ചന്ദ്രനില്‍ ആദ്യ ഇന്ത്യാക്കാരന്‍ 2040നകം ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍

 ദൗത്യത്തിനായി നാല് വ്യോമസേനാ പൈലറ്റുമാരെ തിരഞ്ഞെടുത്തു

തിരുവനന്തപുരം: വിജയകരമായ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിനുശേഷം 2040നകം ഇന്ത്യക്കാരെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഐഎസ്ആര്‍ഒ ഊര്‍ജിതപ്പെടുത്തിയതായി ചെയര്‍മാന്‍ എസ്. സോമനാഥ്. ദൗത്യത്തിനായി നാല് വ്യോമസേനാ പൈലറ്റുമാരെ തിരഞ്ഞെടുത്തു. രണ്ടോ മൂന്നോ ബഹിരാകാശ സഞ്ചാരികളെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ (എല്‍ഇഒ അഥവാ ലോവര്‍ എര്‍ത് ഓര്‍ബിറ്റ്) മൂന്നു ദിവസം പാര്‍പ്പിച്ച് സുരക്ഷിതമായി തിരികെ സമുദ്രത്തില്‍ ഇറക്കുന്നതാണ് ഗഗന്‍യാന്‍ പരിപാടിയുടെ അടുത്ത ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. 2024 ലെ മനോരമ ഇയര്‍ബുക്കിനു വേണ്ടി എഴുതിയ പ്രത്യേക ലേഖനത്തിലാണ് എസ് സോമനാഥ് വിവരങ്ങള്‍ പങ്കുവച്ചത്.

വ്യോമസേനയില്‍നിന്നു നാല് പൈലറ്റുമാരെ ഈ ദൗത്യത്തിനായി തിരഞ്ഞെടുത്തിട്ടുണ്ട്. നിലവില്‍ ബെംഗളൂരുവിലെ ആസ്ട്രനോട്ട് ട്രെയിനിങ് ഫെസിലിറ്റി (എടിഎഫ്) യില്‍ പ്രത്യേക പരിശീലനത്തിലാണിവരെന്നും ബഹിരാകാശ വകുപ്പ് സെക്രട്ടറിയും സ്പേസ് മിഷന്‍ ചെയര്‍മാനും കൂടിയായ അദ്ദേഹം വെളിപ്പെടുത്തി. നിര്‍ണായകവും സങ്കീര്‍ണവുമായ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗഗന്‍യാന്‍റെ ഉദ്ഘാടന ദൗത്യം നടക്കുന്നത്. മനുഷ്യനെ വഹിക്കാന്‍ കഴിയുന്ന പേടകം അഥവാ ഹ്യൂമന്‍ റിലേറ്റഡ് ലോഞ്ച് വെഹിക്കിളാണ് (എച്ച്എല്‍വിഎം 3) ഇതില്‍ പ്രധാനം. ക്രൂ മൊഡ്യൂള്‍, സര്‍വീസ് മൊഡ്യൂള്‍, ജീവന്‍ രക്ഷോപകരണങ്ങള്‍ എന്നിവ അടങ്ങിയതാണിത്. യഥാര്‍ഥ വിക്ഷേപണത്തിനുമുന്‍പ് മനുഷ്യനെക്കൂടാതെയുള്ള ദൗത്യങ്ങള്‍ (ജി 1, ജി 2) വിക്ഷേപിക്കും. ഇന്‍റഗ്രേറ്റഡ് എയര്‍ ഡ്രോപ് ടെസ്റ്റ്, പാഡ് അബോര്‍ട്ട് ടെസ്റ്റ്, ടെസ്റ്റ് വെഹിക്കിള്‍ ഫ്ലൈറ്റ്സ് എന്നിവയാണ് മുന്നോടിയായി നടത്തുന്നത്.

