കനോലി പ്ലോട്ടിൽ സംയോജിത സുസ്ഥിര വികസനം നടപ്പാക്കും: മന്ത്രി ഷിബു ബേബി ജോൺ
- Posted on July 24, 2026
- News
- By Goutham prakash
- 26 Views
മലപ്പുറം:
നിലമ്പൂർ നോർത്ത് ഫോറസ്റ്റ് ഡിവിഷനിൽ സ്ഥിതി ചെയ്യുന്ന കനോലി പ്ലോട്ടിൽ സംയോജിത സുസ്ഥിര വികസനം നടപ്പാക്കുമെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു. കനോലി പ്ലോട്ട് സന്ദർശിച്ച് സാധ്യതകൾ വിലയിരുത്തിയ ശേഷം ചേർന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മന്ത്രി തീരുമാനം അറിയിച്ചത്. നിലമ്പൂർ എം എൽ എ ആര്യാടൻ ഷൗക്കത്തിൻ്റെ എം എൽ എ ഫണ്ടു കൂടി ഉപയോഗപ്പെടുത്തിയാണ് സുസ്ഥിര വികസനത്തിനായുള്ള പ്രോജക്ട് തയ്യാറാക്കുക. ചാലിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിൻ്റെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും. കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന് വിനീർ ഫാക്ടറിക്കായി വനം വകുപ്പ് പാട്ടത്തിന് നൽകിയ സ്ഥലം കമ്പനി നിന്നതിനെ തുടർന്ന് പാട്ടക്കാലാവധി അവസാനിച്ചപ്പോൾ വനം വകുപ്പ് തിരിച്ചെടുത്തിരുന്നു. ഈ പ്രദേശത്തെ ഫാക്ടറിയും ക്വാർട്ടേഴ്സുകളും പുനരുദ്ധരിച്ച് ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമാക്കുമെന്നും മന്ത്രി പറഞ്ഞു.
ചാലിയാർ പുഴയുടെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം 2019ലെ പ്രളയത്തിൽ പൂർണ്ണമായും തകർന്നു വീണിരുന്നു. പുതിയ തൂക്കുപാലം നിർമ്മിക്കുന്നതിന് 2020 ൽ സ്റ്റീൽ ഇൻഡസ്ടീസ് കേരള ലിമിറ്റഡിനെ (സിൽക്ക്) ചുമതലപെടുത്തിയിരുന്നു. എന്നാൽ തൂക്കുപാലത്തിൻ്റെ നിർമ്മാണം ഇതുവരെ പൂർത്തിയാകാത്ത സാഹചര്യത്തിൽ മന്ത്രി കമ്പനി സി.ഇ.ഒ.യെ നേരിട്ട് ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ഓഫീസിലെത്തി വിശദീകരിക്കാൻ നിർദ്ദേശിച്ചു.
കനോലി പ്ലോട്ടിൻ്റെ സമീപത്തുള്ള സ്ഥലം വനം വകുപ്പ്
1981 ൽ കേരള സ്റ്റേറ്റ് വുഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്
ലീസിന് നൽകിയിരുന്നു. ലീസ് കാലിവധി 2006 ൽ അവസാനിച്ചതിനെ തുടർന്നും 1990 മുതൽ പാട്ടക്കുടിശ്ശിക നിലനിന്ന സാഹചര്യത്തിലും വനം വകുപ്പ് നടപടി പൂർത്തിയാക്കി തിരിച്ചെടുത്തു. കേരള ഫോറസ്റ്റ് ഡെവലപ്മെൻറ് കോർപ്പറേഷനുമായി ചേർന്ന് ഇവിടെ സ്ഥിതി ചെയ്യുന്ന ഫാക്ടറിയും ക്വാർട്ടേഴ്സും പുനരുദ്ധരിച്ചു ഇക്കോ ടൂറിസത്തിന്റെ ഭാഗമാക്കും.
ആര്യാടൻ ഷൗക്കത്ത് എം എൽ എ, നിലമ്പൂർ മുനിസിപ്പൽ ചെയർപേഴ്സൺ പത്മിനി ഗോപിനാഥ്, വൈസ് ചെയർ പേഴ്സൺ ഷൗക്കത്ത് അലി കൂമഞ്ചേരി, അഡി. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (സോഷ്യൽ ഫോറസ്ടി) ഡോ. പ്രമോദ് ജി. കൃഷ്ണൻ, ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് (ഈസ്റ്റേൺ സർക്കിൾ) കെ. വിജയാനന്ദ്,
അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ( ഇ& റ്റി. ഡബ്ല്യു )
കെ. കാർത്തികേയൻ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർമാരായ പി. ധനേഷ് കുമാർ, ജി. ധനിക് ലാൽ
തുടങ്ങിയർ പങ്കെടുത്തു.
ചാലിയാർ പുഴയുടെ
ഇരുകരകളിലായാണ് കനോലി പ്ലോട്ട് സ്ഥിതി ചെയ്യുന്നത്.
രാമല്ലൂർ റിസേർവിലുള്ള ഈ പ്രദേശത്താണ് ലോകത്തിലെ ഇതുവരെ പ്ലാൻറ് ചെയ്യപ്പെട്ടിട്ടുള്ള ഏറ്റവും വലിയ തേക്ക് സ്ഥിതി ചെയ്യുന്നത്.
1842 ൽ അന്നത്തെ കളക്ടറായിരുന്ന എച് വി കനാലിയാണ് അമിതമായ മരംമുറി മൂലം ഡിഗ്രേഡഡ് ഫോറസ്റ്റായി മാറിയ ഇന്നത്തെ കനോലി പ്ലോട്ടിൽ തേക്കിൻ തൈകൾ നട്ടു പിടിപ്പിച്ച് തോട്ടമാക്കാൻ തീരുമാനിച്ചത്. ഫോറസ്റ്റ് സബ് കൺസർവേറ്ററായിരുന്ന ചാത്തു മേനോനായിരുന്നു ചുമതല. സംയോജിത വികസന പദ്ധതി പൂർത്തിയാകുന്നതോടെ ചരിത്രമുറങ്ങുന്ന കനോലി പ്ലോട്ടിലേയ്ക്ക് കൂടുതൽ സന്ദർശകരെ എത്തിക്കാനാകും.
