*വിനൂപ് മനോഹരന് രണ്ടാം അർദ്ധ സെഞ്ച്വറി
- Posted on August 31, 2025
- News
- By Goutham prakash
- 94 Views
*സി.ഡി. സുനീഷ്*
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (കെ.സി.എൽ) കൊച്ചി ബ്ലൂടൈഗേഴ്സിൻ്റെ വിനൂപ് മനോഹരന് തകർപ്പൻ അർദ്ധ സെഞ്ച്വറി. തൃശൂർ ടൈറ്റൻസിനെതിരായ നിർണായക മത്സരത്തിൽ 33 പന്തിൽ നിന്നാണ് വിനൂപ് സീസണിലെ തന്റെ രണ്ടാമത്തെ അർദ്ധ സെഞ്ച്വറി സ്വന്തമാക്കിയത്.രണ്ട് ബൗണ്ടറികളുടെയും ആറ് കൂറ്റൻ സിക്സറുകളുടെയും അകമ്പടിയോടെ 42 പന്തിൽ 65 റൺസാണ് വിനൂപ് നേടിയത്. ആലപ്പി റിപ്പിൾസിനെതിരെയുള്ള മത്സരത്തിലായിരുന്നു വിനൂപിന്റെ ആദ്യ ഫിഫ്റ്റി. 31 പന്തിൽ 66 റൺസാണ് ആലപ്പിക്കെതിരെ വിനൂപ് നേടിയത്.
ആലപ്പുഴ സ്വദേശിയായ വിനൂപ് മനോഹരൻ കഴിഞ്ഞ ഏഴ് വർഷങ്ങളായി കേരളടീമിലുണ്ട്. വലംകൈയ്യൻ ബാറ്റിംഗിലും ഓഫ് സ്പിൻ ബൗളിംഗിലും ഒരുപോലെ മികവ് കാട്ടുന്ന വിനൂപ്, ഓൾ റൗണ്ടറാണ്. 2011-12ലെ വിജയ് ഹസാരെ ട്രോഫിയിലൂടെയാണ് കരിയറിന് തുടക്കം കുറിച്ചത്. എറണാകുളം ജില്ലയെ പ്രതിനിധീകരിക്കുന്ന ഈ ആലപ്പുഴക്കാരൻ സ്വാൻഡൻസ് സി.സി., സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ടീമുകൾക്കായും മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുണ്ട്. എസ്.ബി.ഐ ബാങ്ക് ജീവനക്കാരനാണ് വിനൂപ് മനോഹരൻ.
