പഞ്ഞം അകറ്റും പഞ്ഞപ്പുല്ലും - ഔഷധ ഗുണമുള്ള റാഗിയും
- Posted on October 15, 2021
- Health
- By Deepa Shaji Pulpally
- 3299 Views
ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമായ റാഗി ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുന്നത് കർണാടകക്കാരാണ്

നേപ്പാൾ , ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ വരണ്ട പ്രദേശങ്ങൾ ഉള്ള രാജ്യങ്ങളിൽ കൃഷി ചെയ്യുന്ന ധാന്യ വിളയാണ് മുത്താരി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം കർണാടകയാണ് . പഞ്ഞ പുല്ല്, മുത്താരി, റാഗി, കൂവരക് എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. പോഷകസമ്പുഷ്ടമായ മുത്താരി ഉപയോഗിച്ച് ദോശ, അട, കുട്ടികൾക്ക് കുറുക്ക്, ചപ്പാത്തി , ഉപ്പുമാവ്, പുട്ട്, ഹൽവ തുടങ്ങിയ സ്വാദിഷ്ഠമായ വിഭവങ്ങളുണ്ടാക്കാം.
റാഗിയുടെ പോഷകഗുണങ്ങൾ എന്തൊക്കെയാണ്?
ആരോഗ്യം നിലനിർത്താനും, യുവത്വം മെച്ചപ്പെടുത്താനും, രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും മുത്താരി ഉപയോഗിക്കുന്നത് നല്ലതാണ്. ഇതിൽ കാൽസ്യം, ഇരുമ്പ് എന്നീ ധാതുക്കൾ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ചെറിയ കുട്ടികൾക്ക് കുറുക്ക് ഉണ്ടാക്കാൻ പറ്റിയ ധാന്യമാണ് മുത്താരി. കാൽസ്യം, പ്രോട്ടീൻ, കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.
ഇതിനു പുറമേ റാഗിയിൽ വിറ്റാമിൻ എ, തയാമിൻ, റൈബോഫ്ലോവിൻ, നീയാസിൻ എന്നീ ഘടകങ്ങളും, ഫോസ്ഫറസ് എന്ന ധാതുവും അടങ്ങിയിരിക്കുന്നു. മറ്റ് അന്നജാഹാരങ്ങളിൽ ഇല്ലാത്ത അമിനോ ആസിഡുകൾ, ഐസോല്യുസിൻ, മെഥിയോനൈൻ , ഫിനൈൽ, അലനൈൻ എന്നിവയും മുത്താരിയിൽ അടങ്ങിയിരിക്കുന്നു. ഹീമോഗ്ലോബിൻ കൗണ്ട് കുറഞ്ഞവർക്ക് ഇത് പോഷകസമൃദ്ധമായ ആഹാരമാണ്.
മുത്താരി പൊട്ടാസ്യത്തിന്റെയും, കാൽസ്യത്തിന്റെയും കലവറയും, ഇരുമ്പ് ധാരാളം അടങ്ങിയിട്ടുള്ള ധാന്യവുമാണ്. വളരെ കുറവായതിനാൽ റാഗി വളരെ വേഗം ദഹിക്കുന്നു. കാൽസ്യം കൂടുതൽ ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ എല്ലുകൾക്ക് ശക്തി നൽകുന്നു. മുത്താരിയിൽ നാരുകൾ കൂടുതൽ അടങ്ങിയിട്ടുള്ളതിനാൽ ഗ്യാസ്ട്രോ ഇന്റസ്നൽ ഡിസോർഡറുകൾക്ക് ഉത്തമമാണ്. മുത്താരിയുടെ ഉപയോഗം പ്രമേഹം കുറയ്ക്കുന്നതിനും, കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
കൂടാതെ മാനസികസമ്മർദം കുറയ്ക്കുന്നതിനും, മുലപ്പാൽ വർദ്ധിപ്പിക്കുന്നതിനും, വിളർച്ച പ്രശ്നം പരിഹരിക്കുന്നതിനും ഇത് സഹായിക്കുന്നു. ശരീര ഭാരം കുറയ്ക്കുന്നതിന് ഏറെ ഫലപ്രദമായ റാഗി ഭക്ഷണത്തിൽ ധാരാളമായി ഉപയോഗിക്കുന്നത് കർണാടകക്കാരാണ്.