്ഥത വഹിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ആരുടെയെങ്കിലും മധ്യസ്ഥത ഞങ്ങള്‍ക്ക് ആവശ്യമില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങളുടെ പ്രതികരണം.
.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ രാത്രിയും ജാഗ്രത. വിവിധ സംസ്ഥാനങ്ങളില്‍ മുന്‍കരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്‌സല്‍മീറില്‍ ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചു. മുന്‍കരുതല്‍ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി ലൈറ്റുകള്‍ അണച്ചും വീടുകള്‍ക്ക് അകത്തിരുന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
ഓപ്പറേഷന്‍ സിന്ദൂര്‍ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷന്‍ കരുതലോടെ തുടരുന്നുവെന്നും വാര്‍ത്താസമ്മേളനം നടത്തി വിവരങ്ങള്‍ അറിയിക്കുമെന്നും ഇന്ത്യന്‍ വ്യോമസേന അറിയിച്ചു. ഓപ്പറേഷനുകള്‍ ഇപ്പോഴും തുടരുന്നതിനാല്‍, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തുമെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളില്‍ നിന്നും പ്രചാരണങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും വ്യോമസേന അഭ്യര്‍ത്ഥിച്ചു.
ഇന്ത്യ തങ്ങളുടെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍. പാകിസ്ഥാന്‍ വ്യോമത്താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ബ്രഹ്‌മോസ് മിസൈല്‍ പ്രയോഗിച്ചതായി പാകിസ്ഥാന്‍ സൈനിക വക്താവാണ് പാക് മാധ്യമങ്ങളോട് ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ തന്നെ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന് നേരെ ബ്രഹ്‌മോസ് മിസൈലുകള്‍ പ്രയോഗിച്ചതായി ദേശീയ, അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
