പ്ലാസ്റ്റിക് കൂടിലെ കരളും എൻ്റെ കിങ്ങിണിയും എവിടെയാണ്?

നിങ്ങൾ സന്തോഷിക്കുമ്പോൾ  എനിക്ക് സന്തോഷിക്കാനാകുന്നില്ല.


വെള്ളാർമല  ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായിരുന്നു. അവളിന്നുണ്ടായിരുന്നെങ്കിൽ മറ്റുള്ള എല്ലാ വിദ്യാർത്ഥികളെയും പോലെ  പരീക്ഷ കഴിഞ്ഞതിൻ്റെ ആഘോഷം നടത്തിയേനെ ,

അമ്മേ നമ്മുക്ക് വള്ളിയൂർക്കാവിൽ പോണം,

അച്ചാ നമുക്ക് മുഖ്യമന്ത്രിയെയും പ്രിയങ്ക ഗാന്ധിയെയും കാണാൻ കൽപ്പറ്റക്ക്  പോണം, എന്നൊക്കെ പറഞ്ഞേനെ. 


2024 ജൂലായ് പാതിരാവിലെ ഉറക്കത്തിനിടയിലാണ് പുഞ്ചിരിമട്ടത്ത് ഭീകരവും ഭയാനകവുമായ ഉരുൾപൊട്ടലുണ്ടായത്. 


ദുരന്തഭീകരതയിൽ ഉറങ്ങാതിരുന്നവർ കൈകുഞുങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും അലമുറയിട്ട് കരയുന്നവരെയും രക്ഷപ്പെട്ടോടുകയായിരുന്നു.


അക്കൂട്ടത്തിൽ  വെള്ളാർമല സ്കൂളിലെ രണ്ട് കളി കൂട്ടുകാരികളുമുണ്ടായിരുന്നു. പരസ്പരം രക്ഷപ്പെടുത്താൻ ഇരുട്ടിൻ്റെ മറവിലും ഭയാനകമായ മലവെള്ള പാച്ചിലും  ഉഗ്ര ശബ്ദങ്ങൾക്കിടയിലും കൈകൾ കോർത്ത് വെമ്പൽ കൊള്ളുന്ന രണ്ട് പൈതങ്ങൾ.   ശക്തമായ ഉരുളൊഴുക്കിൽ  കൂട്ടുകാരിയുടെ കൈവിട്ട് ഒഴുകി പോയതാണ് കിങ്ങിണി. 


മേപ്പാടിയിൽ ഞാനെത്തുമ്പോൾ എണ്ണി തിട്ടപ്പെടുത്താത്ത , തലയും ഉടലും കൈയ്യും കാലുമൊന്നുമില്ലാത്ത , വെള്ള പുതച്ച കുറേ മൃതദേഹങ്ങൾക്കിടയിൽ ഒരാൾ കിങ്ങിണിയെ തിരയുന്നുണ്ടായിരുന്നു. 


പലരും രാജനെയും രാജമ്മയെയും മമ്മദിനെയും പോക്കറിനെയും  ജോണിയെയും ചിന്നയെയുമൊക്കെ തിരയുന്നുണ്ടായിരുന്നു.


വീണ്ടും അവിടെ നിന്ന് 

ചൂരൽമലയിലേക്ക് പോകുമ്പോൾ പിന്നാലെയും എതിരെയുമായി ചിന്നം വിളിച്ച് ആംബുലൻസുകൾ പായുകയായിരുന്നു. ചൂരൽ മലയിലെത്തിയപ്പോഴും ആദ്യം കേട്ടത് കിങ്ങിണിയെ കിട്ടിയോ എന്ന ചോദ്യമാണ്. 

രക്ഷാപ്രവർത്തകർ, മന്ത്രി, എം.എൽ.എ , കലക്ടർ എസ്.പി. , കൺട്രോൾ റൂം എല്ലാവരോടും ഞാനും ചോദിച്ചു കിങ്ങിണിയെ കിട്ടിയോ?ഏത് കിങ്ങിണി എന്ന് മറുചോദ്യം ചോദിച്ചവരും കിട്ടിയില്ലന്ന് മറുപടി പറഞ്ഞവരുമുണ്ടായി. 


നൊമ്പരങ്ങളുടെയും സഹനങ്ങളുടെയും ആശ്വസിപ്പിക്കാൻ വാക്കുകകളില്ലാത്ത ഇടർച്ചകളുടെയും  കണ്ണീർ വറ്റിയ കരച്ചിലുകൾക്കുമിടയിൽ നിന്ന് 11 ദിവസം ലൈവ് റിപ്പോർട്ടിംഗ്. വാർത്തകളിലെ ഓരോ വാക്കുകൾക്കിടയിലും   രക്ഷാകരങ്ങൾക്കായി യാചിച്ച നീതുവിൻ്റെ ദീന രോദനം കാതുകളിൽ അപ്പോഴും പ്രകമ്പനം കൊള്ളിക്കുന്നുണ്ടായിരുന്നു പുഞ്ചിരി മട്ടത്തേക്ക് ഇഴഞും നിരങ്ങിയും ഞ്ഞെരുങ്ങിയും മലകയറുമ്പോൾ , താഴെ എൻ്റെ കാലുക്കിടിയിലെ പാറക്കൂട്ടങ്ങൾക്കും മരങ്ങൾക്കും മണ്ണിനും ചളിക്കും താഴെ മൃതദേഹങ്ങൾ ഉണ്ടാവാതിരിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. കഡാവർ ഡോഗുകൾ മൃതദേഹങ്ങളുടെ ഗന്ധം മണത്തെടുത്തപ്പോഴും .


