വയനാട്ടിലെഎന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് തിരി തെളിയും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷമായ എന്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ഇന്ന് (ഏപ്രിൽ 22) തിരി തെളിയും. പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ജില്ലാതല യോഗം ഇന്ന് (ഏപ്രിൽ 22) രാവിലെ 10.30 മുതൽ 12.30 വരെ കൽപറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. ജില്ലയിലെ വിവിധ മേഖലയിൽ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളായ 500 വ്യക്തികളെ മന്ത്രി നേരിൽ കണ്ട് സംവദിക്കും. പട്ടികജാതി -പട്ടികവർഗ്ഗ-പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു  അധ്യക്ഷത വഹിക്കും. പരിപാടിയിൽ പരൂർക്കുന്ന് പുനരധിവാസ മേഖലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പ് ഭൂരഹിതരായ 123 പട്ടികവർഗ്ഗ കുടുംബങ്ങൾക്ക് നിർമിച്ച് നൽകിയ വീടിന്റെ താക്കോൽ മുഖ്യമന്ത്രി കൈമാറും.


സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ, ട്രേഡ് യൂണിയൻ /തൊഴിലാളി പ്രധിനിധികൾ, യുവജനത, സാംസ്കാരിക കായിക രംഗത്തെ പ്രതിഭകൾ, പ്രൊഫഷണലുകൾ, വ്യവസായികൾ, പ്രവാസികൾ, സമുദായ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. 


തുടർന്ന് പ്രദർശന വിപണന മേളയ്ക്കായി കൽപറ്റ എസ്കെഎംജെ സ്കൂളിൽ ഒരുക്കിയ പവലിയൻ ഉദ്ഘാടനം ഉച്ച ഒന്നിന് പട്ടികജാതി- പട്ടിക വർഗ്ഗ- പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കും.  വിവിധ വകുപ്പുകളുടെ സ്റ്റാളുകൾ, വിപണന സ്റ്റാളുകൾ, സെമിനാറുകൾ, കലാ-സാംസ്കാരിക പരിപാടികൾ, ഭക്ഷ്യ- പുസ്തക മേള , കാർഷിക പ്രദർശനം എന്നിവ നടക്കും. മേള നഗരിയിൽ 2500 ചതുരശ്ര അടിയിൽ ഐപിആർഡിയുടെ തീം പവലിയൻ ഒരുക്കും. സ്റ്റാർട്ടപ്പ് മിഷൻ, പൊതുമരാമത്ത് വകുപ്പ്, ടൂറിസം, കിഫ്ബി, കായികം വകുപ്പുകളുടെ പവലിയനുകൾക്ക് പ്രത്യേക ഇടമുണ്ടാവും.  മിനി തിയേറ്റർ, പോലീസ് വകുപ്പിൻ്റെ ഡോഗ്‌ഷോ, കാരവൻ ടൂറിസം, മൃഗസംരക്ഷണ വകുപ്പിന്റെ പ്രദർശനങ്ങളും സജ്ജമാക്കുന്നുണ്ട്. 


സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ കലാകാരൻമാരുടെ ലൈവ് ഡെമോൺസ്‌ട്രേഷനും മേളയിൽ ഒരുക്കും. 


എന്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടന സമ്മേളനം


ജില്ലയിൽ ഇന്ന് (ഏപ്രിൽ 22) മുതൽ 28 വരെ എസ്കെഎംജെ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണനമേള പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30 ന് നടക്കുന്ന

 ഔദ്യോഗിക ഉദ്ഘാടന സമ്മേളനത്തിൽ പത്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയൽ രാമൻ, സുൽത്താൻ ബത്തേരി നിയോജക മണ്ഡലം എം എൽ എ ഐ സി ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാവും. എം എൽ എ ടി സിദ്ദീഖ് അധ്യക്ഷത വഹിക്കും.  


ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സംഷാദ് മരക്കാർ, ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, സബ് കളക്ടർ മിസാൽ സാഗർ ഭരത്, എഡിഎം കെ.ദേവകി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി റഷീദ് ബാബു, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രധിനിധികൾ എന്നിവർ പങ്കെടുക്കും.


