ഐ.സി.എ.യുടെ ആഗോള വർക്കിംഗ് ഗ്രൂപ്പിൽ ഇന്ത്യക്കാരൻ; ടി. കെ. കിഷോർ കുമാർ ഊരാളുങ്കൽ സൊസൈറ്റിയുടെ പ്രതിനിധി ലോകസഹകരണപ്രസ്ഥാനത്തിനുള്ള ഇന്ത്യൻ സംഭാവനയുടെ അംഗീകാരം
- Posted on July 07, 2025
- News
- By Goutham prakash
- 105 Views
സി.ഡി. സുനീഷ്
റോച്ച്ഡെൽ/മാഞ്ചസ്റ്റർ, യുകെ: ഇന്റർനാഷണൽ കോ-ഓപ്പറേറ്റീവ് അലയൻസ് (ICA) സഹകരണ സാംസ്കാരിക പൈതൃക വർക്കിംഗ് ഗ്രൂപ്പ് (WG-CCH) അംഗമായി ഇന്ത്യൻ പ്രതിനിധിയായ യു.എൽ.സി.സിഎസ് ചീഫ് പ്രൊജക്റ്റ് കോർഡിനേറ്ററും യുഎൽ സൈബർപാർക് സിഒഒയുമായ ടി. കെ. കിഷോർ കുമാർ തെരഞ്ഞെടുക്കപ്പെട്ടു. ആഗോള സഹകരണപ്രസ്ഥാന(ICA)ത്തിന് ഇന്ത്യ നൽകിവരുന്ന സംഭാവനയ്ക്കുള്ള അംഗീകാരമായാണ് അംഗത്വം. ആധുനിക സഹകരണപ്രസ്ഥാനത്തിന്റെ ഈറ്റില്ലമായ റോച്ച്ഡെയിൽ പയനിയേഴ്സ് മ്യൂസിയത്തിൽ ‘പ്രൊമോട്ടിംഗ് കോ-ഓപ്പറേറ്റീവ് കൾച്ചറൽ ഹെറിറ്റേജ്’ എന്ന സുപ്രധാന അന്തർദേശീയ ശില്പശാലയിലായിരുന്നു നിയമനം.
മാഞ്ചസ്റ്ററിൽ നടന്ന ഐസിഎയുടെ 130-ആം ജന്മവാർഷികവും രണ്ടാമത രാജ്യാന്തര സഹകരണദിനവും കൊണ്ടാടാൻ സംഘടിപ്പിച്ച ഒരാഴ്ചത്തെ ആഘോഷത്തിന്റെ ഭാഗമായാണ് ലോകമെമ്പാടുമുള്ള സഹകരണനേതാക്കൾ, സാംസ്കാരികവിദഗ്ധർ, യുവസംരംഭകർ, നയനിർമ്മാതാക്കൾ തുടങ്ങിയവർ പങ്കെടുത്ത ശില്പശാല സംഘടിപ്പിച്ചത്.
കിഷോർ കുമാറിന്റെ നിയമനം ആഗോള സഹകരണ പൈതൃക പ്രയത്നത്തിൽ ദക്ഷിണേഷ്യൻ പങ്കാളിത്തം വർദ്ധിപ്പിക്കാനുള്ള പ്രധാന ചുവടുവയ്പായി സമ്മേളനം വിലയിരുത്തി. സഹകരണമേഖലയുടെ ദൃശ്യത, സ്വാധീനം, പങ്ക് എന്നിവ ശക്തിപ്പെടുത്താനുള്ള ഐസിഎയുടെ 2026–2030 തന്ത്രത്തിന്റെ വിജയത്തിന് സഹകരണമൂല്യങ്ങളിലുംസാംസ്കാരികസംരക്ഷണത്തിലുമുള്ള അദ്ദേഹത്തിന്റെ സമർപ്പണവും കീഴ്ത്തലനേതൃത്വപാടവവും സഹായകമാകുമെന്നും സമ്മേളനം പ്രതീക്ഷ പ്രകടിപ്പിച്ചു.
സഹകരണ സാംസ്കാരിക പൈതൃകത്തിനായുള്ള ഐസിഎ വർക്കിംഗ് ഗ്രൂപ്പാണ് (WG-CCH) ശില്പശാല സംഘടിപ്പിച്ചത്. ‘മാനവികതയുടെ അമൂർത്തമായ സാംസ്കാരിക പൈതൃക’ത്തിന്റെ ഭാഗമായി 2016-ൽ യുനെസ്കോ ഔദ്യോഗികമായി അംഗീകരിച്ച ‘സഹകരണ സാംസ്കാരിക പൈതൃക സംരക്ഷണ’ത്തിനുള്ള ആഗോളസംവാദവും പ്രവർത്തനവും മുന്നോട്ടുകൊണ്ടുപോകാനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കാനായിരുന്നു ശില്പശാല.
ലോകത്തെ 25-ത്തോളം പ്രധാനപ്പെട്ട സഹകരണ പൈതൃക സ്ഥലങ്ങൾ കണ്ടെത്തി മാപ്പ് ചെയ്ത് അംഗീകരിക്കൽ, സഹകരണ സാംസ്കാരിക പൈതൃകത്തിനായി അന്തർദേശീയനിലവാരങ്ങൾക്കു രൂപം നല്കുകയും സർട്ടിഫിക്കേഷൻ സമ്പ്രദായങ്ങൾ ആവിഷ്ക്കരിക്കുകയും ചെയ്യുക, സാംസ്കാരിക, വികസന രംഗങ്ങളിലെ സഹകരണമേഖലയുടെ പങ്ക് ലോകത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള ആഗോളകാമ്പെയിനിനു തുടക്കം കുറിക്കുക എന്നിവയാണ് ഡബ്ല്യുജി-സിസിഎച്ഛിന്റെ മൂന്നു പ്രധാന ദൗത്യങ്ങൾ.
ഐക്യരാഷ്ട്രസഭയുടെ ‘സുസ്ഥിരവികസനലക്ഷ്യങ്ങ’(SDGs)ളുമായി യോജിക്കുന്ന സഹകരണസംരംഭങ്ങൾക്കുള്ള പൊതുവേദിയായ രാജ്യാന്തര സഹകരണ സംരംഭകത്വ പര്യാലോചനാസമിതി (ICETT) യുടെ പ്രവർത്തനങ്ങളും ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. മ്യൂസിയം സന്ദർശനങ്ങൾ, പ്രാദേശിക സഹകരണ സംഘടനകളുമായുള്ള ചർച്ചകൾ, വിഷയാധിഷ്ഠിതസെമിനാറുകൾ എന്നിവയും നടന്നു. സഹകരണസ്ഥാപനങ്ങൾ വികസനസംരംഭങ്ങൾക്കപ്പുറം സംസ്കാരത്തിന്റെയും ചരിത്രത്തിന്റെയും സുസ്ഥിരവികസനത്തിന്റെയും സംരക്ഷകരാണ് എന്ന സന്ദേശം നല്കി ആഘോഷങ്ങൾ സമാപിച്ചു.