അതിനിടയിൽ    രക്ഷാപ്രവർത്തകർ ജീവനോടെയും അല്ലാതെയും ആളുകളെ കണ്ടെത്തുന്നു. മൃതദേഹങ്ങൾ പുറത്തെടുക്കുന്നു. അവ്യക്തിനെയയും  അവന്തികയെയുമെല്ലാം രക്ഷപ്പെടുത്തുന്നു. 

ആശുപത്രിയിലെത്തിക്കുന്നു. ആ ദിവസങ്ങൾക്കിടയിൽ ഒരു ദിവസം പുഞ്ചിരി മട്ടത്ത് നിന്ന് തളർന്നിറങ്ങി വന്നപ്പോൾ , മൺ കൂനകൾക്കിടയിൽ പൂണ്ടു പോയ കാലുകൾ വലിച്ചെടുത്ത് കുഴഞ്ഞ് , കൺട്രോൾ റൂമിലെ ബ്രെഡും കട്ടൻ ചായയും വാങ്ങാൻ  ധൃതിയിൽ പോകുമ്പോഴാണ് ഒരു സന്നദ്ധ പ്രവർത്തകൻ    ഒരു പ്ലാസ്റ്റിക് കവറിൽ എന്തോ ഒരു സാധനം പൊതിഞു കൊണ്ടുവന്ന് കൺട്രോൾ റൂമിൽ ഏൽപ്പിക്കുന്നത്.   ഒരു കൗതുകത്തിനാണ് 

എന്താണതെന്ന് ഞാൻ ചോദിച്ചത്. 


ഒരാളുടെ കരളാണ്, അയാൾ മറുപടി പറഞ്ഞു. 

മനുഷ്യ ശരീരത്തിൻ്റെ പല ഭാഗങ്ങളും പലയിടങ്ങളിൽ നിന്നായി പലപ്പോഴും കിട്ടുന്നുണ്ടായിരുന്നു. 


നെഞ്ചിൽ ഒരു കാളലാണ് ആദ്യമുണ്ടായത്. ഞാനന്വേഷിക്കുന്ന എൻ്റെ കിങ്ങിണിയുടേതായിരിക്കരുതേ. അവൾ ഏതെങ്കിലും ആശുപത്രിയിൽ, ദുരിതാശ്വാസ ക്യാമ്പിൽ, അല്ലങ്കിൽ ബന്ധു വീട്ടിൽ ഉണ്ടന്നറിയാനാണ് ഞാൻ കാത്തിരിക്കുന്നത്. കൂട്ടുകാരിയെ കൈവിട്ട്  ഉരുൾ വെള്ളത്തിലൊലിച്ചു പോയ കിങ്ങിണി , ദാ, രക്ഷപ്പെട്ട് ഇവിടെയുണ്ടന്ന വാർത്ത Exclusive ആയി ചെയ്യാനാണ് ഞാൻ കാത്തിരിക്കുന്നത്.


രക്ഷാപ്രവർത്തനത്തിനിടെ കിട്ടുന്ന അവയവങ്ങൾ ആശുപത്രിയിലും മറ്റ് സാധന സാമഗ്രികൾ കൺട്രോൾ റൂമിൽ രേഖപ്പെടുത്തി , ജില്ലാ ഭരണ കൂടം സൂക്ഷിക്കുകയുമാണ് പതിവ് '. (ഈ അവയങ്ങളും കാണാതായവരുടെ ബന്ധുക്കളുടെ രക്ത സാമ്പിളുകളുമെടുത്ത് ഡി.എൻ.എ പരിശോധന നടത്തിയാണ് തിരിച്ചറിയാതെ സൂക്ഷിച്ചതും സംസ്കരിച്ചതുമായ  മുതദേഹങ്ങൾ തിരിച്ചറിയുന്നത് )

രാജ്യം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടലിൽ ലൈവ് റിപ്പോർട്ടിംഗിനിടെ എൻ്റെ അടുത്ത അന്വേഷണത്തിലൊന്ന് ആ കരൾ ആരുടേതാണന്നതായിരുന്നു. 


