നിയമവിരുദ്ധ സ്രാവ് പിടിത്തവും വ്യാപാരവും തടയാൻ ഏകോപിത നീക്കം വേണം-ശിൽപശാല

*സ്വന്തം ലേഖിക*


കൊച്ചി: നിയമവരുദ്ധ സ്രാവ് പിടിത്തവും വ്യാപാരവും തടയാൻ ഏകോപിത നീക്കം ആവശ്യമാണെന്ന് വിദഗ്ധർ. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) നടന്ന ശിൽപശാലയിലാണ് നിർദേശം.


വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വ്യാപകമായ രീതിയിൽ ബോധവൽകരണവും മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പരസ്പര സഹകരണവും അനിവാര്യമാണ്.  സ്രാവ് ആവാസകേന്ദ്രങ്ങളുടെ മാപ്പിംഗ്,  കടലിൽ സംരക്ഷിത മേഖല നിർണയം, സ്രാവുകളെ തിരിച്ചറിയുന്ന എഐ അധിഷ്ടിത ഡിവൈസ് ഘടിപ്പിക്കൽ തുടങ്ങിയവ പരിഗണിക്കണം. കേന്ദ്ര വന്യജീവി സംരക്ഷണ നിയമപ്രകാരം കൂടുതൽ സ്രാവിനങ്ങളെ ഉൾപെടുത്തി സംരക്ഷിത പട്ടിക വികസിപ്പിച്ച പശ്ചാത്തലത്തിൽ ബോധവൽകരണ കാംപയിനുകൾ വേണം.


സിജിഎസ്ടി ആന്റ് കസ്റ്റംസ് ചീഫ് കമ്മീഷണർ ഷെയ്ക്ക് ഖാദർ റഹ്മാൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. കസ്റ്റംസ്, ഫിഷറീസ് ഉദ്യോഗസ്ഥർ, തീരദേശ പോലീസ്, ഗവേഷകർ, വനം, വന്യജീവി വകുപ്പുകൾ എന്നിവർക്കിടയിൽ സംയുക്ത പരിശീലനങ്ങളും ഏകോപനവും വേണമെന്ന് അദ്ദേഹം പറഞ്ഞു.


സംരക്ഷിത പട്ടികയിലുള്ള സ്രാവുകളെ പലപ്പോഴും നിയമവിരുദ്ധമായി പിടികൂടുന്നുണ്ട്. സ്രാവിന്റെ ചിറക് മുറിച്ചെടുത്ത് വിദേശങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന സാഹചര്യവുമുണ്ട്. കിഴക്കനേഷ്യൻ രാജ്യങ്ങളിലാണ് ഇവക്ക് ആവശ്യക്കാരേറെയുള്ളത്. വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളുടെ അന്താരാഷ്ട്ര വ്യാപാര കൺവെൻഷനായ സൈറ്റിസ് പട്ടികയിലുള്ള സ്രാവിനങ്ങൾക്ക് കയറ്റിറക്കുമതി നിയന്ത്രണമുണ്ട്. ഇവയെ എളുപ്പം തിരിച്ചറിയുന്നതിന് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർക്ക് പരിശീലനം ആവശ്യമാണ്. അതിനാൽ, സിഎംഎഫ്ആർഐ പോലുള്ള ഗവേഷണ സ്ഥാപനങ്ങളും എൻഫോഴ്‌സ്‌മെന്റ് ഏജൻസികളും തമ്മിൽ പരസ്പര സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.


സിഎംഎഫ്ആർഐ ഡയറക്ടർ ഡോ ഗ്രിൻസൺ ജോർജ് അധ്യക്ഷത വഹിച്ചു.

അനിയന്ത്രിത മത്സ്യബന്ധനവും വ്യാപാരവും മാത്രമല്ല, മലിനീകരണം, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ ഘടകങ്ങളും പല സ്രാവിനങ്ങളെയും വംശനാശ ഭീഷണിയിലാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.



സംരക്ഷണ നടപടികൾ കർശനമാക്കുന്ന വേളയിൽ മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗവും പരിഗണിക്കേണ്ടതുണ്ടെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടി. നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് സ്രാവ് പിടുത്തം. എൻഫോഴ്‌സ്‌മെന്റ് രീതികൾ നിയമാനുസൃതമായ രീതിയിൽ മത്സ്യബന്ധനം നടത്തുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലാകരുതെന്നും ശിൽപശാലയിൽ അഭി്പ്രായമുയർന്നു.


കേന്ദ്ര ഫിഷറീസ് ജോയിന്റ് സെക്രട്ടറി നീതു കുമാരി പ്രസാദ്, ഡോ ശോഭ ജോ കിഴക്കൂടൻ, ഡോ ടി എം നജ്മുദ്ധീൻ എന്നിവർ പ്രസംഗിച്ചു.  സംസ്ഥാന ഫിഷറീസ് വന്യജീവി വകുപ്പുകൾ, കസ്റ്റംസ്, കോസ്റ്റ് ഗാർഡ്, നാവികസേന ഉദ്യോഗസ്ഥർ, ഗവേഷകർ, കയറ്റുമതി, വിവിധ എൻജിഒ പ്രതിനിധികൾ എന്നിവർ ചർച്ചയിൽ പങ്കാളികളായി.


 

Author
Citizen Journalist

Goutham prakash

No description...

You May Also Like