യുവാക്കൾക്കായി ദേശീയ ‘കോ-ഓപ് പിച്ച് 2024’ ഒക്ടോബറിൽ കോഴിക്കോട്

 യു.എൽ.സി.സിഎസ്, ശതാബ്ദിയാഘോഷത്തിന്റെ ഭാഗം; രജിസ്ട്രേഷൻ ഓഗസ്റ്റ് 15 വരെ.

കോഴിക്കോട്: ഏഷ്യയിലെ ഏറ്റവും വലിയ തൊഴിൽക്കരാർ സഹകരണസംഘമായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും (യുഎൽസിസിഎസ്)  ഐസിഎ ഡോമസ് ട്രസ്റ്റും (ഐഡിടി) മൂന്നു ദിവസത്തെ ദേശീയ ‘കോപ് പിച്ച് 2024’ സംഘടിപ്പിക്കുന്നു. യുഎൽസിസിഎസിന്റെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായ പരിപാടി 2024 ഒക്ടോബർ 16 മുതൽ 18 വരെ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (ഐഐഎം-കെ) നടക്കും. യുവജനങ്ങൾക്കിടയിൽ സഹകരണസംരംഭകത്വം പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശിച്ചു സംഘടിപ്പിക്കുന്ന മത്സരം ഉൾപ്പെടെയുള്ള പരിപാടിയിൽ ഐഐഎം-കെ, ടിങ്കർഹബ് എന്നിവയും പങ്കുചേരും.


യുവാക്കൾക്ക് സഹകരണസംരംഭകത്വം അതിന്റെ തത്വങ്ങൾ, സമ്പ്രദായങ്ങൾ, സാധ്യതയുള്ള സംരംഭങ്ങൾ എന്നിവയടക്കം പഠിക്കാൻ സഹായിക്കുന്ന ചലനാത്മക വേദി ഒരുക്കുമാറാണ് കോപ് പിച്ച് 2024 വിഭാവനം ചെയ്തിട്ടുള്ളത്. കൂട്ടായ സംരംഭകത്വത്തിനും നൂതന ബിസിനസ്സ് ആശയങ്ങൾക്കും ഊന്നൽ നൽകുന്ന പ്രായോഗികപ്രവർത്തനങ്ങൾ മൂന്നുദിവസത്തെ പരിപാടിയിൽ ഉണ്ടാകും. ലക്ഷ്യങ്ങളിൽ ഊന്നിയുള്ള വർക്ക് ഷോപ്പുകൾ, ശേഷി വർദ്ധിപ്പിക്കുന്ന സെഷനുകൾ, തുടർച്ചയായ മാർഗ്ഗനിർദ്ദേശം, മെന്റോർഷിപ് എന്നിവയും ഇതിന്റെ ഭാഗമാണ്.


അഗ്രി-ടെക്, സേഫ് ഫുഡ്: കൃഷിയിലെയും ഭക്ഷ്യസുരക്ഷയിലെയും പുതുമകൾ, കെയർ ഇക്കോണമി ആൻഡ് സോഷ്യൽ സെക്ടർ: സാമൂഹിക പരിപാലനത്തിനും ക്ഷേമത്തിനുമുള്ള സഹകരണപരിഹാരങ്ങൾ, പ്ലാറ്റ്ഫോം സഹകരണങ്ങൾ: സഹകരണസംഘങ്ങളായി പ്രവർത്തിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ, സുസ്ഥിരതയും ഹരിതസമ്പദ്വ്യവസ്ഥയും: പരിസ്ഥിതിസൗഹൃദ ബിസിനസ്സ് മോഡലുകൾ, വിദ്യാഭ്യാസവും നൈപുണ്യവികസനവും എന്നിവയുൾപ്പെടെ നിരവധി നിർണ്ണായകവിഷയങ്ങൾ മത്സരത്തിൽ ഉണ്ടാകും.


വർക്ക്ഷോപ്പുകൾക്കും സെഷനുകൾക്കും അപ്പുറം, മികച്ച ഫൈനലിസ്റ്റ് ടീമുകൾക്ക് ഗ്രാന്റ് പണവും മത്സരവേളയിൽ അവർ സൃഷ്ടിക്കുന്ന ആശയങ്ങൾ സഹകരണസംരംഭങ്ങളായി വികസിപ്പിക്കാൻ വേണ്ട വിഭവങ്ങളും മാർഗ്ഗനിർദ്ദേശവും ഉറപ്പാക്കുന്ന ഒരു വർഷത്തെ മെന്റോർഷിപ്പും നൽകും. താൽപ്പര്യമുള്ള യുവസംരംഭകർക്ക് 2024 ഓഗസ്റ്റ് 15-നുമുമ്പ് https://idt.coop/coop-pitch/registration/ വഴി രജിസ്റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക്: https://idt.coop/coop-pitch/

Author

Varsha Giri

No description...

You May Also Like