മഴ
- Posted on September 03, 2021
- Ezhuthakam
- By Remya Vishnu
- 583 Views
ഈ മഴനൂലുകളുടെ അങ്ങേ തലയ്ക്കൽ നീയുണ്ടെന്നു ഞാനറിയുന്നു. ആർത്തു പെയ്യുന്ന ഈ രാത്രിമഴയിലേയ്ക്ക് ഞാൻ ഇറങ്ങി നിൽക്കട്ടെ...
നീ പോയതിൽ പിന്നെയാണ് ഞാൻ മഴയെ ഇത്ര ഇഷ്ടത്തോടെ കണ്ടുതുടങ്ങിയത്. മഴയിലേയ്ക്ക് നോക്കിയിരിക്കുമ്പോൾ നീ ഒരു തോർത്തുമുണ്ടു മുടുത്ത് കാലിൽ ചെരിപ്പിടാതെ ഒരു കൊച്ചു കുട്ടിയെ പോലെ മുറ്റത്തുകൂടി നടക്കുന്നുണ്ടെന്ന് എനിക്കു തോന്നും. നല്ല മഴയുള്ള രാത്രികളിൽ വരാന്തയുടെ അറ്റത്ത് നീ എന്നും ഇരിക്കാറുള്ള ചൂരൽ കസേരയിലിരുന്ന് കൊതിയോടെ, കണ്ണെടുക്കാതെ മഴയെ നോക്കിയിരിക്കുന്നതിന് ഞാൻ പലപ്പോഴും നിന്നോട് ദേഷ്യപ്പെടാറുണ്ട്.
"മഴ എത്ര കണ്ടാലും നിനക്ക് മതിയാവുന്നില്ലേ? രാത്രിയിൽ ഉറക്കമിളച്ചിരുന്ന് കാണുന്നതെന്തിനാ പകലായി കൂടെ എന്ന എന്റെ ശകാരത്തിന് "ഓരോ മഴയും വ്യത്യസ്തമാണ് ഓരോ മഴയ്ക്കും ഓരോ ഭംഗിയാണ് രാത്രി മഴയുടെ ഭംഗി പകലു കിട്ടുന്നതെങ്ങനെയാണ് കുട്ടീ" എന്ന് പറയുന്ന നിന്നോട് "മണ്ണാങ്കട്ട എനിക്കുറക്കം വരുന്നെന്നു പറഞ്ഞ് ഞാൻ പോകും. പുറകിൽ നിൻ്റെ ചിരി കേൾക്കാമന്നേരം പിൻകഴുത്തിലേൽക്കുന്ന നിൻ്റെചുടുനിശ്വസം കാത്ത് ഞാൻ കിടക്കുകയാകുമെന്ന് നിനക്കറിയുന്നത് കൊണ്ട് മഴയെ തനിച്ചു പെയ്യാൻ വിട്ടിട്ട് നീ എന്റെടുത്തേക്ക് വരുമല്ലോ. നിൻ്റെ ചൂടേറ്റ്, നിന്നെ പുതച്ചു കിടന്നാലെ എനിക്കുറങ്ങാൻ കഴിയൂ എന്ന് നിന്നക്കറിയുന്നതല്ലേ...
നീ പോയതിൽ പിന്നെ ഒരു മഴയും എന്നെ തണുപ്പിച്ചിട്ടില്ല. ചിലപ്പോഴൊക്കെ നിൻ്റെ ഓർമ്മയിൽ എന്നെ പൊള്ളിച്ചിട്ടേ ഉള്ളു. മുൻവശത്തെ മതിലിനോട് ചേർന്ന് നമ്മൾ ഒരുമിച്ചു നട്ട മുളമരം ഇപ്പൊ വല്ല്യാളായി. മഴ നനഞ്ഞു നിൽക്കുന്ന മുളയിലകൾ കാണാൻ എന്തൊരു ഭംഗിയാണെന്നോ. നീ പറയുന്നതുപോലെ ഓരോ മഴയ്ക്കും ഓരോ ഭംഗിയാണ്. പുഴയിൽ വീഴുന്ന മഴയ്ക്ക് ഒരു സ്വരം. വാഴയിലയിൽ തട്ടുന്ന മഴയ്ക്കൊരു സ്വരം തകര പട്ടയിൽ തട്ടുന്ന മഴയ്ക്ക് വേറൊരു സ്വരം അങ്ങനെ അങ്ങനെ മഴ തട്ടുന്ന ഓരോന്നിനും ഓരോ സ്വരങ്ങളാണ് എല്ലാം ചേർത്തുവച്ചു നോക്കിയാൽ എത്ര സുന്ദരനായൊരു ഗായകനാണ് നിൻ്റെ മഴ..
ഈ മഴനൂലുകളുടെ അങ്ങേ തലയ്ക്കൽ നീയുണ്ടെന്നു ഞാനറിയുന്നു. ആർത്തു പെയ്യുന്ന ഈ രാത്രിമഴയിലേയ്ക്ക് ഞാൻ ഇറങ്ങി നിൽക്കട്ടെ. എൻ്റെ ഉടലിലെ ഒരിടവും ബാക്കി വയ്ക്കാതെ ഭ്രാന്തമായെന്നെ അമർത്തി ചുംബിക്കൂ. മത്തുപിടിപ്പിക്കുന്ന നിൻ്റെ ചുംബനത്തിൻ്റെ ലഹരിയിൽ ഞാനൊന്നുറങ്ങട്ടെ.....
രമ്യ വിഷ്ണു