സമാധാനത്തിൻറെ വിശുദ്ധ ചില്ലയായി അമ്മത്തൊട്ടിലിൽ “ഒലീവ”
നിർമ്മലമായ സ്നേഹ സമാധാനത്തിൻറെ വിശുദ്ധ തളിരിലയായി അമ്മത്തൊട്ടിലിൽ ഒലീവ എത്തി.
നിർമ്മലമായ സ്നേഹ സമാധാനത്തിൻറെ വിശുദ്ധ തളിരിലയായി അമ്മത്തൊട്ടിലിൽ ഒലീവ എത്തി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള മാതൃത്വ സ്നേഹ സുരക്ഷയുടെ അമ്മത്തൊട്ടിലിൻറെ സാന്ത്വനത്തിലേക്കാണ് നവാഗതയുടെ വരവ്. തിങ്കൾ വെളുപ്പിന് 3 മണിയ്ക്ക് അഞ്ച് ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് സർക്കാരിൻറെ പരിചരണയ്ക്കായി കടന്നുവന്നത്.
വംശീയ വേർതിരിവും ആഗോള യുദ്ധഭ്രാന്തും നരകതുല്യമാക്കിയ കുട്ടികളുടേയും സ്ത്രീകളുടേയും നിലയ്ക്കാത്ത നിലവിളികൾ ഉയരുന്ന ഗാസയിലെയും യുദ്ധ വൈരിപൂണ്ട സാമ്രാജ്യത്വ ആയുധ ഇടനിലകളും ആണവ യുദ്ധ ഭീതിയിലാണ്ട ചെങ്കടൽ മേഖലയും ലോക മനസാക്ഷിയെ ദുഖത്തിലാഴ്ത്തുന്ന ഭീതിയുടെ കാലത്ത് സമാധാനത്തിൻറേയും സൌഹൃദ സാഹോദര്യത്തിൻറേയും സ്നേഹ പ്രതീകമായ ഒലീവ് മരച്ചില്ലയെ സാക്ഷ്യപ്പെടുത്തി കുഞ്ഞിന് ഒലീവ എന്നു പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ. അരുൺ ഗോപി പത്രകുറിപ്പിൽ അറിയിച്ചു. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 608-ാ മത്തെ കുട്ടിയാണ് പോറ്റമ്മമാരുടെ സംരക്ഷണയ്ക്കായി എത്തിയത്.
അഥിതിയുടെ വരവ് അറിയിച്ചുകൊണ്ട് ദത്തെടുക്കൽ കേന്ദ്രത്തിൽ സന്ദേശം എത്തിയ ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരും ആയമാരും സുരക്ഷാ ജീവനക്കാരും ചേർന്ന് ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച കുട്ടിയെ
വിദഗ്ധ ആരോഗ്യ പരിശോധനകൾക്കായി തൈക്കാട് കുട്ടികളുടേയും സ്ത്രീകളുടേയും ആശുപത്രിയിൽ എത്തിച്ച് പരിശോധനകൾ നടത്തി. പൂർണ്ണ ആരോഗ്യവതിയായ കുട്ടി സമിതിയുടെ തിരുവനന്തപുരം ദത്തെടുക്കൽ കേന്ദ്രത്തിൽ പരിചരണയിലാണ്.
2024 ൽ ഇതുവരെയായി തിരുവനന്തപുരം അമ്മത്തൊട്ടിൽ വഴി ലഭിക്കുന്ന 14 മത്തെ കുട്ടിയാണ് നവാഗത. ഒന്നര വർഷത്തിനിടയിൽ 108 കുട്ടികളെ നിയമപരമായും സുതാര്യവുമായി ദത്ത് നൽകൽ വഴി സമിതി എക്കാലത്തേയും വലിയ മികവിലൂടെ രാജ്യത്തിന് തന്നെ മാതൃകയായി രിക്കുകയാണ്.
കുട്ടിയുടെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി.എൽ. അരുൺഗോപി പത്രക്കുറിപ്പിൽ അറിയിച്ചു