കലാസാംസ്കാരിക പരിപാടികൾ


മേളയോടനുബന്ധിച്ച് ഉദ്ഘാടന ദിവസമായ ഏപ്രിൽ 22 ന് ആൽമരം ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്നും രണ്ടാം ദിവസമായ ഏപ്രിൽ 23 ന് ഗോത്ര തനിമയാർന്ന നാടൻ പാട്ടും ദൃശ്യാവിഷ്കാരവുമായി തുടിത്താളം സംഘവും പരിപാടി അവതരിപ്പിക്കും. ഏപ്രിൽ 24 ന് നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയമായ കേരളത്തിലെ ആദ്യത്തെ പെൺകുട്ടികളുടെ അക്രോബാറ്റിക് സംഘം അണിയിച്ചൊരുക്കുന്ന വർണശബളമായ അക്രോബാറ്റിക് ആൻഡ് ഫയർ ഡാൻസും നാട്ടുഗോത്ര കലകളിൽ വിവിധ അവാർഡുകൾ നേടിയ കലാകാരന്മാരുടെ സംഘമായ ഉണർവ് അവതരിപ്പിക്കുന്ന പകർന്നാട്ടം ഫോക് മെഗാ ഷോയും വേദിയിലെത്തും. 


ഏപ്രിൽ 25 ന് സമീർ ബിൻസി നയിക്കുന്ന സൂഫി സംഗീതം. 

ഏപ്രിൽ 26 ന് കണ്ണൂർ ഷെരീഫും ഫസീല ബാനുവും നയിക്കുന്ന മ്യൂസിക് നെറ്റും ഏപ്രിൽ 27 ന് മാങ്കോസ്റ്റീൻ ക്ലബ്ബിന്റെ പ്രകമ്പനം കൊള്ളിക്കുന്ന സംഗീത വിരുന്നുമുണ്ട്.  എന്റെ കേരളം പ്രദർശന വിപണന മേളയുടെ അവസാന ദിവസമായ ഏപ്രിൽ 28ന് സിനിമ താരം കൃഷ്ണപ്രഭ നയിക്കുന്ന ബാന്റും നടക്കും.


ഭക്ഷ്യമേള: സെവൻ സിസ്റ്റേഴ്സ് നെല്ലിക്ക  ജ്യൂസ് കൗണ്ടറുകൾ ഒരുക്കി കുടുംബശ്രീ

 

ഭക്ഷ്യമേളയിൽ സെവൻ സിസ്റ്റേഴ്സ് നെല്ലിക്ക ജ്യൂസുകൾ ഉൾപ്പെടുന്ന ജ്യൂസ് കൗണ്ടറുകൾ ഒരുക്കി കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ വിപുലമായ രീതിയിൽ ഭക്ഷ്യമേള സംഘടിപ്പിക്കും. മീനങ്ങാടി, സുൽത്താൻ ബത്തേരി, കൽപ്പറ്റ, മുട്ടിൽ എന്നീ സിഡിഎസ്സുകളിൽ നിന്നുള്ള കാറ്ററിംഗ് മേഖലയിൽ വിദഗ്ധ പരിശീലനം ലഭിച്ച സംരംഭക ഗ്രൂപ്പുകൾ ഭക്ഷ്യമേളയ്ക്കായി വിഭവങ്ങൾ ഒരുക്കും.

ജ്യൂസ് കൗണ്ടറുകൾ, നെയ് പത്തിരി, കായപോള, കായ്കൃത, ഇറച്ചി പത്തിരി, നെയ്യ് പത്തൽ, പഴം നിറച്ചത്, ഉന്നക്കായ തുടങ്ങി മലബാർ പലഹാരങ്ങളും, ഇറച്ചി ദോശ, മസാല ദോശ, നെയ്റോസ്റ്റ്, ഊത്തപ്പം, ചിക്കൻ ചീറിപ്പാഞ്ഞത്, ആവിയിൽ ആരോഗ്യം എന്ന പേരിൽ ആവിയിൽ തയ്യാറാക്കുന്ന വിഭവങ്ങളും മേളയുടെ മാറ്റുകൂട്ടും. കൂടാതെ അറേബ്യൻ ഭക്ഷണ പ്രേമികളുടെ  പ്രധാന വിഭവമായ കുഴിമന്തിയും കബ് സയും ഉണ്ടായിരിക്കും. ഒപ്പം ദം ബിരിയാണി, (ചിക്കൻ, ഫിഷ്, ബീഫ്) എന്നിവയും കപ്പ മീൻ കറി, കടൽക്കായൽ വിഭവങ്ങൾ, ചിക്കൻ ചില്ലി, ചിക്കൻ പരട്ട്, ബീഫ് വരട്ടിയത്, ബീഫ് ഉലർത്തിയത്, കൂടാതെ പാസ്ത, നൂഡിൽസ് തുടങ്ങി വിഭവങ്ങളും, കൊത്തു പൊറാട്ട കിഴി പൊറാട്ട, ഭൂരി,ചപ്പാത്തി തുടങ്ങിയ വിഭവങ്ങളും ഭക്ഷ്യമേളയുടെ ഭാഗമായി മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


സർക്കാർ നേരിട്ട് ബ്രാൻഡ് ചെയ്ത അട്ടപ്പാടിയുടെ വനസുന്ദരി ചിക്കൻ മേളയുടെ മുഖ്യ ആകർഷണമാകും.