ഭൂമിയിലേതിനു സമാനമായ അന്തരീക്ഷത്തോടെയാണ് ക്രൂ മൊഡ്യൂള്‍ നിര്‍മിച്ചിരിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സഞ്ചാരികള്‍ക്ക് രക്ഷപ്പെടാനുള്ള  ക്രൂ എസ്കേപ് സിസ്റ്റവും ഇതിലുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ 21 ന് ആദ്യ പരീക്ഷണ പേടകം വിജയകരമായി ബംഗാള്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കിയിരുന്നു. കടലില്‍നിന്ന് നാവികസേന ഇതു സുരക്ഷിതമായി വീണ്ടെടുക്കുകയും ചെയ്തു. ഈ പരീക്ഷണം 2025 ല്‍ നടക്കാന്‍ പോകുന്ന വിജയകരമായ ബഹിരാകാശ മനുഷ്യദൗത്യത്തിന് ഏറെ നിര്‍ണായകമായിരുന്നു.

സൗരദൗത്യമായ ആദിത്യ എല്‍ 1 ആണ് ഐഎസ്ആര്‍ഒയുടെ മറ്റൊരു പ്രധാന പദ്ധതി. ലാഗ്റേഞ്ച് പോയിന്‍റ് എന്നറിയപ്പെടുന്ന സുപ്രധാന സ്ഥലം വരെയെത്തി സൂര്യനെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ചാന്ദ്രസൂര്യ ദൗത്യങ്ങളില്‍ ഇന്ത്യയുടെ കഴിവ് തെളിയിക്കുക കൂടിയാണ് ലക്ഷ്യം. തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഏഴ് ശാസ്ത്രീയ ഉപകരണങ്ങളാണ് ആദിത്യ എല്‍ 1ല്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സൗരനേത്രം, സൗരവാതം, സൗരസ്ഫുലിംഗങ്ങള്‍, ഗ്രഹാന്തര കാന്തിക ഇടങ്ങള്‍ എന്നിവയെക്കുറിച്ചാണ് ഇത് പഠനം നടത്തുന്നത്. അഞ്ച് വര്‍ഷമാണ് 2023 സെപ്റ്റംബര്‍ 2 ന് വിക്ഷേപിച്ച ആദിത്യ എല്‍ ഒന്നിന്‍റെ കാലാവധി. 2024 ജനുവരിയോടെ 15 ലക്ഷം കി.മീ സഞ്ചരിച്ച് പേടകം ലാഗ്റേഞ്ച് പോയിന്‍റിലെത്തി ഹാലോ ഭ്രമണപഥത്തിലേക്ക് കടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ ആഗസ്റ്റ് 23 ന് സുരക്ഷിതമായി ഇറങ്ങിയ ചന്ദ്രയാന്‍ മൂന്ന് ദൗത്യം ചരിത്രപരമായ സംഭവമായിരുന്നു. ഇതിന്‍റെ പ്രാധാന്യമുള്‍ക്കൊണ്ടാണ് പ്രധാനമന്ത്രി ആഗസ്റ്റ് 23 ദേശീയ ബഹിരാകാശദിനമായി പ്രഖ്യാപിച്ചത്. 14 ദിവസത്തെ ചാന്ദ്രവാസത്തില്‍ അലുമിനിയം, കാല്‍സ്യം, ഇരുമ്പ്, ക്രോമിയം, ടൈറ്റാനിയം, സള്‍ഫര്‍, മാംഗനീസ്, സിലിക്കോണ്‍, ഓക്സിജന്‍ എന്നിവ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തി. സ്മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍ (എസ്എസ്എല്‍വി), റിയൂസബിള്‍ ലോഞ്ച് വെഹിക്കിള്‍ (ആര്‍എല്‍വി), എക്സ്റേ ആസ്ട്രോണമി മിഷന്‍ അഥവാ എക്സ്പോസാറ്റ് (എക്സ്റേ പോളാരിമീറ്റര്‍ സാറ്റലൈറ്റ്), സ്പേസ് ഡോക്കിങ് എക്സിപെരിമെന്‍റ്, എല്‍ഒഎക്സ് മീഥൈന്‍ എന്‍ജിന്‍ തുടങ്ങിയ സുപ്രധാന പദ്ധതികള്‍ വിവിധ ദശകളിലാണ്.

