സംസ്ഥാനത്തെ ഐ.ടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ ജര്‍മ്മന്‍ സംഘം ടെക്നോപാര്‍ക്കില്‍.

സി.ഡി. സുനീഷ്


തിരുവനന്തപുരം: കേരളത്തിന്‍റെ ഐടി മേഖലയുമായി സഹകരണം ശക്തമാക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് ടെക്നോപാര്‍ക്ക് സന്ദര്‍ശിച്ച ഉന്നതതല ജര്‍മ്മന്‍ പ്രതിനിധി സംഘം. ക്യാമ്പസിന്‍റെ ശേഷിവികസന സൗകര്യങ്ങളുമായും നൈപുണ്യ പരിശീലന മാതൃകകളുമായാണ് സഹകരണത്തിന് സംഘം ആഭിമുഖ്യം പ്രകടമാക്കിയത്.



സംസ്ഥാനത്തെ ഐടി ഇക്കോസിസ്റ്റത്തില്‍ ആകൃഷ്ടരായ 28 അംഗ പ്രതിനിധി സംഘവുമായി ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട) ആശയവിനിമയം നടത്തി. സംസ്ഥാനത്തെ ഐടി ആവാസവ്യവസ്ഥയുടെ സവിശേഷതകളെക്കുറിച്ചും ടെക്നോപാര്‍ക്കിന്‍റെ നേട്ടങ്ങളെ സംബന്ധിച്ചും അദ്ദേഹം വിശദീകരിച്ചു.


സാങ്കേതികവിദ്യയും പരിസ്ഥിതിയും സമന്വയിപ്പിച്ചുള്ള വളര്‍ച്ചയ്ക്കാണ് ടെക്നോപാര്‍ക്ക് മുന്‍ഗണന നല്‍കുന്നതെന്ന് സഞ്ജീവ് നായര്‍ പറഞ്ഞു.


സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്ന ശക്തമായ ഐടി ആവാസവ്യവസ്ഥ, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത, ടാലന്‍റ് പൂള്‍, കണക്റ്റിവിറ്റി എന്നിവയാല്‍ തിരുവനന്തപുരം സമ്പന്നമാണെന്നും സ്റ്റാര്‍ട്ടപ്പുകളുമായും കമ്പനികളുമായും സഹകരിക്കാനുള്ള നിരവധി അവസരങ്ങള്‍ ഇവിടെ ലഭ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ഒന്നാം നിര നഗരങ്ങളെ അപേക്ഷിച്ച് ടെക്നോപാര്‍ക്കിലെ പ്രവര്‍ത്തനച്ചെലവ് 30 ശതമാനത്തോളം കുറവാണെന്നും നിക്ഷേപകരുടെ എല്ലാ ആവശ്യങ്ങളും ഏകോപിപ്പിച്ച് നല്‍കുന്നതിന് തങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം നല്‍കുന്ന അവസരങ്ങളെക്കുറിച്ചും സഹകരണ സാധ്യതകളെക്കുറിച്ചും പ്രതിനിധി സംഘം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സിഇഒ മറുപടി നല്‍കി.


ഇന്ത്യയിലെ ജര്‍മ്മന്‍ കോണ്‍സല്‍ ജനറല്‍ അഹിം ബുര്‍ക്കാര്‍ട്ട് നയിച്ച പ്രതിനിധി സംഘത്തില്‍ ഡീപ്ടെക് സ്റ്റാര്‍ട്ട്പ്പുകള്‍, ഇ-കൊമേഴ്സ്, ഫാര്‍മസി, ഓട്ടോമോട്ടീവ്, മാനുഫാക്ചറിംഗ്, ടൂറിസം, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഷുറന്‍സ്, നഴ്സിംഗ്, കിച്ചന്‍ സൊല്യൂഷന്‍സ്, എനര്‍ജി മാനേജ്മമെന്‍റ് സിസ്റ്റം, സ്കില്ലിംഗ്, എഐ, സ്ട്രാറ്റജിക് ഗൈഡന്‍സ് ആന്‍ഡ് അക്കാദമിക് ടീച്ചിംഗ്, ബ്ലോക്ക് ചെയിന്‍, പ്രിന്‍റിംഗ്, പാക്കേജിംഗ് തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെട്ടിരുന്നു.


അഫിനിസ് എജിയുടെ സ്ഥാപകന്‍ മാനുവല്‍ ബിഷോഫ്, ഐഎച്ച്കെ കാള്‍സ്റൂഹെ കണ്‍സള്‍ട്ടന്‍റ് മാനുവല്‍ ന്യൂമാന്‍, ഹാന്‍ഡ്സ് ഓണ്‍ സൊല്യൂഷന്‍ സിഇഒ ബെര്‍ണാര്‍ഡ് ക്രീഗര്‍, പ്രോസസ് ഒപ്റ്റിമൈസേഷന്‍ ആന്‍ഡ് എഞ്ചിനീയറിംഗ് ഹെഡ് ക്രിസ്റ്റ്യന്‍ എസ്റ്റെര്‍ലെ, മൈക്കിള്‍ കോച്ച് മാനേജിംഗ് ഓണര്‍ മൈക്കിള്‍ കോച്ച്, ട്രാന്‍സ്പോര്‍ട്ട് ബെറ്റ്സ് ലോജിസ്റ്റിക്സ് കീ അക്കൗണ്ട് മാനേജര്‍ നഡ്ജ ക്രുഗ് തുടങ്ങിയവര്‍ പ്രതിനിധി സംഘത്തില്‍ ഉള്‍പ്പെട്ടവരാണ്.


ടെക്നോപാര്‍ക്കിലെ ഫേസ് 3 ക്യാമ്പസിലുള്ള അലയന്‍സ് സര്‍വീസസ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു.


ടെക്നോപാര്‍ക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് (മാര്‍ക്കറ്റിംഗ്, കസ്റ്റമര്‍ റിലേഷന്‍ഷിപ്പ്) വസന്ത് വരദ, അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് (അഡ്മിനിസ്ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്) അഭിലാഷ് ഡി എസ്, സംസ്ഥാന സര്‍ക്കാരിന്‍റെ ഹൈ പവര്‍ ഐടി കമ്മിറ്റിയിലെ ഐടി സ്ട്രാറ്റജിസ്റ്റുകളായ വിഷ്ണു വി നായര്‍, പ്രജീത് പ്രഭാകരന്‍ എന്നിവരും സന്നിഹിതരായിരുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like