വാര്‍ധക്യ, വിധവാ, ഭിന്നശേഷി പെന്‍ഷനില്‍ 200 മുതൽ 500 രൂപയുടെ വരെ കുറവുണ്ടാകും; കേന്ദ്രവിഹിതം ഇനി നേരിട്ട് മാത്രം

തിരുവനന്തപുരം: കേന്ദ്ര വിഹിതം സംസ്ഥാന സർക്കാര്‍ വഴി നൽകേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഒരു വിഭാഗം ആളുകൾക്ക് ഇത്തവണ ക്ഷേമപെൻഷൻ തികച്ച് കിട്ടില്ല. നിലവിൽ സര്‍ക്കാര്‍ നൽകുന്ന 1600 രൂപയിൽ പല വിഭാഗങ്ങളിലായി 200 മുതൽ 500 രൂപയുടെ വരെ കുറവാണ് ഉണ്ടാകുക. അമ്പത് ലക്ഷത്തോളം പേര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പെൻഷൻ നൽകുമ്പോൾ അതിൽ 4.7 ലക്ഷം പേര്‍ക്ക് മാത്രം നൽകുന്ന കേന്ദ്ര വിഹിതമാകട്ടെ രണ്ട് വര്‍ഷമായി കുടിശികയുമാണ്. 

വാര്‍ധക്യ വിധവാ ഭിന്നശേഷി വിഭാഗങ്ങളിലെ  നാല് ലക്ഷത്തി ഏഴായിരം പേര്‍ക്കള്ള പെൻഷൻ തുകയിലാണ് കേന്ദ്ര വിഹിതമുള്ളത്. വിവിധ വിഭാഗങ്ങളിലായി 200 രൂപ മുതൽ 500 രൂപവരെയാണ് കേന്ദ്രം പെൻഷൻ വിഹിതമായി നൽകുന്നത്. കേന്ദ്രം നൽകേണ്ട തുക കൂടി ഉൾപ്പെടുത്തി 1600 രൂപ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ നൽകിയെങ്കിൽ ഇത്തവണ അതിൽ കുറവുണ്ടാകും. അതായത് കേന്ദ്ര വിഹിതം കൂടി പെൻഷൻ തുകയിൽ ഉൾപ്പെടുന്ന വിഭാഗത്തിന് ഇത്തവണ കയ്യിൽ കിട്ടുന്ന കാശിൽ 200 മുതൽ 500 രൂപ വരെ കുറവ് വരും.  

പ്രതിവര്‍ഷം 11000 കോടി സംസ്ഥാന സര്‍ക്കാര്‍ ക്ഷേമ പെൻഷന് നൽകുമ്പോൾ കേന്ദ്രം നൽകേണ്ടത് 360 കോടി. രണ്ട് വര്‍ഷമായി ഈ തുക കുടിശികയാണെന്നാണ് ധനവകുപ്പ് പറയുന്നത്. കുടിശിക തീര്‍ത്ത് നൽകണമെന്ന് കേന്ദ്രത്തോട് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നതിനിടെയാണ് ഇനി മുതൽ സംസ്ഥാന സര്‍ക്കാര്‍ വഴി പെൻഷൻ വിഹിതം നൽകേണ്ടതില്ലെന്ന കേന്ദ്ര തീരുമാനം വന്നത്. പകരം കേന്ദ്ര വിഹിതം നേരിട്ട് പെൻഷൻകാരുടെ അക്കൗണ്ടിലേക്ക്എത്തും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like