"അരുന്ധതി റോയ് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ നിന്ന് പിന്മാറി.
- Posted on February 14, 2026
- News
- By Goutham prakash
- 26 Views
ഗാസയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ഫെസ്റ്റിവൽ ജൂറി നടത്തിയ പരാമർശങ്ങളിൽ താൻ ഞെട്ടലിലും അസ്വാഭാവികതയിലുമാണെന്ന് അവർ വ്യക്തമാക്കി.
മേളയുടെ ക്ലാസിക് വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട, അവർ തിരക്കഥയെഴുതിയ 1989-ലെ 'ഇൻ വിച്ച് ആനി ഗിവ്സ് ഇറ്റ് ദോസ് വൺസ്' എന്ന സിനിമയുടെ പ്രദർശനത്തിൽ പങ്കെടുക്കേണ്ടതായിരുന്നു അവർ.
ജൂറി പ്രസിഡന്റും ജർമ്മൻ സംവിധായകനുമായ വിം വെൻഡേഴ്‌സും മറ്റ് അംഗങ്ങളും ഒരു വാർത്താ സമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളാണ് വിവാദത്തിന് കാരണമായത്. ചലച്ചിത്ര പ്രവർത്തകർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കണമെന്നും, സിനിമകൾക്ക് ആളുകളെ മാറ്റാൻ കഴിയുമെങ്കിലും രാഷ്ട്രീയ തീരുമാനങ്ങളെ മാറ്റാൻ കഴിയില്ലെന്നും വെൻഡേഴ്‌സ് പ്രസ്താവിച്ചു. കല രാഷ്ട്രീയത്തിന് അതീതമായിരിക്കണം എന്ന് നിർദ്ദേശിക്കുന്നത് മാനവികതയ്‌ക്കെതിരായ കുറ്റകൃത്യങ്ങൾ നടക്കുമ്പോൾ അതിനെക്കുറിച്ചുള്ള സംഭാഷണങ്ങൾ തടയാനുള്ള വഴിയാണെന്ന് അരുന്ധതി റോയ് ഇതിനെ വിമർശിച്ചു.
ഗാസയിൽ നടക്കുന്നത് വംശഹത്യയാണെന്ന് വിശേഷിപ്പിച്ച അരുന്ധതി, ഇസ്രായേലിന്റെ നടപടികൾക്ക് പിന്തുണ നൽകുന്ന ജർമ്മനിയിലെയും അമേരിക്കയിലെയും സർക്കാരുകളെ രൂക്ഷമായി വിമർശിച്ചു.
അക്രമങ്ങൾക്കെതിരെ നിഷ്പക്ഷത പാലിക്കാതെ കലാകാരന്മാരും എഴുത്തുകാരും തങ്ങളുടെ ശബ്ദം ഉയർത്തണമെന്ന് അവർ ഊന്നിപ്പറഞ്ഞു. മുമ്പ് ജർമ്മൻ പ്രേക്ഷകരിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും, രാഷ്ട്രീയ യാഥാർത്ഥ്യങ്ങളെ അവഗണിക്കാൻ ശ്രമിക്കുന്ന ജൂറിയുടെ നിലപാടിനെത്തുടർന്ന് ഇനി മേളയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അവർ വ്യക്തമാക്കി.
ഗാസയിൽ തുടരുന്ന വംശഹത്യയെ കണ്ടില്ലെന്ന് നടിക്കുന്നവരും അതിനെ പിന്തുണയ്ക്കുന്നവരും മനുഷ്യത്വത്തിന് നേരെ വിനാശകരമായ നിലപാടാണ് സ്വീകരിക്കുന്നത്. നിഷ്കളങ്കരായ മനുഷ്യർ കൊല്ലപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നത് ആ ക്രൂരതയിൽ പങ്കാളികളാകുന്നതിന് തുല്യമാണ്. അന്താരാഷ്ട്ര തലത്തിൽ ഇത്തരം അധിനിവേശങ്ങൾക്കും കൂട്ടക്കൊലകൾക്കും എതിരെ നിലകൊള്ളേണ്ട ശക്തികൾ മൗനം പാലിക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്.
ഇന്ത്യയിലെ നിലവിലെ ഫാസിസ്റ്റ് ഭരണകൂട രാഷ്ട്രീയ സാഹചര്യം ഈ വിഷയത്തിൽ വലിയ സഹായമാണ് ചെയ്യുന്നത്. ഹിന്ദുത്വ രാഷ്ട്രീയവും സയണിസവും തമ്മിലുള്ള അവിശുദ്ധ കൂട്ടുക്കെട്ട് ആഗോളതലത്തിൽ തന്നെ വലിയ ആശങ്കകൾക്ക് വഴിമാറുന്നു.
മാനവികതയേക്കാൾ അധികാരത്തിനും വർഗീയതയ്ക്കും ഭീരുത്വം നിറഞ്ഞ സാമ്രാജ്യത്വ ദാസ്യത്തിനും മുൻഗണന നൽകുന്ന ഇത്തരം കൂട്ടുകെട്ടുകൾ ജനാധിപത്യ മൂല്യങ്ങളെയും മനുഷ്യാവകാശങ്ങളെയും അടിച്ചമർത്തുന്നതാണ്.
സംഘഫാസിസ്റ്റ് നാട്ടിൽ നിന്ന് നടു നിവര്‍ത്തി തല ഉയര്‍ത്തി ഗാസയോടൊപ്പം നില കൊള്ളുന്ന പ്രിയപ്പെട്ട അരുന്ധതിയ്ക്ക് അഭിവാദ്യങ്ങൾ!"
