കൂട്ടിലായ കടുവ, ആരാധിക്കുന്ന കടുവ, ഇണ ചേരൽ കാലവും
- Posted on December 19, 2023
- Localnews
- By Dency Dominic
- 188 Views
മിത്തുകളിലും, കഥകളിലും പറയുന്ന പോലെ അലറി വിളിച്ച് ഇരയുടെ മേൽ ചാടി വീണു സംഹാര താണ്ഡവമാടുന്ന ഒരു വ്യാഘ്രം ഒന്നുമല്ല കടുവ
നാട്ടിലിറങ്ങി പ്രശ്നമുണ്ടാക്കിയ കടുവയെ നാം വയനാട്ടിൽ, കൂട്ടിലാക്കി. കൂട്ടിലാക്കിയാൽ തീരാത്ത പ്രശ്നമായി കടുവ - വന്യ - മൃഗ - മനുഷ്യ സംഘർഷം രൂക്ഷമാകുമ്പോൾ പിൻ ചരിത്രവും ചില വസ്തുതകളും പരിശോധിക്കുന്നത് നന്നാകും. കടുവകളെ ആരാധിച്ചിരുന്ന ഒരു ഗോത്ര സംസ്കാരം നമുക്ക് പിൻ ചരിത്രത്തിൽ ദർശിക്കാൻ കഴിയും.
പ്രധാന ദൈവമായി കണക്കാക്കിയാണ് ആരാധന. കാട്ടിന് നടുവിൽ ജീവിക്കുന്ന ഗോത്ര സമുദായങ്ങൾക്ക് അതിജീവനത്തിന്റെ ആന്തരിക ശക്തി കടുവാരാധന തന്നെയാണ്. പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ സഹജീവനം (co existence )ഈ ജനവിഭാഗങ്ങൾക്ക് സാധ്യമാവുന്നത് ഇത്തരമൊരു ആത്മീയ ശക്തി കൊണ്ടാണെന്ന് കരുതണം. കടുവാരാധകർക്കിടയിൽ കടുവ ദൈവം പൊതുവിൽ വാഘോബാ എന്നറിയപ്പെട്ടു, ഭൈന, ഭാരിയ, ഭത്ര, ഗോണ്ട്, കോൾ കൊർക്കു തുടങ്ങി മധ്യേന്ത്യയിലെയും, ഉത്തരേന്ത്യയിലെയും എണ്ണമറ്റ ആദിവാസി ജനവിഭാഗങ്ങൾ കടുവയെ ദൈവമായി ആരാധിച്ചു പോന്നു. വാഘോബായായും, വാഘ് ഗുരുവായും, വാഘേശ്വറായും കടുവ അവർക്കിടയിലെ ആത്മീയ സാന്നിധ്യമായി.
ഇന്ത്യയുടെ കടുവ ഭൂമി എന്ന വിശേഷണത്തിന് എന്ത് കൊണ്ടും യോഗ്യമായ തടോബാ കടുവ സങ്കേതത്തിന്റെ പ്രവിശ്യകളിൽ കടുവാരാധന ഉണ്ടായിരുന്നതായി തെളിവുകളുണ്ട്.
സാധാരണയായി നവംബര്‍ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളാണ് കടുവകളുടെ ഇണ ചേരൽ കാലം. പൊതുവെ ഏകാകികളായ കടുവകളുടെ ലൈംഗിക ജീവിത കാലത്ത് ഒറ്റക്കുള്ള ജീവിതത്തിനു താല്ക്കാലിക വിരാമം നൽകുന്നു. ഈ സമയങ്ങളിൽ ഇണയെ ആകർഷിക്കുന്നതിന് വേണ്ടി ഉച്ഛത്തിൽ ശബ്ദമുണ്ടാക്കി പരസ്പര സാന്നിധ്യം അറിയിക്കുന്നു. കാട്ടില്‍ കടുവയുടെ ശബ്ദം മുഴങ്ങിക്കേൾക്കുന്ന ഒരേ ഒരു സമയം ഇതായിരിക്കാം . മിത്തുകളിലും, കഥകളിലും പറയുന്ന പോലെ അലറി വിളിച്ച് ഇരയുടെ മേൽ ചാടി വീണു സംഹാര താണ്ഡവമാടുന്ന ഒരു വ്യാഘ്രം ഒന്നുമല്ല കടുവ. സ്വതവേ ശാന്ത ശീലരായ രജോഗുണശാലികളായവരാണ് കടുവകൾ.
ഇണചേരൽ നടക്കുന്ന രണ്ടോ, മൂന്നോ ആഴ്ചകൾ ഇവർ ഒന്നിച്ചു ജീവിക്കുന്നു, ദിവസത്തിൽ പത്തിലധികം തവണ ഇണ ചേർന്ന് ഇണ ചേരൽകാലം ആഘോഷമാക്കുന്നു. ഇണ ചേരൽ സമയം കഴിയുന്നതോടെ ഇരുവരും വേർപിരിയുകയും, ശേഷം പെൺകടുവ ഗർഭകാലത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. തൊണ്ണൂറു മുതൽ നൂറ്റി ഇരുപത് ദിവസം വരെ നീളുന്ന ഗർഭ കാലവും പിന്നീട് ഏകദേശം രണ്ടര വർഷത്തോളം നീളുന്ന പാരന്റിങ് കാലവും കഴിഞ്ഞു മാത്രമേ പെൺ കടുവ പിന്നീട് ഇണ ചേരലിന് തയ്യാറാവുകയുള്ളൂ. ആൺ കടുവ ഈ സമയങ്ങളിൽ മറ്റു ഇണകളെ തേടുകയും വംശ വർധന എന്ന തന്റെ ജൈവിക ചോദന നിറവേറ്റുന്നതിൽ ബദ്ധശ്രദ്ധനാവുകയും ചെയ്യുന്നു.
കടുവകൾ ശത്രുക്കളല്ലാതിരുന്ന കാലത്തിൽ നിന്നും ഇപ്പോൾ കടുവകളെ "നരഭോജി" എന്ന് നാം വിളിക്കുന്ന സാഹചര്യത്തിലേക്ക് എങ്ങനെ എത്തിയെന്ന ശാസ്ത്രീയ പഠനങ്ങളും സുസ്ഥിരമായ ആവാസ വ്യവസ്ഥ പരിപാലനവും ഉണ്ടായില്ലെങ്കിൽഎത്ര കടുവകളെ കൂട്ടിലാക്കിയാലും തീരാത്ത പ്രതിസന്ധിയായി കടുവാ - വന്യമൃഗ - മനുഷ്യ സംഘർഷം കൂടുതൽ രൂക്ഷമാകുക തന്നെ ചെയ്യും.