ഭൂമിയില്‍ നിന്ന് 500 കിമി അകലെയുള്ള ഭ്രമണപഥത്തില്‍ 500 കിലോ വരെ ഭാരമുള്ള പല ഉപഗ്രഹങ്ങള്‍ ഒരേസമയത്ത് എത്തിക്കാന്‍ കഴിയുന്ന വിക്ഷേപണ റോക്കറ്റാണ് എസ്എസ്എല്‍വി. കുറഞ്ഞ അടിസ്ഥാനസൗകര്യത്തില്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപണം നടത്താനാകുമെന്നതാണ് ഇതിന്‍റെ പ്രത്യേകത. ഇതിനകം രണ്ട് പരീക്ഷണ വിക്ഷേപണങ്ങള്‍ നടത്തിക്കഴിഞ്ഞു. ഉടന്‍ തന്നെ ഈ പദ്ധതി പ്രാവര്‍ത്തികമായി നടപ്പാക്കാനൊരുങ്ങുകയാണ്. ബഹിരാകാശത്തെ എക്സറേ ഉറവിടങ്ങളെക്കുറിച്ചറിയാനുള്ള ദൗത്യമാണ് എക്സ്പോസാറ്റ്. 2023-24 ല്‍ വിക്ഷേപണം നിശ്ചയിച്ചിട്ടുള്ള ഇതില്‍ ശാസ്ത്ര ഗവേഷണ ഉപകരണങ്ങളുണ്ടാവും.

സ്പേസ് ഡോക്കിങ് എക്സ്പെരിമെന്‍റ് അത്യാധുനിക ദൗത്യമാണ്. ചേസര്‍ എന്നും ടാര്‍ഗെറ്റെന്നും പേരുള്ള രണ്ട് സാറ്റലൈറ്റുകള്‍ ഒന്നിച്ചാണ് വിക്ഷേപിക്കുന്നത്. ഒരെണ്ണം ഉപരിതലത്തില്‍ ഇറങ്ങാനും മറ്റേത് വിജയകരമായി തിരികെ വരാനും ഉദ്ദേശിച്ചുള്ളതാണ്. 2024 ന്‍റെ മൂന്നാം പാദത്തില്‍ ഇത് വിക്ഷേപിക്കും. ചന്ദ്രയാന്‍ പോലുള്ള ദൗത്യങ്ങളില്‍ ഇതായിരിക്കും ഭാവിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയുടെ സാങ്കേതികവിദ്യ എന്നു പറയാവുന്നതാണ് ലോക്സ് മീഥൈന്‍ (ലിക്വിഡ് ഓക്സിജന്‍ ഓക്സിഡൈസര്‍ ആന്‍ഡ് മീഥൈന്‍ ഫ്യൂവല്‍) ഇന്ധനം അടിസ്ഥാനമാക്കിയുള്ള എന്‍ജിന്‍. ചൊവ്വ പോലുള്ള ഗ്രഹങ്ങളില്‍ പര്യവേഷണം നടത്താന്‍ ഇതിലൂടെ എളുപ്പം സാധിക്കും. മീഥൈന്‍ എന്ന സ്പേസ് ഇന്ധനവും വെള്ളവും കാര്‍ബണ്‍ ഡൈ ഓക്സൈഡും ചേര്‍ന്നാണ് ഇത് രൂപപ്പെടുത്തുന്നത്.

2035 നകം ഭാരതീയ അന്തരീക്ഷ് സ്റ്റേഷന്‍ അഥവാ ബഹിരാകാശനിലയമെന്ന സ്വപ്ന പദ്ധതിക്ക് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്. ശുക്രന്‍റെ ഭ്രമണപഥത്തിലെത്താനും ചൊവ്വയില്‍ ഇറങ്ങാനുമുള്ള ഗ്രഹാന്തരയാത്രകള്‍ക്ക് സഹായിക്കുന്നതിനൊപ്പം ഈ ഉദ്യമം ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ പ്രാധാന്യം വര്‍ധിപ്പിക്കുകയും ചെയ്യുമെന്ന് സോമനാഥ് പറഞ്ഞു.


Author
No Image
Journalist

Dency Dominic

No description...

You May Also Like