അരിവാൾ കോശ രോഗം: സംസ്ഥാന തല അവബോധ പരിപാടികളും പരിശോധനകളും തുടങ്ങി.
- Posted on June 20, 2025
- News
- By Goutham prakash
- 93 Views
സ്വന്തം ലേഖകൻ.
പട്ടികവർഗ വികസന വകുപ്പിൻ്റെയും ആരോഗ്യ കുടുംബക്ഷേമ വകുപ്പിൻ്റെയും ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന അരിവാൾ കോശ രോഗ അവബോധനത്തിൻ്റെയും പരിശോധനകളുടെയും ഉദ്ഘാടനം നടത്തി. കട്ടേല അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്കൂൾ അങ്കണത്തിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം നിർവഹിച്ചു.
അരിവാൾ കോശ രോഗത്തെ അറിയുന്നതിനും നിയന്ത്രിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ഏറ്റെക്കുന്നതിനും പുതിയ തലമുറ ജാഗരൂകരായി നിലകൊള്ളണമെന്ന് മന്ത്രി ഒ ആർ കേളു ആഹ്വാനം ചെയ്തു.
പട്ടികവർഗ മേഖലകളിലെ മുഴുവൻ കുട്ടികൾക്കും മുതിർന്നവർക്കും അരിവാൾ കോശ രോഗം പരിശോധന പൂർത്തിയാക്കി ചികിത്സയും പരിചരണവും ആവശ്യമുള്ളവർക്കത് നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
രോഗ അവബോധ സന്ദേശമുയർത്തി ചുവന്ന ബലൂണുകൾ പിടിച്ച് കുട്ടികളും ആരോഗ്യ പ്രവർത്തകരും റെഡ് വാക്കത്തോൺ സംഘടിപ്പിച്ചു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ അധ്യക്ഷനായി. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ്,
ആരോഗ്യ വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടർ ഡോ. ഹരികുമാർ, സിക്കിൾ സെൽ മിഷൻ നോഡൽ ഓഫീസർ ഡോ. രാഹുൽ യു. ആർ, ആരോഗ്യ വകുപ്പ് പ്രോഗ്രാം മാനേജർ ഡോ. അനോജ്, കട്ടേല എം ആർ എസ് പ്രിൻസിപ്പൾ ജിനബാല എം എസ് തുടങ്ങിയവർ സംസാരിച്ചു.
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ എല്ലാ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും പ്രീ മെട്രിക് ഹോസ്റ്റലുകളിലും പ്രത്യേക പരിപാടികളും പരിശോധനകളും ഇന്ന് ആരംഭിച്ചു.
