സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും റവന്യൂവരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്
- Posted on March 05, 2025
- News
- By Goutham prakash
- 95 Views
2024-2025 സാമ്പത്തിക വർഷത്തിലെ 11 മാസം പിന്നിട്ടുമ്പോൾ വരുമാനം 5000 കോടി കടന്ന് രജിസ്‌ട്രേഷൻ വകുപ്പ്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലും വകുപ്പിന് ഫെബ്രുവരി മാസം കഴിഞ്ഞപ്പോൾ 5013.67 കോടിരൂപ വരുമാനം ലഭിച്ചു. ആധാരങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം ഫെബ്രുവരി മാസം വരെ 8,06,770 ആധാരങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതിലൂടെ 4,667.52 കോടി രൂപ സമാഹരിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ഫെബ്രുവരി വരെ 7,90,436 ആധാരങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ നിന്നും 5,013.67 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ ഫ്രെബ്രുവരി വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളുടെ കണക്കു പരിശോധിക്കുമ്പോൾ 16,334 ആധാരങ്ങൾ കുറവുണ്ടായിട്ടുണ്ടെങ്കിൽ തന്നെയും 346.15 കോടി രൂപ അധികമായി സമാഹരിച്ചിട്ടുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരുമാനം 5219.34 കോടി മറികടന്ന് വരുമാനം 5500 കോടിയിൽ കവിയുമെന്ന് പ്രതീക്ഷിക്കുന്നതായി രജിസ്‌ട്രേഷൻ ഇൻസ്പെക്ടർ ജനറൽ ശ്രീധന്യാ സുരേഷ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
