സോഷ്യൽ ഓഡിറ്റിംഗ് കൂടുതൽ കൃഷിഭവനുകളിലേക്ക് വ്യാപിപ്പിക്കും : കൃഷി മന്ത്രി പി പ്രസാദ്

 ഒരു ജില്ലയിൽ നിന്നും അഞ്ചു കൃഷിഭവൻ വീതം ആകെ 70 കൃഷിഭവനുകളാണ് സോഷ്യൽ ഓഡിറ്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്

കൃഷിഭവന്റെ സേവനങ്ങൾ വിലയിരുത്തേണ്ടത് കർഷകരും പൊതുജനങ്ങളുമാണെന്നും,  ഇതിനായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച സോഷ്യൽ ഓഡിറ്റിംഗ് സംവിധാനം സംസ്ഥാനത്തെ എല്ലാ കൃഷിഭവനുകളിലേക്കും ഘട്ടം ഘട്ടമായി വ്യാപിപ്പിക്കുമെന്നും കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി കോട്ടയം ജില്ലയിലെ പാമ്പാടി ബ്ലോക്കിലെ കൂരോപ്പട കൃഷിഭവനിലാണ് ആദ്യമായി സോഷ്യൽ ഓഡിറ്റ് ഈ സർക്കാർ ആരംഭിച്ചത്.   മാതൃകാപരമായ ഈ പദ്ധതിയുടെ പൊതുജന സ്വീകാര്യയതയെ തുടർന്നാണ് ഇപ്പോൾ കൂടുതൽ കൃഷിഭവനുകളിലേക്ക് പദ്ധതി നടപ്പിലാക്കാൻ തീരുമാനമായിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി. ആദ്യഘട്ടമെന്ന നിലയിൽ ഒരു ജില്ലയിൽ നിന്നും അഞ്ചു കൃഷിഭവൻ വീതം ആകെ 70 കൃഷിഭവനുകളാണ് സോഷ്യൽ ഓഡിറ്റിനായി തിരഞ്ഞെടുത്തിട്ടുള്ളത്.

കാർഷിക പ്രാധാന്യമുള്ള സംസ്ഥാനമാണ് കേരളം. കേരളത്തിലെ കാർഷിക മേഖലയുടെ നിലനിൽപ്പിനും പുരോഗതിക്കും പിൻബലം  നൽകുന്നതിനായി കൃഷി ഭവനുകളിലൂടെ നടപ്പിലാക്കുന്ന വിവിധ പദ്ധതികൾ,  പ്രവർത്തനങ്ങൾ, സേവനങ്ങൾ എന്നിവ വിലയിരുത്തുന്നതിനുള്ള അവസരം പൊതു സമൂഹത്തിന്   നൽകുന്നതിനും, വകുപ്പിന്റെ പ്രവർത്തനങ്ങളെ ഒരു ഗുണഭോക്താവിന്റെ ഭാഗത്തു നിന്ന് നോക്കി  കാണുന്നതിനും, കൃഷി ഭവന്റെ പ്രവർത്തനങ്ങളെ കൂടുതൽ കർഷക സൗഹൃദമാക്കി  മാറ്റുന്നതിനും സോഷ്യൽ ഓഡിറ്റിംഗ് നടപ്പിലാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതായി മന്ത്രി അറിയിച്ചു.

സോഷ്യൽ ഓഡിറ്റിംഗ് നടത്തുന്ന കൃഷി ഭവൻ സ്ഥിതി ചെയ്യുന്ന ഗ്രാമപഞ്ചായത്തിന്റെ  പുറത്തു നിന്നുള്ളവരും, വിവിധ മേഖലകളിൽ മതിയായ അറിവും അനുഭവപരിചയവുമുള്ള 8 അംഗങ്ങളെ ഉൾപ്പെടുത്തി ഓഡിറ്റ് ടീം രൂപീകരിക്കുന്നതുൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾ  പൂർത്തിയായിട്ടുണ്ട്. കൃഷി വകുപ്പിൽ നിന്നും വിരമിച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ തലത്തിൽ കുറയാത്ത  ഉദ്യോഗസ്ഥൻ, പദ്ധതികളുടെ/ പ്രോജക്ടിന്റെ ഗുണഭോക്താക്കളുടെ ഒരു പ്രതിനിധി, വനിതകൾ, പട്ടികജാതി, പട്ടിക വർഗ്ഗം എന്നീ വിഭാഗങ്ങളിൽ നിന്നുള്ള ഓരോ പ്രതിനിധികൾ., കാർഷിക മേഖലയിൽ നിന്നുള്ള മൂന്നു കർഷക പ്രതിനിധികൾ എന്നിവർ ഓഡിറ്റ് ടീമിൽ ഉൾപ്പെടും.

കൃഷിഭവന്റെ ഭരണം /കാര്യക്ഷമത, പ്രാദേശികതല വികസന പദ്ധതികളുടെ രൂപീകരണവും നടത്തിപ്പും,  സംസ്ഥാനാവിഷ്കൃത/ കേന്ദ്രാവിഷ്കൃത  പദ്ധതികൾ നടപ്പിലാക്കൽ, കാർഷിക വിജ്ഞാന വ്യാപനവും പുതിയ സാങ്കേതിക വിദ്യകളുടെ കൈമാറ്റവും, ഭൂവിനിയോഗത്തിന്റെ സാക്ഷ്യപ്പെടുത്തലും ഉല്പാദനോപാധികളുടെ ഗുണനിലവാരം  ഉറപ്പാക്കലും, കർഷകരുടെ സാമൂഹിക സുരക്ഷ, കാർഷിക യന്ത്രവൽക്കരണം, പരാതി പരിഹാരം എന്നീ കാര്യങ്ങളായിരിക്കും സോഷ്യൽ ഓഡിറ്റിന്റെ പരിധിയിൽ വരുന്ന പ്രധാന പ്രവർത്തനങ്ങൾ.

ഓഡിറ്റിംഗിൽ കൃഷി ഭവനെ സംബന്ധിക്കുന്ന വിവരങ്ങൾ കൃഷി ഭവനിൽ നിന്നു നേരിട്ടും കൃഷി ഭവനിലെ വിവിധ രേഖകൾ, രജിസ്റ്ററുകൾ തുടങ്ങിയവയിൽ നിന്നും ശേഖരിക്കുന്നതിനും, കർഷകർ, മറ്റ് ഗുണഭോക്താക്കൾ എന്നിവരിൽ നിന്ന് നേരിട്ട് ശേഖരിക്കുന്നതിനും, ഫോക്കസ് ഗ്രൂപ്പുകൾ/  പൊതു സംവിധാനം വഴിയുള്ള വിലയിരുത്തൽ നടത്തുന്നതിനുമായി പ്രത്യേകം ഷെഡ്യൂളുകൾ തയ്യാറാക്കി ജില്ലകൾക്ക് നൽകിയിട്ടുണ്ട് . ആദ്യഘട്ട നടത്തിപ്പിനുശേഷം എല്ലാ കൃഷിഭവനുകളിലും സോഷ്യൽ ഓഡിറ്റിംഗ്   വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

Author
Journalist

Dency Dominic

No description...

You May Also Like