ബംഗാളിലെ തനത് കലകൾ ഒരു വേദിയിൽ നിറഞ്ഞാടി.
- Posted on November 09, 2024
- News
- By Goutham Krishna
- 101 Views
"സാഹിത്യവും സംസ്‌കാരവും കലയും ബംഗാളിലെ ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ,"എന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു.
സി.ഡി. സുനീഷ്.
കൊച്ചി :
"സാഹിത്യവും സംസ്‌കാരവും കലയും ബംഗാളിലെ ജനങ്ങളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് ,"എന്ന് പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി വി ആനന്ദ ബോസ് പറഞ്ഞു. ബംഗാളി സമൂഹത്തിന്റെ ത്രിദിന കലോത്സവം കൊച്ചിയിൽ കേരള ഫൈൻ ആർട്‌സ് സൊസൈറ്റി ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഗവർണർ. ടാഗോറിൻ്റെയും വള്ളത്തോളിൻ്റെയും കൃതികളെക്കുറിച്ചും കേരളത്തിൻ്റെയും ബംഗാളിൻ്റെയും സംസ്‌കാരങ്ങൾ തമ്മിലുള്ള സാമ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
കേരളത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത്തെ ബംഗാൾ കലോത്സവമാണ് ഇതെന്നും ആദ്യത്തേത് കൊല്ലത്ത് സംഘടിപ്പിച്ചതായും ഗവർണർ പറഞ്ഞു. ഉദ്ഘാടന വേളയിൽ ബംഗാളിൽ നിന്ന് 65 ഓളം കലാകാരന്മാർ കേരളത്തിലെത്തിയിട്ടുണ്ടെന്നും കേരളത്തിലെ കലാകാരന്മാരെ ബംഗാളിലേക്ക് സ്വാഗതം ചെയ്യുന്നതായും ഡോ. ബോസ് പറഞ്ഞു.
കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സാംസ്കാരിക സ്ഥാപനങ്ങളായ സൗത്ത് സോൺ കൾച്ചറൽ സെന്റർ, ഈസ്റ്റേൺ സോൺ കൽച്ചറൽ സെന്റർ എന്നിവ സംയുക്തമായി കൊച്ചിൻ ഫൈൻ ആർട്സ് സൊസൈറ്റിയുമായി സഹകരിച്ചാണ് ബംഗാൾ കലോത്സവത്തിന് കൊച്ചിയിലെ കേരള പരിപാടി നടത്തുന്നത്. ഞായർ ദിവസങ്ങളിൽ വൈകുന്നേരം 6 മണിക്കും ശനിയാഴ്ച വൈകുന്നേരം 4 മണിക്കുമാണ് കലാ പരിപാടികൾ സംഘടിപ്പിക്കും പശ്ചിമബംഗാൾ ഗവർണറായി ഡോ സി.വി ആനന്ദബോസ് ചുമതലയേറ്റതിന്റെ രണ്ടാം വാർഷികവേളയിൽ രൂപംനൽകിയ ‘അപ്നാ ഭാരത് ജഗ്‌ദ ബംഗാൾ’ എന്ന ജനകീയ ദൗത്യത്തിന്റെ ഭാഗം കൂടിയാണിത്.
ബംഗാളിലെ പുരാതന വാദ്യോപകരണങ്ങളുടെ വാദനം, രവീന്ദ്രനാഥ ടാഗോർ എഴുതിയ നാല് നൃത്താധിഷ്ഠിത നാടകങ്ങൾ, പ്രശസ്തമായ ‘ബാവുൾ ഗാനങ്ങൾ’, ‘ഷെഹ്നായി’, ദുർഗാപൂജ ഉത്സവത്തിന്റെ അവിഭാജ്യഘടകമായ ‘ധക്’, പുരാണകഥകൾ കോർത്തിണക്കിയുള്ള ‘പുരാതനി സംഗീതം’, പുരുലിയ ജില്ലയിൽ രൂപംകൊണ്ട അത്യന്തം വർണാഭവും ചടുലവുമായ ‘പുരുലിയ ഛൗ നൃത്തരൂപം’, പുരാതന തനതു നൃത്തരൂപമായ ‘ഗൗഡിയ നൃത്യ’, ബംഗാളിന്റെ നാടോടി സംസ്കാരത്തിന്റെ ഭാഗമായ ‘ശ്യാമസംഗീതം’, എന്നിങ്ങനെ തനതുകലകളും കളികളും ഒരുവേദിയിൽ കണ്ടാസ്വദിക്കാനുള്ള അപൂർവ അവസരമാണ് ഇതിലൂടെ കൊച്ചിനിവാസികൾക്ക് ലഭിക്കുക,രവീന്ദ്രനാഥ ടാഗോർ, കാസി നസ്‌റുൽ ഇസ്‌ലാം, ദ്വിജേന്ദ്രലാൽ റോയ്, രജനികാന്ത സെൻ, അതുൽ പ്രസാദ് സെൻ - പഞ്ചകവികളുടെ പ്രശസ്ത ഗാനങ്ങൾ കോർത്തിണക്കിയ പഞ്ചകബീർ ഗാനമാലയാണ് ബാംഗാളികലോത്സവത്തിലെ മറ്റൊരു പ്രമുഖ്യയിനം.
ബംഗാളിലെ പ്രശസ്ത കവി റിനാ ഗിരി, കഥാകൃത്ത് ജയന്ത ഡേ, കവിയും ചെറുകഥാകൃത്തുമായ ഡോ. തമാൽ ലാഹ , മലയാളത്തിലെ എഴുത്തുകാരായ ഡോ എം.ജി ശശിഭൂഷൺ, ആലംകോട് ലീലാകൃഷ്‌ണൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കുന്ന സാഹിത്യ ചർച്ചയും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.