ലൈസൻസിലെ ഫോണ്‍ നമ്പര്‍ മാറ്റിയോ, സൂക്ഷിക്കുക, വലിയൊരു പണി വരുന്നുണ്ട്.
- Posted on February 16, 2026
- News
- By Goutham prakash
- 38 Views
നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസിലോ വാഹനത്തിന്റെ ആർസി ബുക്കിലോ നല്‍കിയിരിക്കുന്ന മൊബൈല്‍ നമ്പർ ഇപ്പോള്‍ ഉപയോഗിക്കുന്നതാണോ?
അല്ല എങ്കില്‍ നിങ്ങള്‍ വലിയൊരു കുഴപ്പത്തിലേക്കാണ് പോകുന്നത്. പലപ്പോഴും പണ്ട് എടുത്ത ലൈസൻസിലെ നമ്പർ ഇപ്പോള്‍ നിലവിലുണ്ടാകില്ല. ഇത് കാരണം ട്രാഫിക് പിഴകള്‍ വരുമ്പോഴോ, ലൈസൻസ് പുതുക്കേണ്ട സമയത്തോ ഒക്കെയുള്ള സുപ്രധാന എസ്‌എംഎസ് (SMS) സന്ദേശങ്ങള്‍ നിങ്ങള്‍ അറിയാതെ പോകും. ഇത് പിന്നീട് വലിയ തുക പിഴയായി നല്‍കേണ്ട സാഹചര്യം ഉണ്ടാക്കും.
മുൻപൊക്കെ ഇത്തരം ചെറിയ മാറ്റങ്ങള്‍ വരുത്താൻ പോലും ആർടി ഓഫീസുകളില്‍ നേരിട്ട് പോകണമായിരുന്നു. എന്നാല്‍ ഇപ്പോള്‍ മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങളുടെ സ്മാർട്ട് ഫോണ്‍ വഴി തന്നെ മൊബൈല്‍ നമ്പർ ഓണ്‍ലൈനായി മാറ്റാം. ഇതിനായി നിങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ താഴെ പറയുന്നവയാണ്.
മാറ്റം വരുത്തേണ്ടത് എങ്ങനെ.
കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ 'പരിവാഹൻ' (Parivahan) പോർട്ടല്‍ വഴിയാണ് ഈ സേവനം ലഭ്യമാകുന്നത്. ആദ്യം parivahan.gov.in എന്ന സൈറ്റില്‍ പ്രവേശിക്കുക. ഹോം പേജിലെ 'Online Services' എന്നതില്‍ നിന്നും 'Driving License Related Services' തിരഞ്ഞെടുക്കുക. ലിസ്റ്റില്‍ നിന്നും സംസ്ഥാനം തിരഞ്ഞെടുക്കുക. മുകളിലെ മെനു ബാറിലുള്ള 'Others' എന്ന ഓപ്ഷനില്‍ പോയാല്‍ 'Mobile Number Update' എന്നത് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ലൈസൻസ് നമ്പറും, അത് ഇഷ്യൂ ചെയ്ത തീയതിയും, ജനനത്തീയതിയും നല്‍കി 'Submit' ചെയ്യുക. നിങ്ങളുടെ ആധാർ നമ്പറുമായി ബന്ധിപ്പിച്ച ഫോണിലേക്ക് ഒരു ഒടിപി വരും. അത് നല്‍കി പുതിയ നമ്പർ ടൈപ്പ് ചെയ്താല്‍ ഉടൻ തന്നെ മാറ്റം സേവ് ചെയ്യപ്പെടും.
എന്തുകൊണ്ട് ഇത് നിർബന്ധമായും ചെയ്യണം
ഇന്ന് റോഡിലെ ക്യാമറകള്‍ വഴി ലഭിക്കുന്ന പിഴകള്‍ മുതല്‍ ഇൻഷുറൻസ് റിമൈൻഡറുകള്‍ വരെ മൊബൈല്‍ വഴിയാണ് വരുന്നത്. നിങ്ങളുടെ നമ്പർ അപ്‌ഡേറ്റ് അല്ല എങ്കില്‍, കോടതിയില്‍ നിന്ന് സമൻസ് വരുമ്പോള്‍ മാത്രമാകും പലപ്പോഴും നിങ്ങള്‍ കേസിനെക്കുറിച്ച് അറിയുക. കൂടാതെ സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും മൊബൈല്‍ നമ്പർ കൃത്യമാണെങ്കില്‍ മാത്രമേ ഒടിപി വഴിയുള്ള നടപടികള്‍ വേഗത്തിലാകൂ.
ശ്രദ്ധിക്കുക
വാഹനത്തിന്റെ ആർസി ബുക്കിലെ നമ്പറാണ് മാറ്റേണ്ടതെങ്കില്‍ 'Vehicle Related Services' എന്ന ഓപ്ഷനാണ് തിരഞ്ഞെടുക്കേണ്ടത്. ഇതിനായി നിങ്ങളുടെ വാഹനത്തിന്റെ ചേസിസ് നമ്പറും എൻജിൻ നമ്പറും കൂടി കൈയ്യില്‍ കരുതുക. ഈ പുതിയ ഓണ്‍ലൈൻ സൗകര്യം വഴി ഏജന്റുമാരുടെ സഹായമില്ലാതെ തന്നെ ചെയ്ത് നിങ്ങള്‍ക്ക് പണം ലാഭിക്കാം.
