വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങൾക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രം
- Posted on July 11, 2025
- News
- By Goutham prakash
- 95 Views
സി.ഡി. സുനീഷ്
വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നിവയ്ക്കായി ആയിരം കോടിയിലധികം രൂപ കേന്ദ്രം അനുവദിച്ചു. കേരളത്തിന് 153.20 കോടി രൂപ അനുവദിച്ചു.
വെള്ളപ്പൊക്ക, മണ്ണിടിച്ചിൽ ബാധിത സംസ്ഥാനങ്ങളായ അസം, മണിപ്പൂർ, മേഘാലയ, മിസോറം, കേരളം, ഉത്തരാഖണ്ഡ് എന്നിവയ്ക്കായി 1,066.80 കോടി രൂപ അനുവദിക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകി.
വെള്ളപ്പൊക്ക ബാധിതമായ ആറ് സംസ്ഥാനങ്ങളിൽ, അസമിന് 375.60 കോടി രൂപയും മണിപ്പൂരിന് 29.20 കോടി രൂപയും മേഘാലയയ്ക്ക് 30.40 കോടി രൂപയും മിസോറാമിന് 22.80 കോടി രൂപയും കേരളത്തിന് 153.20 കോടി രൂപയും ഉത്തരാഖണ്ഡിന് 455.60 കോടി രൂപയും സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിലേക്കുള്ള (SDRF) കേന്ദ്ര വിഹിതമായി അനുവദിച്ചു. ഈ വർഷത്തെ തെക്ക്-പടിഞ്ഞാറൻ മൺസൂൺ മൂലമുണ്ടായ അതിശക്തമായ മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവ ഈ സംസ്ഥാനങ്ങളെ രൂക്ഷമായി ബാധിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മാർഗ്ഗനിർദേശത്തിലും, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം എന്നീ പ്രകൃതി ദുരന്തങ്ങൾ ബാധിച്ച സംസ്ഥാനങ്ങൾക്ക് സാധ്യമായ എല്ലാ സഹായവും നൽകാൻ കേന്ദ്ര സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണ്. ഏതു പ്രതികൂല സാഹചര്യത്തിലും മോദി സർക്കാർ സംസ്ഥാനങ്ങൾക്കൊപ്പം ഉറച്ചുനിൽക്കും.
14 സംസ്ഥാനങ്ങൾക്കായി SDRF ൽ നിന്ന് 6,166.00 കോടി രൂപയും, 12 സംസ്ഥാനങ്ങൾക്കായി NDRF ൽ നിന്ന് 1,988.91 കോടി രൂപയും ഈ വർഷം ഇതിനോടകം കേന്ദ്രം അനുവദിച്ചിട്ടുണ്ട്. കൂടാതെ, അഞ്ച് സംസ്ഥാനങ്ങൾക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് (SDMF) 726.20 കോടി രൂപയും ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്നും (NDMF) 17.55 കോടി രൂപ രണ്ട് സംസ്ഥാനങ്ങൾക്കും അനുവദിച്ചിട്ടുണ്ട്.
വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മേഘവിസ്ഫോടനം എന്നിവ ബാധിച്ച എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യമായ NDRF സംഘങ്ങൾ, സൈനിക സംഘങ്ങൾ, വ്യോമസേനാ പിന്തുണ എന്നിവ ഉൾപ്പെടെ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്. നിലവിലെ മൺസൂൺ കാലത്ത്, രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി 21 സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളിലായി NDRF ന്റെ 104 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്.
