ആരുടെ പിഴ? പ്രിയപ്പെട്ടവർക്ക് വിട

 ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു

കൊച്ചി:  കണ്ണടച്ചു തുറക്കുന്ന വേഗതയിലാണ് ഒരു ദുരന്തത്തിന് നാട് സാക്ഷിയായത്. ഉറ്റവരെ നഷ്ടമായതിന്റെ നടുക്കം ഇനിയും വിട്ടുമാറിയിട്ടില്ല. ആരുടെ പിഴവാണ് ദുരന്തത്തിന് പിന്നിലെന്ന് വ്യക്തമായിട്ടില്ല. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിന്റെ നേതൃത്വത്തിൽ നടത്തിയ ടെക്ഫെസ്റ്റിലെ ഗാനമേളയ്‌ക്കെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ടു മരിച്ച  സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥികളായ കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകൻ അതുൽ തമ്പി (21), പറവൂർ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടിൽ കെ.ജി.റോയിയുടെ മകൾ ആൻ റിഫ്ത റോയി (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നിൽ താമസിക്കുന്ന വയലപ്പള്ളിൽ തോമസ് സ്കറിയയുടെ മകൾ സാറ തോമസ് (20) എന്നിവർക്ക് നാട് വിട നൽകി. 

 മൃതദേഹം ക്യാംപസിൽ എത്തിച്ചപ്പോൾ,  ഇന്നലെവരെ ഒപ്പം നടന്നവരുടെ ചേതനയറ്റ ശരീരം കണ്ട് ദുഃഖം താങ്ങാനാകാതെ അധ്യാപകരും സഹപാഠികളും പൊട്ടിക്കരഞ്ഞു. സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. സംഭവത്തിൽ വൈസ് ചാൻസലറോടും (വിസി) ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോടും റിപ്പോർട്ട് തേടി. സർവകലാശാലയുടെ സിൻഡിക്കേറ്റ് സബ് കമ്മറ്റിയുടെ അന്വേഷണം വൈസ് ചാൻസലർ പ്രഖ്യാപിച്ചിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയിലുള്ള വിദ്യാർഥികളുടെ ചികിത്സാ ചെലവ് സർവകലാശാല വഹിക്കും. അസ്വഭാവിക മരണത്തിനു പൊലീസും കേസെടുത്തിട്ടുണ്ട്.

അപകടത്തിൽ 66 പേർക്ക് പരുക്കേറ്റിരുന്നു. പരുക്കേറ്റ 4 പേരുടെ നില ഗുരുതരമാണ്. ഗുരുതരനിലയിലുള്ളവരിൽ 2 പേർ മെഡിക്കൽ കോളജ് ആശുപത്രിയിലും കായംകുളം സ്വദേശി ഗീതാഞ്ജലി, മലപ്പുറം സ്വദേശി ശ്വേത എന്നിവർ ആസ്റ്റർ മെഡ്സിറ്റിയിലുമാണ്. 46 പേരെ കളമശേരി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും 16 പേരെ പത്തടിപ്പാലം കിൻഡർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ ഗാനസന്ധ്യയ്ക്ക് ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ കയറാനെത്തിയവരാണു തിക്കിലും തിരക്കിലുംപെട്ടത്. ഏഴു മണിക്കാണു ഗാനമേള തുടങ്ങാൻ നിശ്ചയിച്ചിരുന്നത്. ഇതിനായി സംഘാടകസമിതി നൽകിയ കറുത്ത ടീഷർട്ടിട്ട കുറച്ചുപേരെ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിച്ചിരുന്നു. ധാരാളം വിദ്യാർഥികൾ ഇതേസമയം പുറത്തു തടിച്ചുകൂടി.

ഇതിനിടെ മഴപെയ്തതോടെ വിദ്യാർഥികളുടെ തള്ളലിൽ ഗേറ്റ് തുറന്നപ്പോൾ പലരും വീണു. ഗേറ്റു തുറക്കുന്നതു താഴേക്കു കുത്തനെയുള്ള പടികളിലേക്കായതിനാൽ തിക്കിലും തിരക്കിലും കൂടുതൽ പേർ വീണു. വീണവരെ ചവിട്ടി പിന്നിലുള്ളവരും വീണതോടെ സ്ഥിതി ഗുരുതരമായി. തലയടിച്ചാണു പലരും വീണത്.

Author
No Image
Journalist

Dency Dominic

No description...

You May Also Like