ശബരിമല വിമാനത്താവളം 2028ല്‍ കമ്മിഷന്‍ ചെയ്യും: മന്ത്രി വി എന്‍ വാസവന്‍
- Posted on August 18, 2025
- News
- By Goutham prakash
- 95 Views
സി.ഡി. സുനീഷ്
ശബരിമല വിമാനത്താവളം 2028 ല്‍ കമ്മിഷന്‍ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം സംഘാടക സമിതി യോഗം പമ്പയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
1300 കോടിയുടെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. ശബരിമല വിമാനത്താവളം, റെയില്‍പാതയടക്കമുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായും മന്ത്രി യോഗത്തെ അറിയിച്ചു. ശബരിമലയുടെ പ്രശസ്തി വ്യാപിപ്പിക്കുന്നതിന് ലക്ഷ്യമിട്ടാണ് സര്‍ക്കാരും ദേവസ്വം ബോര്‍ഡും സംയുക്തമായി ആഗോള അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്. എല്ലാവരെയും പങ്കെടുപ്പിച്ച് സുതാര്യമായാണ് സംഗമം സംഘടിപ്പിക്കുന്നത്. ഭക്തരുടെ താല്‍പര്യം സംരക്ഷിച്ച് ആചാരഅനുഷ്ഠാനം പാലിക്കും.
തന്ത്രിയുടേതടക്കം അഭിപ്രായം സ്വീകരിക്കും. സെപ്തംബര്‍ 20ന് പമ്പ തീരത്താണ് സംഗമം. വിവിധ രാജ്യങ്ങളില്‍ നിന്നായി 3000 പ്രതിനിധികള്‍ അണിചേരും. മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, കേന്ദ്ര മന്ത്രിമാര്‍ പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും പ്രതിനിധികളെ പങ്കെടുപ്പിച്ച് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നത്.
ലോകമെങ്ങുമുള്ള അയ്യപ്പന്‍മാരെ കേള്‍ക്കാനുള്ള അവസരമാണിത്. ഇതിനായി പത്തനംതിട്ട നഗരം കേന്ദ്രീകരിച്ച് ജില്ലാ ഭരണകൂടത്തിന്‍ കീഴില്‍ പ്രധാന സ്വാഗത സംഘം ഓഫീസ് തുറക്കും. പമ്പ, പെരുനാട്, സീതത്തോട് എന്നിവിടങ്ങളിലും സ്വാഗതസംഘം ഓഫീസുണ്ടാകും. പ്രതിനിധികളെ സ്വീകരിക്കാന്‍ കെ എസ് ആര്‍ ടി സി സൗകര്യം ഏര്‍പ്പെടുത്തും. ജില്ലയില്‍ വിവിധ സ്ഥലങ്ങളിലാകും താമസസൗകര്യം. പ്രതിനിധികള്‍ക്ക് ദര്‍ശനത്തിനുള്ള അവസരം ഒരുക്കും. പമ്പയിലടക്കമുള്ള ആശുപത്രികളില്‍ ആധുനിക ചികത്സ സൗകര്യം ഉറപ്പാക്കും.
ഹില്‍ ടോപ്പിലാകും വാഹനങ്ങളുടെ പാര്‍ക്കിംഗ്. സന്നദ്ധ സംഘടനകളുടെ സേവനമടക്കം ശുചീകരണ പ്രവര്‍ത്തനത്തില്‍ ഉപയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.
