സുസ്ഥിരതാ പഠനത്തിനായി മാലിദ്വീപ് സർവകലാശാലാസംഘം കുസാറ്റിൽ.
- Posted on May 01, 2025
- News
- By Goutham prakash
- 191 Views
കൊച്ചി: സുസ്ഥിരതാ പഠനങ്ങൾ നടത്തുന്നതിനായി ഒരാഴ്ചത്തെ സന്ദർശനത്തിന്റെ ഭാഗമായി മാലിദ്വീപ് ദേശീയ സർവകലാശാലയിൽ (എംഎൻയു) നിന്നുള്ള 16 അംഗ പ്രതിനിധി സംഘം കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) എത്തി. ലോകത്തിലെ ആദ്യത്തെ പൂർണ്ണ സൗരോർജ്ജ വിമാനത്താവളമായ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) സന്ദർശിച്ച എംഎൻയുവിലെ ആർട്‌സ് ഫാക്കൽറ്റിയിലെ വിദ്യാർത്ഥികളുടെയും ഫാക്കൽറ്റിയുടെയും സംഘം കൊച്ചി നഗരത്തിലെ സുസ്ഥിര വികസന സംരംഭങ്ങളിൽ പഠനം നടത്തും.
കുസാറ്റിൽ രജിസ്ട്രാർ ഡോ. എ.യു. അരുണിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടീമിന് സ്വീകരണം നൽകി. എംഎൻയുവിൽ നിന്നുള്ള ഡോ. അലി ഷമീം, റാണ വഹീദ്, ഇസ്മായിൽ ഹംദൂൺ, അമിനിത് നഹുസ, അലി ജിന, ഇബ്രാഹിം റിസ, ഐദ ഹമ്മദ്, കുസാറ്റ് ഇൻ്റർനാഷണൽ റിലേഷൻസ് ഡയറക്ടർ ഡോ.ഹരീഷ് എൻ രാമനാഥൻ എന്നിവർ ചടങ്ങിൽ വിഷയാവതരണം നടത്തി. മാലിദ്വീപിൻ്റെ പൈതൃകത്തെയും സംസ്‌കാരത്തെയും കുറിച്ചുള്ള പരിപാടികളും ചടങ്ങിന്റെ ഭാഗമായി. സെൻ്റർ ഫോർ സയൻസ് ഇൻ സൊസൈറ്റി (C-SiS), കുഞ്ഞാലി മരക്കാർ സ്കൂൾ ഓഫ് മറൈൻ എഞ്ചിനീയറിംഗ്, തൃക്കാക്കര ക്യാംപസ് എന്നിവ മാലിദ്വീപ് സർവകലാശാലാ സംഘം സന്ദർശിച്ചു.
കൊച്ചി കോർപ്പറേഷന്റെ നഗരവികസനം, ഭരണം, പരിസ്ഥിതി, സംസ്കാരം, പൈതൃകം എന്നീ മേഖലകളിലെ ആർ ആൻഡ് ഡി വിഭാഗമായ സെന്റർ ഫോർ ഹെറിറ്റേജ്, എൻവയോൺമെന്റ് ആൻഡ് ഡെവലപ്‌മെന്റ് (CHED) ഡയറക്ടർ ഡോ. രാജൻ ബുധനാഴ്ച പ്രതിനിധി സംഘത്തെ അഭിസംബോധന ചെയ്യും. കോർപ്പറേഷൻ നടത്തുന്ന സുസ്ഥിര വികസന പദ്ധതികൾ നേരിട്ട് കാണാൻ ഇവർക്ക് അവസരമൊരുക്കുകയു ചെയ്യും.
വെള്ളിയാഴ്ച, മാലിദ്വീപ് പ്രതിനിധി സംഘം കൊച്ചിയിലെ പ്രശസ്തമായ സുസ്ഥിര പദ്ധതിയായ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര നടത്തുകയും വാട്ടർ മെട്രോ സർവീസിന്റെ സുസ്ഥിര സംരംഭങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്യും.
പ്ലാനറ്റ് എർത്ത് എന്ന എൻജിഒ നടത്തുന്ന കണ്ടൽക്കാടുകളുടെ സംരക്ഷണവും സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യശേഖരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെക്കുറിച്ച് ശനിയാഴ്ച അവർ പഠിക്കുകയും, എൻജിഒയുടെ സുസ്ഥിര പരിസ്ഥിതി സംരംഭങ്ങളെക്കുറിച്ച് വിദഗ്ദ്ധ പ്രഭാഷണത്തിൽ പങ്കെടുക്കുകയും ചെയ്യും. ഞായറാഴ്ച സർവകലാശാലാസംഘം മാലിദ്വീപിലേക്ക് മടങ്ങും.
ഫോട്ടോ: മാലിദ്വീപ് ദേശീയ സർവകലാശാലയിൽ നിന്നുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ.