എല്ലാ ദിവസവും രക്ഷപ്രവർത്തകരെ പ്രത്യേകിച്ച് ഫയർ ഫോഴ്സിലെ സുഹൃത്തുക്കളായ  ഉദ്യോഗസ്ഥരെ വിളിച്ച്  പുതിയ വിവരങ്ങൾ ചോദിക്കുമായിരുന്നു. ഒരു ദിവസം  ഫോണിൽ അങ്ങേ തലക്കൽ നിന്നൊരു മറുപടി വന്നു, ഷിബൂ , ഇന്നൊരു കൈപ്പത്തി കിട്ടി, അതൊരു കുട്ടിയുടേതാണ് ? പെട്ടെന്ന് കിങ്ങിണിയെ ഓർമ്മവന്നു, ആൺകുട്ടിയേടേ തോ?  പെൺക്കുട്ടിയുടേതോ? തിരിച്ചറിയാനികുന്നില്ലന്നായിരുന്നു മറുപടി. അതും എൻ്റെ കിങ്ങിണിയുടേതായിരിക്കരുത്. ഞാൻ പ്രാർത്ഥിച്ചു.


ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നുപോയി . പുത്തുമലയിലെ  പൊതുശ്മശാനത്തിൽ നൂറ് കണക്കിന് തിരിച്ചറിയാത്തവർക്കൊപ്പം, പിന്നീട് തിരിച്ചറിഞ്ഞ അവർക്കൊപ്പം അന്തിയുറങ്ങുന്ന മൂന്ന് ചുണക്കുട്ടൻമാരുടെ കല്ലറക്കരികിൽ ദിവസവും  കിൻ്റർ ജോയിയും കിറ്റ് കാറ്റും ചോക്ലേറ്റുമൊക്കെയായി വരുന്ന മാതാപിതാക്കളെ തേടി ആ പുത്തുമലയിലെത്തിയപ്പോഴും ഇല്ല, കിങ്ങിണി മരിച്ചിട്ടുണ്ടാവില്ല. എന്ന് മനസ്സിൻ പറഞ്ഞു കൊണ്ട് തിരഞ്ഞു എവിടെയും കിങ്ങിണിയെ കണ്ടില്ല. 


കാലം കഴിഞ്ഞു, നാളെ ടൗൺഷിപ്പിന് തറക്കല്ലിടുന്നതിൻ്റെ സന്തോഷത്തിലാണല്ലാവരും . അതിനിടയിൽ സങ്കടങ്ങളുമായി കലക്ട്രേറ്റിലെത്തിയവരോടും ചോദിച്ചു.  കിങ്ങിണിയെ അറിയുമോ?  അവൾ എവിടെയെങ്കിലും വാടക വീട്ടിലുണ്ടാകുമോ?

ഉത്തരമില്ല. ഒടുവിൽ ഒരാൾ കലക്ടറുടെ വാഹനെ ചാരി എന്നോട് ഒരാൾ വന്ന് ചോദിച്ചു? നിങ്ങളാണോ കിങ്ങിണിയെ അന്വേഷിച്ചത്. ?


ആശ്വാസത്തോടെ, 

അത്യാഹ്ലാദത്തോടെ 


അതെ എന്നുത്തരം പറഞ്ഞു.

"

, അവൾ മരിച്ചു, കിങ്ങിണി മരിച്ചു, അന്നാ ഒഴുക്കിൽപ്പെട്ട് മരിച്ചു. ബോഡി കിട്ടി അടക്കി. 


എൻ്റെ മകൾക്കൊപ്പമായിരുന്നു പഠിച്ചത് , മകളുടെ കൂട്ടുകാരിയായിരുന്നു. കിങ്ങിണിയുണ്ടായിരുന്നെങ്കിൽ ഇന്ന് അഞ്ചാം ക്ലാസ്സിലെ പരീക്ഷ കഴിയുമായിരുന്നു" ഒറ്റ ശ്വാസത്തിലാണ് അയാൾ എല്ലാം പറഞ്ഞവസാനിച്ചത്.


ഇനി ഒരാഗ്രഹമെ എനിക്കുള്ളൂ. 


സ്വർഗ്ഗത്തിൽ,

ദൈവത്തിൻ്റെ

വലതു ഭാഗത്തിരിക്കുന്ന കിങ്ങിണിയുടെ ഒരു ഫോട്ടോയെങ്കിലും കണ്ടെത്തണം. എങ്കിലും ആ വെള്ള പ്ലാസ്റ്റിക് കവറിലെ കരൾ ആരുടേതായിരിക്കും? ഇനിയും തിരിച്ചറിയാത്തവരുടേതോ?

അതോ ഇനിയും കാണാമറയത്തുള്ളവരുടെയോ?


ടൗൺഷിപ്പെന്ന,

 ഈ ആഹ്ലാദ നിമിഷത്തിൽ ഞാനെങ്ങനെ സങ്കടപ്പെടാതിരിക്കും? 


എല്ലാ ദുരിത ബാധിതരുടെയും നൊമ്പരങ്ങളിൽ ഞാനും പങ്കു ചേരുന്നു.


സി.വി.ഷിബു

Author
Citizen Journalist

Goutham prakash

No description...

You May Also Like