ഹഡില്‍ ഗ്ലോബല്‍: മാലിന്യ സംസ്കരണത്തിനും കുടിവെള്ള വിതരണത്തിനും സ്റ്റാര്‍ട്ടപ്പുകള്‍ റെഡി
- Posted on November 21, 2023
- Localnews
- By Dency Dominic
- 210 Views
സര്‍വത്ര വെള്ളം, എല്ലാവര്‍ക്കും കുടിവെള്ളം അഗ്വാ ഇന്ത്യ സ്റ്റാര്‍ട്ടപ്പിന്‍റെ ലക്ഷ്യം
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സ്റ്റാര്‍ട്ട് അപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബലിലെ മാലിന്യ സംസ്ക്കരണം, കുടിവെള്ള വിതരണം എന്നിവയ്ക്ക് പിന്നില്‍ രണ്ട് മലയാളി സ്റ്റാര്‍ട്ടപ്പുകള്‍. കേരള സ്റ്റാര്‍ട്ടപ്പ് മിഷനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഗ്വാ ഇന്ത്യ, അര്‍ബന്‍ ട്രാഷ് എന്നീ സ്റ്റാര്‍ട്ടപ്പുകളാണ് മൂന്ന് ദിവസങ്ങളിലായി അടിമലത്തുറ ബീച്ചില്‍ നടന്ന പതിനയ്യായിരത്തിലധികം പേര്‍ പങ്കെടുത്ത ഹഡില്‍ ഗ്ലോബലില്‍ സേവന മികവിലൂടെ വ്യത്യസ്തമാകുന്നത്.
മലയാളിയായ മുഹമ്മദ് ഷാജറും മുസ്തഫയും 2020ല്‍ ആരംഭിച്ച സ്റ്റാര്‍ട്ടപ്പായ അഗ്വാ ഇന്ത്യ ദിവസേന 10000 ലിറ്റര്‍ കുടിവെള്ളമാണ് ഹഡില്‍ ഗ്ലോബലില്‍ വിതരണം ചെയ്തത്. 50 കിയോസ്കുകളിലൂടെ 25 തൊഴിലാളികളെ ഇതിനായി ഏര്‍പ്പെടുത്തിയിട്ടുണ്ട്. സര്‍വത്ര വെള്ളം, എല്ലാവര്‍ക്കും കുടിവെള്ളം എന്നതാണ് മുഹമ്മദ് ഷാജറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച അഗ്വാ ഇന്ത്യ സ്റ്റാര്‍ട്ടപ്പിന്‍റെ ലക്ഷ്യം. കുടിവെള്ളവുമായി ബന്ധപ്പെട്ടതെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യയുടെ ദൗത്യം.
മഴവെള്ളം സംഭരിച്ച് ആവശ്യക്കാര്‍ക്ക് നല്‍കുന്ന വാട്ടര്‍ ബാങ്കുകള്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള തയ്യാറെടുപ്പിലാണ് മുഹമ്മദ് ഷാജര്‍. ശുദ്ധജലം ശേഖരിച്ച് സംഭരിച്ച് വയ്ക്കുകയാണ് അഗ്വാ ഇന്ത്യ മുന്നോട്ട് വയ്ക്കുന്ന വാട്ടര്‍ ബാങ്ക് സിസ്റ്റം. രാജ്യത്തിന് അകത്തും പുറത്തും വിവിധ ഭാഗങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ശുദ്ധമായ കുടിവെള്ളം കിട്ടാന്‍ നേരിട്ട പ്രയാസങ്ങളില്‍നിന്നാണ് ഇത്തരമൊരു സംരംഭത്തെക്കുറിച്ചു ചിന്തിച്ചതെന്ന് മുഹമ്മദ് ഷാജര്‍ പറഞ്ഞു. ശുദ്ധീകരിച്ച വെളളം ശേഖരിച്ച് എല്ലാവര്‍ക്കും ലഭ്യമാക്കുക എന്നതാണ് അഗ്വാ ഇന്ത്യയുടെ ഉദ്ദേശ്യമെന്നും അദ്ദേഹം പറഞ്ഞു.