വിവിധ വകുപ്പുകളുടെ സെമിനാറുകൾ


പ്രദർശന വിപണന മേളയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സെമിനാറുകൾ സംഘടിപ്പിക്കും. ഏപ്രിൽ 23 ന് 'കാപ്പി, കുരുമുളക് ശാസ്ത്രീയ പരിപാലനം' എന്ന വിഷയത്തിൽ കാര്‍ഷിക കര്‍ഷകക്ഷേമ വകുപ്പ് അവതരണം നടത്തും. ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 'ബഹുസ്വര സംസ്‌കാരത്തിന്റെ പ്രസക്തി' എന്ന വിഷയത്തിൽ ഏപ്രിൽ 24 ന് സെമിനാർ നടത്തുന്നതോടൊപ്പം ജില്ലാ ലൈബ്രറി സംഗമവും എസ്.കെ.എം.ജെ. സ്കൂളിൽ മന്ത്രി ഒ. ആർ കേളു ഉദ്ഘാടനം ചെയ്യും. തദ്ദേശ സ്വയംഭരണ വകുപ്പ് 'കെ-സ്മാര്‍ട്ട്: സ്മാര്‍ട്ടാകുന്ന കേരളം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. എക്‌സൈസ് വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി 'സെറ്റാകാം ബ്രോ ജീവിതത്തോട്' ലഹരി വിരുദ്ധ സംവാദ പരിപാടി ഏപ്രിൽ 26  നും നടത്തും. 'തുടര്‍വിദ്യാഭ്യാസം അനന്തസാധ്യതകള്‍' എന്ന വിഷയത്തിൽ ജില്ലാ സാക്ഷരത മിഷന്‍ സെമിനാർ അവതരിപ്പിക്കും.   വിനോദ സഞ്ചാരവകുപ്പ് 'സാഹസിക വിനോദ സഞ്ചാരം: വികസന കാഴ്ചപ്പാട്, ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' എന്നീ വിഷയങ്ങളിലും പിന്നാക്ക വികസന വകുപ്പ് കരിയർ ഗൈഡൻസ് വിഷയത്തിലും സെമിനാറുകൾ നടത്തും.


മേള നഗരിയിൽ 200 ഓളം സ്റ്റാളുകൾ ഒരുങ്ങി 


കൽപറ്റ എസ്കെഎംജെ സ്കൂൾ മൈതാനിയിൽ മൊത്തം 44,385 ചതുരശ്ര അടിയിൽ നിർമിച്ച സ്റ്റാൾ നിർമിതിയിൽ 122 ഓളം തീം സ്റ്റാളുകളും 70 ഓളം വാണിജ്യ സ്റ്റാളുകളുമാണ് ഒരുങ്ങിയത്. വാണിജ്യ സ്റ്റാളുകളിൽ വകുപ്പുകൾക്ക് ഉൽപ്പന്നങ്ങൾ വിപണനം ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. 9415 ചതുരശ്ര അടിയിൽ കുടുംബശ്രീ നടത്തുന്ന ഫുഡ്‌ കോർട്ട്, സംസ്ഥാന ഫിലിം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ 1500 ചതുരശ്ര അടിയിൽ ഉൾപ്പെടുന്ന മിനി തിയ്യറ്റർ, മികച്ച സ്റ്റേജ് തുടങ്ങിയവയെല്ലാം നിർമിതിയിൽ ഉൾപ്പെടുന്നുണ്ട്.


പുസ്തക മേള


മേളയിൽ മാതൃഭൂമി, ഡിസി ബുക്സ്, നാഷണൽ ബുക്സ് സ്റ്റാൾ, പബ്ലിക് റിലേഷൻ ഡിപ്പാർട്മെന്റ് എന്നിവ പ്രസിദ്ധീകരിച്ച പുസ്തകമേളയും സജ്ജീകരിക്കും. മലയാളത്തിലെ മുൻനിര പ്രസാധകർ നാല് സ്റ്റാളുകളിലായി സജ്ജീകരിക്കുന്ന പുസ്തകമേളയും ശ്രദ്ധേയമാകും.

Author
Citizen Journalist

Goutham prakash

No description...

You May Also Like