അത്യപൂർവ്വ ഗുണങ്ങളുള്ള മുതിര
- Posted on October 23, 2021
- Health
- By Deepa Shaji Pulpally
- 764 Views
ആസ്മ, ശ്വാസനാളത്തിലെ നീർക്കെട്ട്, വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങൾക്ക് മുതിര ആയുർവേദത്തിൽ ഉപയോഗിക്കുന്നു
പയർ വർഗത്തിലെ ഒരംഗമാണ് മുതിര. ഇന്ത്യയിൽ ഇത് മനുഷ്യനും, മൃഗങ്ങളും ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. പ്രധാനമായും കുതിരയുടെ ഭക്ഷണം ആയിട്ടാണ് മുതിര അറിയപ്പെടുന്നത്. പോഷകങ്ങളുടെ കലവറയായ മുതിര കഴിച്ചാൽ കുതിരയുടെ ശക്തി ലഭിക്കും എന്ന് പഴമക്കാർ പറയുന്നു. അതുകൊണ്ട് തന്നെ " ഹോൾസ് ഗ്രാം " എന്നാണ് ഇംഗ്ലീഷിൽ ഇതിന്റെ പേര്.
എന്തൊക്കെയാണ് മുതിര കഴിക്കുന്നതുകൊണ്ടുള്ള ഗുണങ്ങൾ?
മുതിരയിൽ ഉയർന്ന അളവിൽ അയൺ, കാൽസ്യം, പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. കൊഴുപ്പ് തീരെ ഇല്ലാത്തതിനാൽ ഏത് രോഗികൾക്കും മുതിര കഴിക്കാം. മുതിര കഴിച്ചു കഴിഞ്ഞാൽ വിശപ്പ് അറിയാത്തതിനാൽ, അമിതവണ്ണമുള്ളവർക്കും, പ്രമേഹരോഗികൾക്കും ഇടവേളകളിൽ മുതിര കൊണ്ട് തയ്യാറാക്കിയ ഭക്ഷണം നല്ലതാണ്.ഇതിൽ ആന്റി ആക്സിഡന്റ് അടങ്ങിയതിനാൽ യുവത്വം നിലനിർത്താനുള്ള കഴിവ് ഇതിനുണ്ട്.
കോളസ്ട്രോൾ രോഗികൾ ഇത് കഴിക്കുന്നത് ഏറെ ഫലപ്രദമാണ്. തണുപ്പുള്ള കാലാവസ്ഥയിൽ ശരീരത്തിലെ ഊഷ്മാവ് നിലനിർത്താൻ മുതിര സഹായിക്കും. ചൂടുകാലത്ത് മുതിര കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. പാകം ചെയ്യാതെ മുളപ്പിച്ച് കഴിക്കുന്ന മുതിര വളരെ പോഷകസമൃദ്ധമാണ്. മുളപ്പിച്ച് എടുക്കുന്ന മുതിരയിൽ ആന്റി ഓക്സിഡന്റ്, ഫ്ലവനോയിഡുകൾ, പ്രോട്ടീനുകൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുണ്ട്.
ആസ്മ, ശ്വാസനാളത്തിലെ നീർക്കെട്ട്, വൃക്കയിലെ കല്ല്, മൂത്രത്തിലെ പഴുപ്പ്, വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങൾക്ക് മുതിര ആയുർവേദത്തിൽ ഉപയോഗിക്കുന്നു. ദക്ഷിണേന്ത്യയിൽ കാലിത്തീറ്റയായും, വിറകിനെ കൂടെ അടുപ്പിൽ കത്തിക്കാനും, വളമായും ഉപയോഗിക്കുന്ന മുതിരയുടെ വിശേഷങ്ങൾ എന്തൊക്കെ ആണെന്ന് നോക്കാം.