നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ യജ്ഞം.
- Posted on April 05, 2025
- News
- By Goutham prakash
- 89 Views
നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്,
തിരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയുടെ പ്രത്യേക പുതുക്കൽ യജ്ഞം
പ്രഖ്യാപിച്ചു. ഏപ്രിൽ 1 ന് 18 വയസ് പൂർത്തിയാകുന്നവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കുവാൻ അവസരം ലഭിക്കും. ഇതിന്റെ ഭാഗമായി പോളിംഗ് ബൂത്തുകളുടെ പുനക്രമീകരണവും നടക്കുന്നുണ്ട്. വോട്ടർമാരുടെ സൗകര്യം കണക്കിലെടുത്ത് ഓരോ ബൂത്തിലെയും സമ്മതിദായകരുടെ എണ്ണം 1200 ആയി പരിമിതപ്പെടുത്തുവാനാണ് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുള്ളത്. സമ്മതിദായകരുടെ എണ്ണം കൂടുതലുള്ള ബൂത്തുകൾക്ക് മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി ആക്സിലറി ബൂത്തുകൾക്ക് പകരം പുതിയതായി സ്ഥിരം പോളിംഗ് ബൂത്തുകളാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി സജ്ജീകരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പരിപൂർണ്ണമായി പാലിച്ചുകൊണ്ടാണ് പുതിയ പോളിംഗ് ബൂത്തുകൾ സൃഷ്ടിക്കുന്നതിനുള്ള പ്രൊപ്പോസൽ സമർപ്പിക്കുന്നത്.
നിയമസഭാ, ജില്ലാ തലങ്ങളിൽ രാഷ്ട്രീയ കഷികളുടെ യോഗം കൂടിയ ശേഷം പ്രസ്തുത യോഗത്തിന്റെ നടപടിക്കുറിപ്പ് സഹിതമാണ് പ്രൊപ്പോസൽ തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിക്കുന്നത്. വോട്ടർമാരെ ക്രമം തെറ്റാതെയാകും പുതിയ ബൂത്തിലേയ്ക്ക് ക്രമീകരിക്കുന്നത്. അസിസ്റ്റന്‍റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പോളിംഗ് ബൂത്തുകൾ നേരിട്ട് പരിശോധിച്ച് ഭൗതിക സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് പ്രൊപ്പോസൽ സമർപ്പിക്കുന്നത്. പുതിയ പോളിംഗ് സ്റ്റേഷനുകൾ സമ്മതിദായകർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ അതത് പോളിംഗ് പ്രദേശത്ത് തന്നെയാണ് സജ്ജീകരിച്ചുട്ടുള്ളത്. ഇതനുസരിച്ച് 59 പുതിയ പോളിംഗ് ബൂത്തുകൾ ഉൾപ്പെടെ അകെ 263 പോളിംഗ് ബൂത്തുകളാണ് നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ ഉണ്ടാകുക. കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പിൽ പരാതി ഉയർന്ന നീണ്ട വരി പോലുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് ബൂത്ത് ലെവൽ ഓഫീസർമാരെ നിയമിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതാണ്.
ഇതു സംബന്ധിച്ചുള്ള പരാതികൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ 1950 എന്ന ടോൾ ഫ്രീ നമ്പറിലോ ഔദ്യോഗിക ഇമെയിൽ
(ceo_kerala@eci.gov.in)വിലാസത്തിലോ അറിയിക്കാവുന്നതാണ്.