വാട്ടര്‍ ഗാലണ്‍, പ്യൂരിഫയറുകള്‍, വാട്ടര്‍ ടാങ്കറുകള്‍, വാട്ടര്‍ ബാങ്കുകള്‍, പാനീയങ്ങള്‍ തുടങ്ങിയവ ഒരു കുടക്കീഴില്‍ അഗ്വ ഇന്ത്യ ലഭ്യമാക്കുന്നു. അത്യാധുനിക സാങ്കേതികവിദ്യയാണ് അഗ്വാ ഇന്ത്യ ഉപയോഗിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. മഴവെള്ള സംഭരണം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായി മഴവെള്ളം ശേഖരിക്കുന്നവര്‍ക്ക് അഗ്വാ ഇന്ത്യ ധനസഹായവും നല്‍കുന്നുണ്ട്. അഗ്വാ ഇന്ത്യ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ രജിസ്റ്റര്‍ ചെയ്യുന്ന ആവശ്യക്കാര്‍ക്ക് കുടിവെള്ളം എത്തിക്കാന്‍ ഇവര്‍ക്ക് സാധിക്കും. കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ച അഗ്വാ ഇന്ത്യയ്ക്ക് ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ശാഖകളുണ്ട്. യുഎന്‍ ഉള്‍പ്പെടെയുള്ളവയുടെ അംഗീകാരവും ഇവരെ തേടിയെത്തിയിട്ടുണ്ട്.
അര്‍ബന്‍ ട്രാഷിലെ അറുപതോളം പേരാണ് ഹഡില്‍ ഗ്ലോബലിലെ മുഴുവന്‍ മാലിന്യങ്ങളും മിനിറ്റുകള്‍ക്കുള്ളില്‍ നീക്കം ചെയ്തത്. ഹഡില്‍ ഗ്ലോബല്‍ വേദിയിലെ മാലിന്യങ്ങള്‍ ശേഖരിച്ച് വിവിധ വിഭാഗങ്ങളായി തിരിച്ച് കൊച്ചിയിലെ പ്ലാന്‍റിലേക്ക് കൊണ്ടു പോയാണ് സംസ്കരിക്കുന്നത്. പുനരുപയോഗ സാധ്യതയുള്ള മാലിന്യങ്ങള്‍ പ്ലാന്‍റില്‍ തന്നെ വേര്‍തിരിക്കും. ഇ-വേസ്റ്റ് അടക്കമുള്ളവ ഏജന്‍സികള്‍ക്ക് കൈമാറും.
പൊതു-സ്വകാര്യ ഇടങ്ങളിലെല്ലാം അര്‍ബന്‍ ട്രാഷിന്‍റെ സേവനം ഉപയോഗിക്കാം. ശേഖരിക്കുന്ന മാലിന്യത്തിന്‍റെ അളവനുസരിച്ച് നിരക്ക് നിശ്ചയിക്കും. ആയിരം മുതല്‍ 18,000 വരെയാണ് സബ്സ്ക്രിപ്ഷന്‍ നിരക്ക്. വെബ്സൈറ്റിലൂടെ ആവശ്യമുള്ള സബ്സ്ക്രിബ്ഷന്‍ തെരഞ്ഞെടുക്കാം.
മാലിന്യ സംസ്കരണ ദൗത്യത്തിന് നേതൃത്വം നല്കുന്ന താജുദ്ദീന്‍ അബൂബക്കറാണ് അര്‍ബന്‍ ട്രാഷിന്‍റെ സിഇഒ. ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് അര്‍ബന്‍ ട്രാഷ് ലക്ഷ്യമിടുന്നതെന്ന് താജുദ്ദീന്‍ അബൂബക്കര്‍ പറഞ്ഞു. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അര്‍ബന്‍ ട്രാഷിന്‍റെ രണ്ടാമത്തെ മാലിന്യ സംസ്കരണ പ്ലാന്‍റ് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് തുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
സി.ഡി.സുനീഷ്