കേരള ഫീഡ്സിന് 621 കോടിയുടെ മൊത്ത വില്‍പ്പന; 44 കോടി രൂപ വര്‍ധന
- Posted on April 19, 2023
- Localnews
- By Goutham Krishna
- 174 Views
തിരുവനന്തപുരം: പൊതുമേഖലാ കാലിത്തീറ്റ ഉത്പാദകരായ കേരള ഫീഡ്സ് 2022-2023 സാമ്പത്തികവര്ഷത്തില്‍ 621 കോടിയുടെ മൊത്തവില്‍പ്പന നേടി. 2021-22 ല്‍ ഇത് 577 കോടിയായിരുന്നു. 44 കോടി രൂപയുടെ വളര്‍ച്ചയാണ് ഇക്കുറി വില്‍പ്പനയില്‍ കേരള ഫീഡ്സ് നേടിയത്. കാലിത്തീറ്റ വിപണിയിലെ മികച്ച സ്വീകാര്യതയുടെ തെളിവാണ് കേരള ഫീഡ്സ് ഉത്പന്നങ്ങള്‍ക്ക് ലഭിച്ച മികച്ച വില്‍പ്പന. കമ്പനിയുടെ അഭിമാന ഉത്പന്നങ്ങളായ കേരള ഫീഡ്സ് മിടുക്കി, എലൈറ്റ്, ഡെയറി റിച്ച് പ്ലസ്, കേരമിന്‍ മിനറല്‍ മിക്സ്ചര്, മില്‍ക്ക് ബൂസ്റ്റര്‍ ആട്, മുയല്‍, കോഴി എന്നിവയ്ക്കുള്ള തീറ്റകളുടെ വില്‍പ്പനയാണ് ഈ വര്‍ഷവും മികച്ച നേട്ടം കൈവരിക്കാന്‍ സഹായിച്ചത്.
ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങളനുസരിച്ചാണ് കേരള ഫീഡ്സ് ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന വലിയ വിലകൊടുക്കേണ്ട ഗുണനിലവാരമില്ലാത്ത കാലിത്തീറ്റയും മറ്റ് ഉത്പന്നങ്ങളും നല്‍കുന്നത് നമ്മുടെ കന്നുകാലിസമ്പത്തിനെ ബാധിച്ചിരുന്നു. ഇതിന് പരിഹാരം കാണാനും കന്നുകാലികളുടെ ആരോഗ്യം സംരക്ഷിക്കാനും കേരള ഫീഡ്സിന്‍റെ ഇടപെടലുകള്‍ സഹായകമായി.
കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത ഉത്പന്നങ്ങളുടെ വില ഉയര്‍ന്നു നിന്നപ്പോഴും കര്‍ഷകര്‍ക്ക് കേരള ഫീഡ്സ് വില കുറച്ചുനല്‍കി. 42 കോടി രൂപയാണ് ഇതിനായുള്ള സബ്സിഡിയിനത്തില്‍ നല്കിയത്.
മൊത്തവരുമാനമായ 621 കോടിയില്‍ 80 ശതമാനവും സമാഹരിച്ചത് പൊതുവിപണിയിലെ വില്‍പ്പനയിലൂടെയാണ്. മൃഗസംരക്ഷണവകുപ്പ്, തദ്ദേശസ്വയംഭരണ വകുപ്പ് തുടങ്ങിയവയുടെ വിവിധ സര്‍ക്കാര്‍ പദ്ധതികളിലൂടെ 20 ശതമാനം തുക സമാഹരിക്കാനായി.
ക്ഷീരകര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന ഏതു പദ്ധതിയ്ക്കും ആവശ്യമായ കാലിത്തീറ്റ നല്‍കാന്‍ കമ്പനി സദാ സന്നദ്ധമാണെന്ന് കേരള ഫീഡ്സ് ചെയര്‍മാന്‍ കെ ശ്രീകുമാര്‍ പറഞ്ഞു.
സുരക്ഷിതമായ പാല്, ആരോഗ്യമുള്ള പശുവെന്ന കേരള ഫീഡ്സിന്‍റെ ആപ്തവാക്യം സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് കേരള ഫീഡ്സ് എംഡി ഡോ. ബി ശ്രീകുമാര്‍ പറഞ്ഞു. ഇത് ക്ഷീരോത്പാദനം കൂട്ടാനും കര്‍ഷകരുടെ ഉത്പാദച്ചെലവ് കുറയ്ക്കാനും സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് യുവകര്‍ഷകരെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള ഘടകമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
നടപ്പു സാമ്പത്തികവര്‍ഷം (2023-24) സര്‍ക്കാരില്‍ നിന്നുള്ള ധനസഹായം കൂടി ഉപയോഗിച്ച് അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത പദാര്‍ത്ഥങ്ങള്‍ സംഭരിക്കാനുള്ള പരിശ്രമത്തിലാണ് കേരള ഫീഡ്സ് . ഇതു വഴി കേരളത്തിലെ ക്ഷീര കര്‍ഷകര്‍ക്ക് ന്യായമായ വിലയ്ക്ക് ഗുണമേന്‍മയുള്ള കാലിത്തീറ്റ സ്ഥിരമായി ലഭ്യമാക്കാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാലിത്തീറ്റനിര്‍മ്മാണത്തിനും മറ്റുമായി 25 ഏക്കറില്‍ ചോളക്കൃഷിയും കേരളഫീഡ്സിന്‍റെ നേതൃത്വത്തില്‍ നടത്തി വരുന്നുണ്ട്.
കൂടുതല്‍ ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ഡീലര്‍മാരെയും സൊസൈറ്റികളെയും സംസ്ഥാനാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും ആദരിക്കുന്ന ചടങ്ങ് മെയ് 30 ന് നടക്കും. ക്ഷീരവികസന മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ നടക്കുന്ന ഈ ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകരെ കേരള ഫീഡ്സിന്‍റെ ബ്രാന്‍ഡ് അമ്പാസിഡറായ ജയറാം ആദരിക്കും.
കേരള ഫീഡ്സിന്‍റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടുപോയോഗിച്ച് നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങളാണ് പോയ വര്‍ഷം നടത്തിയത്. സംസ്ഥാനത്തെ പത്ത് നിയമസഭാമണ്ഡലങ്ങളിലെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ സ്കൂളുകളിലെ 13-17 വയസ്സിനിടയിലുള്ള 15,000 വിദ്യാര്‍ത്ഥിനികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് നല്‍കുന്ന സുരക്ഷിത് പദ്ധതി കേരള ഫീഡ്സ് ആരംഭിച്ചു.
കൂടാതെ കല്ലേറ്റും കരയിലുള്ള കാലിത്തീറ്റ നിര്‍മ്മാണ യൂണിറ്റില്‍ സോളാര്‍ പവ്വര്‍ പ്ലാന്‍റ് സ്ഥാപിക്കാനും പദ്ധതിയുണ്ട്. ഇതു വഴി വൈദ്യുത ചാര്‍ജ്ജിനത്തില്‍ ഗണ്യമായ കുറവ് കമ്പനി പ്രതീക്ഷിക്കുന്നു.
സ്വന്തം ലേഖകൻ