ബാംഗ്ലൂരിൽ ഗതാഗത ലംഘനത്തിൻ്റെ പിഴയടച്ചില്ലെങ്കിൽ ട്രാഫിക് പോലീസ് വീട്ടിൽ വരും.
- Posted on October 26, 2020
- Localnews
- By enmalayalam
- 608 Views
ബെംഗളൂരു : നിരവധി ഗതാഗത ലംഘനങ്ങൾ നടത്തി പിഴയൊടുക്കാതെ മുങ്ങി നടക്കുകയാണോ? ഇപ്പോൾ നിങ്ങളുടെ വീടിൻ്റെ വാതിലിൽ പോലീസ് നേരിട്ട് വന്ന് മുട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗതാഗത ലംഘനത്തിൻ്റെ പിഴയിനത്തിൽ 150 കോടിയോളം രൂപയാണ് പിരിച്ചെടുക്കാനുള്ളത് എന്നാണ് ബെംഗളൂരു ട്രാഫിക് പോലീസിൻ്റെ ഏകദേശ കണക്ക്.
ഈ തുക പിരിച്ചെടുക്കുക എന്ന ലക്ഷ്യം വച്ചാണ് പോലീസ് ഗതാഗത ലംഘകരുടെ വീട്ടിൽ കയറിയിറങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
ട്രാഫിക്കിൻ്റെ ചുമതലയുള്ള പോലീസ് ജോയിൻ്റ് കമ്മീഷണർ രവികാന്ത ഗൗഡയുടെ നിർദ്ദേശപ്രകാരം തുടങ്ങിയ ഈ ശ്രമത്തിൻ്റെ ഫലമായി ആദ്യ ദിവസം ബുധനാഴ്ച 4994600 രൂപയാണ് പിരിച്ചെടുത്തത് 11488 കേസുകൾ തീർപ്പാക്കി, വ്യാഴാഴ്ച 7978 കേസുകൾ തീർപ്പാക്കി 3482400 രൂപ പിരിച്ചെടുത്തു.
5 ൽ അധികം ഗതാഗത ലംഘനങ്ങൾ നടത്തി പിഴയൊടുക്കാത്തവരെയാണ് ആദ്യം ലക്ഷ്യം വക്കുന്നത്.
ഇത്തരക്കാരുടെ പട്ടിക മേൽവിലാസത്തിന് അനുസരിച്ച് പ്രാദേശിക പോലീസ് സ്റ്റേഷനിലേക്ക് കൈമാറുന്നു. ഒരു എ.എസ്.ഐ.യും മൂന്ന് ട്രാഫിക് പോലീസുകാരും അടങ്ങുന്ന ടീമിനാണ് പിഴ പിരിക്കാനുള്ള ചുമതല.