*ഐ എസ് ഒ നിറവിൽ തൃശ്ശൂരിന്റെ കുടുംബശ്രീ



*സ്വന്തം ലേഖകൻ*


 തൃശ്ശൂർ ജില്ലയിലെ 49 കുടുംബശ്രീ സി ഡി എസുകൾ കരസ്ഥമാക്കിയ ഐ എസ് ഒ സർട്ടിഫിക്കേഷൻ അർഹതയ്ക്കുള്ള അംഗീകാരമാവുകയാണ്. ഉപഭോക്തൃ സംതൃപ്തിയും തുടർച്ചയായ പുരോഗതിയും വർദ്ധിപ്പിക്കുന്നതിൽ നൽകുന്ന ഗുണനിലവാരത്തിന്റെ അന്താരാഷ്ട്ര മുദ്രയാണ് തൃശ്ശൂരിലെ 49 കുടുംബശ്രീ സി ഡി എസുകളെ തേടിയെത്തിയത്. ഓഫീസുകളിലെ ഫയൽ ക്രമീകരണം, സാമ്പത്തിക പ്രവർത്തനങ്ങൾ, അയൽക്കൂട്ട വിവരങ്ങൾ ഇടപാടുകൾ, രജിസ്റ്ററുകളും പരിപാലനവും, കൃത്യമായ ഓഫീസ് ക്രമീകരണം, സേവനമേഖലയിലെ വിലയിരുത്തൽ, കാര്യക്ഷമത, പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ, ഹെൽപ്പ് ഡെസ്ക് സംവിധാനം തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് കുടുംബശ്രീ ഐ എസ് ഒ  9001:2015 അംഗീകാരം നേടുന്നത്.


  സംസ്ഥാനതലത്തിൽ ആദ്യം ഐ എസ് ഒ അംഗീകാരം നേടിയ ജില്ലയും തൃശൂർ ആയിരുന്നു. മൂന്നുവർഷം കാലാവധിയുള്ള സർട്ടിഫിക്കേഷൻ ജില്ലയിലെ 44 സിഡിഎസുകളും, അഞ്ച് നഗര സിഡിഎസുകളുമാണ് ആദ്യഘട്ടത്തിൽ കരസ്ഥമാക്കിയത്. 27 വർഷം പിന്നിട്ട കുടുംബശ്രീയുടെ ചരിത്രത്തിൽ മറ്റൊരു പൊൻതൂവൽ കൂടിയാവുകയാണ് ഈ ഐ എസ് ഒ അംഗീകാരം. ദാരിദ്ര്യ നിർമാർജനത്തിനും സ്ത്രീശാക്തീകരണത്തിനുമായി കുടുംബശ്രീ നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് ആകമാനം മാതൃകാപരവും ഗുണകരവുമാവുകയാണ്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കേരളത്തിന്റെ സ്ത്രീ കഴിവുകൾ എത്തിക്കുന്നതിനും ലോകശ്രദ്ധ നേടാനും കുടുംബശ്രീക്ക് സാധിച്ചു. മികവിന്റെ പുതു മാതൃകകൾ സൃഷ്ടിക്കുന്ന കുടുംബശ്രീക്ക് വീട്ടുമുറ്റത്തുനിന്നും തുടങ്ങുന്ന അയൽക്കൂട്ട വിപ്ലവങ്ങൾക്ക് കയ്യെത്തിപ്പിടിക്കാനുള്ള ഒരുപാട് നേട്ടങ്ങളിലേക്കുള്ള ചവിട്ടുപടി ആവുകയാണ് ഈ ഐഎസ് അംഗീകാരം.

Author
Citizen Journalist

Goutham prakash

No description...

You May Also Like