75 ലക്ഷത്തിന് വിറ്റ കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം
- Posted on December 12, 2023
- Localnews
- By Dency Dominic
- 263 Views
1947 ഓഗസ്റ്റ് 15ന് ഇന്ത്യ എന്ന രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ പാക്കിസ്ഥാൻ എന്ന രാജ്യം കൂടി പിറക്കുകയായിരുന്നു
ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങൾക്ക് ഇല്ലാത്ത ഒരു പ്രത്യേക പദവിയും കാശ്മീരിന് ഇനി ഉണ്ടായിരിക്കുകയില്ല എന്ന് സുപ്രീം കോടതി വിധിച്ചിരിക്കുകയാണ്. വിധിയിൽ ഭരണപക്ഷവും പ്രതിപക്ഷവും ഏറ്റുമുട്ടുന്നുണ്ട്. എന്നാൽ 75 ലക്ഷത്തിന് 1846 ൽ ജമ്മുവിന്റെ രാജാവായിരുന്ന ഗുലാബ് സിംഗ്, ഈസ്റ്റ് ഇന്ത്യ കമ്പനിയിൽനിന്ന് വാങ്ങിയ കാശ്മീർ എങ്ങനെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി?
1846 ജമ്മു രാജാവ് ഗുലാബ് സിങ്ങും ഈസ്റ്റ് ഇന്ത്യ കമ്പനിയും തമ്മിൽ അമൃത്സർ കരാർ ഉണ്ടാക്കുകയും 75 ലക്ഷം രൂപയ്ക്ക് രാജാവ് കാശ്മീർ താഴ്വര സ്വന്തമാക്കുകയും ചെയ്തു. സൂഫി പാരമ്പര്യമുള്ള, കാശ്മീരി ഭാഷ സംസാരിക്കുന്ന, മുസ്ലിം ഭൂരിപക്ഷമുള്ള കാശ്മീർ അങ്ങനെ ജമ്മുവിനും ലഡാക്കിനോടും കൂടെ രാജാവിന്റെ കീഴിലായി. എന്നാൽ 1931 അവസാന രാജാവ് ഹാരിസിങ്ങിനെതിരെ ജനം പ്രക്ഷോഭം തുടങ്ങി. 1932ൽ മുസ്ലിം കോൺഫറൻസ് എന്ന സംഘടനയും അവരുടെ നേതാവ് ഷേയ്ഖ് അബ്ദുള്ളയും പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തു. പ്രതിഷേധം ആളിക്കത്തിയതോടെ ഗ്ലാൻസി കമ്മീഷൻ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ഭരണത്തിൽ മുസ്ലിം ജനങ്ങൾക്കും അർഹമായ പരിഗണന നൽകണമെന്ന് നിർദ്ദേശം മുന്നോട്ടുവച്ചു. അതിസമർത്ഥനായ രാജാവ് തുടക്കത്തിൽ നിർദ്ദേശം അംഗീകരിച്ചു. എന്നാൽ 1934ൽ രൂപപ്പെട്ട നിയമസഭയെ രാജാവ് പതുക്കെ ബലഹീനമാക്കാൻ തുടങ്ങി.
