ഒരു കീറാകാശം
- Posted on August 24, 2021
- Ezhuthakam
- By Remya Vishnu
- 389 Views
ശവക്കുഴിയിൽ എന്നപോലെ ജീവിക്കുന്നത് കൊണ്ടാകാം അതുവരെയുള്ള കാഴ്ചകൾ ഇപ്പോഴും തെളിയിച്ചതോടെ ഓർക്കുന്നത്
ഇന്നു തിരുവോണം സന്തോഷത്തിന്റെയും, സമൃദ്ധിയുടെയും പൊന്നോണം. പക്ഷെ എനിക്കു ഓണമെന്നാൽ ജനലിലൂടെ കാണുന്ന ഒരു കീറാകാശം മാത്രമാണ്. മുറികൾ ഓരോ സമയത്തും മാറി മാറി ഈ കിടപ്പു തുടങ്ങിയിട്ട് ഇരുപതു വർഷം കഴിഞ്ഞു. അടുക്കളയോട് ചേർന്നുള്ള ചായ്പ്പാണ് ഇന്ന് എന്റെ ലോകം. "തിരുവോണംമായിട്ടും മൂത്രത്തിന്റെ മണം കേട്ട് അടുക്കളയിൽ കയറാനാണല്ലോ എന്റെ യോഗം ഇതിന് ഒരവസാനം എന്നാണാവോ ". എന്ന നാത്തൂന്റെ ശാപവാക്കുകൾ കേട്ടാണ് ഞാൻ ഇന്ന് ഉണർന്നത്.
പന്ത്രണ്ടാം വയസിൽ നട്ടെല്ല് പണി മുടക്കി കിടപ്പിലാകുന്നതുവരെ അച്ഛനോടും, അമ്മയോടും, ചേട്ടനോടും ഒപ്പം ഞാനും ഓണം ആഘോഷിച്ചിരുന്നു, ഓണക്കാലമായാൽ ഭയങ്കര സന്തോഷമാണ്. പുത്തനുടുപ്പിന്റെ കോടി മണവും, വീടുനിറച്ചുള്ള വിരുന്നുകാരും പൂക്കളം ഇടലും, സദ്യയും, പലതരം പലഹാരങ്ങളും, എല്ലാം ഓർമ്മിക്കാൻ എന്തു സുഖമാണ്. 12 വയസ്സിനു ശേഷം ഈ മുറിയിൽ ശവക്കുഴിയിൽ എന്നപോലെ ജീവിക്കുന്നത് കൊണ്ടാകാം അതുവരെയുള്ള കാഴ്ചകൾ ഇപ്പോഴും തെളിയിച്ചതോടെ ഓർക്കുന്നത്.
അച്ഛനുമമ്മയും മരിച്ചതിനുശേഷം, ഒരു ആഘോഷവും ഞാൻ അറിയാറില്ല. ഈ വീട്ടിൽ ഒരു പ്രയോജനവും ഇല്ലാതെ ഒരു ശല്ല്യം മാത്രമായി ജീവിച്ചിരിക്കുന്ന എനിക്ക് ഒരു വളർത്തുനായയുടെ പരിഗണനപോലും നൽകേണ്ടതില്ലെന്ന് ആങ്ങളയും നാത്തൂനും കരുതുന്നതിൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. അവരും മടുക്കില്ല? ഇങ്ങനെ വലിച്ചു നീട്ടാതെനീട്ടാതെ ജീവിതം ഒന്ന് അവസാനിച്ചിരുന്നെങ്കിൽ എന്ന് ഓരോ നിമിഷവും ആഗ്രഹിച്ചുപോകുന്നു.
അപ്പുറത്ത് ആരൊക്കെയോ വന്നിട്ടുണ്ട്. സദ്യ ഒരുക്കുന്നതിന്റെ മണം, കുട്ടികളുടെ കലപില ശബ്ദവും വർത്തമാനവും എല്ലാം കേൾക്കുന്നുണ്ട്. അവരോടൊപ്പം ചേരാൻ മനസ്സ് വല്ലാതെ കൊതിക്കുന്നു. ആരും എന്നെ തേടി മുറിയിലേക്ക് വന്നില്ല. മുറ്റത്തിടുന്ന പൂക്കളം കാണാൻ ആരെങ്കിലും എന്നെ ഒന്ന് എടുത്തു കൊണ്ടു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു,. ഒരിക്കലും സാധിക്കില്ല എന്ന് അറിഞ്ഞിട്ടും കൈ രണ്ടും ആഞ്ഞു കുത്തി ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു നോക്കി ഇല്ല അനങ്ങാൻ കഴിയുന്നില്ല. രണ്ടു കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീര് എന്റെ തലയണ നനച്ചു.
ഈ ഒരു ദിവസം മാത്രം എനിക്കൊന്ന് എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിരുന്നെങ്കിൽ. മുറ്റത്തെ പൂക്കളം കണ്ട്, കിഴക്കുവശത്തെ മുത്തശ്ശൻ മാവിൽ കെട്ടിയിരിക്കുന്ന ഊഞ്ഞാലിൽ ഒരിക്കൽക്കൂടി ആടി, വീട്ടിൽ വന്നിരിക്കുന്ന അതിഥികളോട് ഒക്കെ വിശേഷം പറഞ്ഞ്, അടുക്കളയിൽ സദ്യയൊരുക്കാൻ സഹായിച്ച്, ഉപ്പേരിയും ശർക്കര വരട്ടിയും കൊറിച്ച്, തൂശനിലയിൽ ഒരിലച്ചോറ് ഉണ്ട്, പായസവും കഴിച്ച്... എല്ലാം ഒരുവട്ടംകൂടി നടന്നിരുന്നുവെങ്കിൽ...
ഇല്ല ഒന്നും തിരിച്ചു വരില്ല. എഴുന്നേറ്റിട്ട് ഇപ്പോ എത്ര നേരമായിയെന്നറിയില്ല. തൊണ്ട വല്ലാതെ വരളുന്ന ഉണ്ട് നന്നായി വിശക്കുന്നുണ്ട്. ഇങ്ങനെ ഒരു ജീവൻ ഇവിടെയുണ്ടെന്ന് ആരും ഓർക്കുന്നില്ല. ആരുടെ മനസ്സിലും ഇല്ലാതെ ഇങ്ങനെ ഈ ജീവിതം എത്ര നാൾ കൂടി...
അറിയില്ല ആരോടും പരാതിയില്ല...
തൊണ്ട നനക്കാൻ ഇത്തിരി വെള്ളം കിട്ടിയിരുന്നെങ്കിൽ... രണ്ടു കഷണം ബിസ്ക്കറ്റ് എങ്കിലും കഴിക്കാൻ കിട്ടിയിരുന്നെങ്കിൽ...
രമ്യ വിഷ്ണു