മുളങ്കാടുകൾ പൊഴിക്കുന്ന സംഗീതധാരയുമായി, ഉണ്ണികൃഷ്ണൻ പാക്കനാരും സംഘവും
- Posted on December 04, 2021
- Localnews
- By Deepa Shaji Pulpally
- 824 Views
തൃശ്ശൂർ പാക്കനാർ ബാംബൂ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മുള സംഗീതവിരുന്നിന് വനംവകുപ്പിന്റെ " ബ്രാൻഡഡ് മ്യൂസിക് " അംഗീകാരവും ലഭിച്ചിട്ടുണ്ട്
2021 - 2022 - ൽ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ബാംബൂ ഫെസ്റ്റിവലിന്റെ ഭാഗമായി മുള ഉൽപന്നങ്ങളിൽ സംഗീതം പൊഴിച്ച് പ്രേക്ഷകരുടെ മനം കവരുകയാണ് ബാംബൂ സിംഫണി ഉപജ്ഞാതാവ് ശ്രീ.ഉണ്ണികൃഷ്ണൻ പാക്കനാരും, സംഘവും.
തൃശ്ശൂർ പാക്കനാർ ബാംബൂ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ മുള സംഗീതവിരുന്നിന് വനംവകുപ്പിന്റെ " ബ്രാൻഡഡ് മ്യൂസിക് " അംഗീകാരവും ലഭിച്ചിട്ടുണ്ട്.
പാക്കനാർ ബാംബൂ കോർപ്പറേഷൻ തൃശ്ശൂർ വാഴച്ചാലിൽ വനം വകുപ്പിനെയും, കൊരട്ടി പോളിടെക്നിക് കമ്മ്യൂണിറ്റി ടീമിനെയും സഹകരണത്തോടെ എസ്.ടി വിദ്യാർത്ഥികൾക്കായി പുല്ലാംകുഴൽ പോലെയുള്ള സംഗീത ഉപകരണങ്ങളുടെ പരിശീലന കേന്ദ്രം നടത്തി വരുന്നു. കൂടാതെ മുള കൊണ്ടുള്ള ഉപകരണങ്ങളുടെ നിർമ്മാണവും, പ്രദർശനവും പ്രോത്സാഹിപ്പിച്ചു പോരുന്നു.
ഗ്രീൻസ് വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം സജീവ പ്രവർത്തകനായ ശ്രീ.ഉണ്ണികൃഷ്ണൻ പാക്കനാർ മുളങ്കാടുകൾ നിർമ്മിക്കുന്നതിനും, മുള ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിലും സ്ഥിരോത്സാഹിയാണ്.
അതിനാൽ തന്നെ ഗ്രീൻസ് ചെയർമാൻ ശ്രീ. റഷീദ് ഇമേജ് ബത്തേരി യുടെ നേതൃത്വത്തിൽ 'ക്ലീൻ സിറ്റി, ബ്യൂട്ടി ഫിക്കേഷൻ, നഗരവൽക്കരണത്തിന്റെ' ഭാഗമായി കൊച്ചി, ആതിരപ്പള്ളി, വയനാട് ജില്ലകളിൽ അന്താരാഷ്ട്ര ബാംബൂ ഫെസ്റ്റിവലിനോ ടനുബന്ധിച്ച് നടക്കുന്ന ക്യാമ്പയിനിൽ മുള നട്ടുപിടിപ്പിക്കുന്ന ഉദ്യമത്തിലും ശ്രീ. പാക്കനാർ സജീവ പങ്കാളിയായിരുന്നു.
ഉണ്ണികൃഷ്ണൻ പാക്കനാരുടെയും, സംഘത്തിന്റെയും ബാംബൂ സിംഫണി നാഗാലാൻഡിൽ നടന്ന ലോക മുള കോൺഗ്രസിൽ ഏറെ ശ്രദ്ധ നേടി. ഇതിനുപുറമേ ബാംബൂ സിംഫണി ഫെസ്റ്റ് കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലും അവതരിപ്പിച്ച് ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നു.
പാക്കനാർ ബാംബൂ സിംഫണിയുടെ കീഴിൽ 15 - കലാകാരന്മാർ പ്രവർത്തിക്കുന്നുണ്ട്. പ്രകൃതി സൗഹൃദ സംരക്ഷണത്തിന്റെ ഭാഗമായാണ് മുളയിൽ തീർത്ത ഉപകരണങ്ങളിലൂടെ ഇത്തരം സംഗീതത്തിന് രൂപകൽപ്പന ചെയ്യാൻ ശ്രീ.പാക്കനാരെ പ്രേരിപ്പിച്ചത്.
അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സിംഫണിയിലെ ശ്രദ്ധേയമായ താളങ്ങൾ പ്രകൃതിയുമായി ഇഴുകിച്ചേർന്ന് കിടക്കുന്നവയാണ്. പരിസ്ഥിതി സംരക്ഷണത്തിനായി സമർപ്പിക്കപ്പെട്ടിരിക്കുന്ന ഈ സംഗീത ട്രാക്കുകളിൽ പ്രകൃതിയുടെ സംഗീതമെല്ലാം നിഴലിച്ചു നിൽക്കുന്നു.
പ്രത്യേകിച്ചും മഴയുടെ ശബ്ദം, തിരമാലകളുടെ അലയടികൾ, വെള്ളച്ചാട്ടങ്ങൾ, നദി, ഗുഹകളിലെ പ്രതിധ്വനികൾ, പക്ഷികളു ടെ കൂജനങ്ങൾ, ഇടിമുഴക്കം തുടങ്ങിയവയെല്ലാം ബാംബൂ സിംഫണിയിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ പ്രതിധ്വനിപ്പിക്കുന്നു.