പിന്നീട് പ്രശ്നങ്ങൾ പൊട്ടിപ്പുറപ്പെടുന്നത് 1946 ലാണ്. അപ്പോൾ മുസ്ലിം കോൺഫ്രൻസ് എന്ന സംഘടന നാഷണൽ കോൺഫ്രൻസ് എന്ന സംഘടനയായി രൂപാന്തരപ്പെട്ടിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി രാജാവ് ഉണ്ടാക്കിയ അമൃത്സർ കരാർ റദ്ദാക്കണം എന്നതായിരുന്നു പ്രധാനമായ ആവശ്യം. 'ക്വിറ്റ് കാശ്മീർ' എന്നതായിരുന്നു അവരുടെ മുദ്രാവാക്യം. 1947 ഓഗസ്റ്റ് 15ന് ഇന്ത്യ എന്ന രാജ്യം സ്വാതന്ത്ര്യം നേടിയപ്പോൾ പാക്കിസ്ഥാൻ എന്ന രാജ്യം കൂടി പിറക്കുകയായിരുന്നു. 550ലധികം നാട്ടുരാജ്യങ്ങൾക്ക് ആരുടെ ഒപ്പം നിൽക്കാമെന്ന് തീരുമാനിക്കാം എന്ന അവസരം വന്നപ്പോൾ ചില നാട്ടുരാജ്യങ്ങൾ ഇന്ത്യക്കൊപ്പം മറ്റു ചിലത് പാകിസ്ഥാനൊപ്പം ചേർന്നു. എന്നാൽ ആരുടെയും ഒപ്പം നിൽക്കാതിരുന്ന കുറച്ചു നാട്ടുരാജ്യങ്ങളിൽ ചിലതായിരുന്നു ജമ്മു കാശ്മീരും ഗുജറാത്തിലെ ജുനാഗഡുo. ജനസംഖ്യയിൽ ഹിന്ദു വിശ്വാസികൾ മുന്നിലുള്ള ജുനാഗഡിലെ രാജാവ് പക്ഷേ മുസ്ലിം വിശ്വാസിയായ മുഹമ്മദ് മഹാഭട് ഖാൻജി മൂന്നാമൻ. 1947 സെപ്റ്റംബർ 15ന് പാക്കിസ്ഥാനുമായി രാജാവ് കരാറിൽ ഒപ്പുവെച്ച്, അവരുമായി ലയിക്കാനും തീരുമാനമായി. എന്നാൽ ഇന്ത്യ ഇതിനെ ശക്തമായി എതിർത്തു. കരാർ റദ്ദാക്കണമെന്നും ഹിതപരിശോധന നടത്തണമെന്നും ഇന്ത്യൻ ആഭ്യന്തരമന്ത്രി സർദാർ വല്ലഭായി പട്ടേൽ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടെങ്കിലും പാകിസ്ഥാൻ അതിനെ എതിർത്തു. പിന്നീട് പോരാടി ഇന്ത്യ, ജുനാഗഡിനെ സ്വന്തമാക്കി.
ഇത്രയും ആയപ്പോൾ മുസ്ലിം വിശ്വാസികൾ ജനസംഖ്യയിൽ അധികമുള്ള ജമ്മു കാശ്മീരിലെ ജനങ്ങൾക്ക് പാക്കിസ്ഥാനോടൊപ്പം ചേരണമെന്ന് ആവശ്യവുമായി പ്രതിഷേധം തുടങ്ങി. പ്രതിഷേധത്തെ തോക്ക് കൊണ്ടാണ് ഹാരിസിങ് രാജാവ് നേരിട്ടത്. ആയിരക്കണക്കിന് ജനങ്ങൾ വെടിവെപ്പിൽ കൊല്ലപ്പെട്ടു. പ്രക്ഷോഭത്തിന് തുടക്കം കുറിച്ച പുഞ്ചിൽ നിന്നും പലായനം ചെയ്ത മുസ്ലീങ്ങൾ ആയുധധാരികളായി തിരിച്ചെത്തി, ഹിന്ദു-സിഖ് ജനതയെ ആക്രമിച്ചു. രാജാവിന്റെ സഹായത്തോടു കൂടി ഹിന്ദു-സിഖ് ജനത തിരിച്ചാക്രമിച്ചു. പഠാൻ ഗോത്ര വിപ്ലവകാരികൾ പാകിസ്ഥാൻ പ്രധാനമന്ത്രി ലിയാ ഖത്ത് അലിഖാന്റെ നേതൃത്വത്തോടുകൂടി കാശ്മീരിനെ ആക്രമിക്കുകയും, ജമ്മു കാശ്മീർ രാജാവ് ഇന്ത്യൻ ഗവൺമെന്റിനോട് സഹായം ആവശ്യപ്പെടുകയും ചെയ്തു.
എന്നാൽ ഇന്ത്യൻ ഗവൺമെന്റിന്റെ ഭാഗമല്ലാത്തതിനാൽ പട്ടാളത്തെ അയക്കാൻ നിർവാഹമില്ലെന്ന് ഇന്ത്യ രാജാവിനെ അറിയിച്ചു. ഒടുവിൽ ജമ്മു കാശ്മീർ ഇന്ത്യയോട് ചേർക്കാനുള്ള ഇൻസ്‌ട്രമെൻറ് ഓഫ് അക്സഷൻ കരാറിൽ രാജാവ് ഒപ്പുവെച്ചു. കരാറിനെ എതിർത്ത പാക്കിസ്ഥാൻ പട്ടാളവുമായി ഇന്ത്യയിൽ എത്തി. ഇന്ത്യ ജനങ്ങളുടെ ഹിത പരിശോധനയ്ക്ക് തയ്യാറാവണം എന്നായിരുന്നു അവരുടെ പ്രധാന ആവശ്യം. ആവശ്യം എതിർത്ത ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധമുണ്ടായി. ഒടുവിൽ പരാതിയുമായി രണ്ട് രാജ്യങ്ങളും ഐക്യരാഷ്ട്ര സഭയുടെ മുന്നിലെത്തി. രണ്ട് രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിക്കണം എന്നും, ജനങ്ങളുടെ ഹിത പരിശോധനയ്ക്ക് ശേഷം മാത്രമേ തീരുമാനത്തിലെത്താവൂ എന്നും ഐക്യരാഷ്ട്രസഭ നിർദേശിച്ചു. അങ്ങനെ 1949 ജനുവരി ഒന്നിന് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു. എന്നാൽ ഇരു രാജ്യങ്ങളും അവരവരുടെ അധീരതയിലുള്ള നാട്ടുരാജ്യങ്ങൾ കൈമാറാൻ തയ്യാറായില്ല. ജമ്മു കാശ്മീരിന്റെ ഭൂരിഭാഗവും ലഡാക്കും ഇന്ത്യയുടെ അധീനതയിൽ ആയപ്പോൾ ആസാദ് കാശ്മീരും ചില വടക്കൻ പ്രദേശങ്ങളും പാക്കിസ്ഥാന്റെ കീഴിലായി. ഇന്ത്യ ഹിതപരിശോധനയ്ക്ക് തയ്യാറാവുകയോ, പാക്കിസ്ഥാൻ പട്ടാളത്തെ പിൻവലിക്കുകയോ ചെയ്തില്ല. എന്നാൽ പ്രതിരോധം, വാർത്ത വിനിമയം, വിദേശകാര്യം എന്നിവയിൽ ഒഴികെ മറ്റൊന്നിലും ഇന്ത്യൻ ഭരണഘടന ജമ്മു കാശ്മീരിന് ബാധകമായിരിക്കില്ല എന്ന നിബന്ധനയോടു കൂടിയായിരുന്നു ഇത്. ഒരു പുതിയനിയമം കൂട്ടി ചേർക്കുമ്പോൾ അത് ജമ്മു കാശ്മീരിന്റെ അംഗീകാരത്തോടുകൂടി ആയിരിക്കണം എന്ന നിർദ്ദേശവും ഇന്ത്യൻ ഗവൺമെന്റ് അംഗീകരിച്ചു. ഇങ്ങനെയാണ് ജമ്മു കാശ്മീരിന് പ്രത്യേക പദവി ലഭിക്കുന്ന 370 അനുഛേദം ഭരണഘടനയിൽ ഉണ്ടാകുന്നത്.
370 അനുഛേദം റദ്ദാക്കുന്നതോടുകൂടി ജമ്മു കാശ്മീരിലെ ലഡാക്കിലെയും ജനങ്ങൾക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന 35 എ എന്ന വകുപ്പും ഇല്ലാതാവുകയാണ്. ഈ വകുപ്പ് അനുസരിച്ച് ജമ്മു കാശ്മീരിലെ ഒഴിച്ച് മറ്റൊരു ജനതയ്ക്കും അവിടെ ഭൂമി സ്വന്തമാക്കാൻ സാധിക്കുമായിരുന്നില്ല. തൊഴിലവസരങ്ങളിലും ഇത് ബാധകമായിരുന്നു. സ്വന്തമായി കൊടിയും ഭരണഘടനയുമുള്ള ഇന്ത്യയിലെ ഒരേയൊരു സംസ്ഥാനമായിരുന്നു ജമ്മു കാശ്മീർ. എന്നാൽ ഇപ്പോൾ സുപ്രീം കോടതി വിധിയോടുകൂടി പ്രത്യേക പദവി നഷ്ടപ്പെട്ട് ഇന്ത്യയിലെ മറ്റുള്ള സംസ്ഥാനങ്ങൾക്ക് തുല്യമാവുകയാണ് ജമ്മു കാശ്മീരും.