പാലക്കാട് ജില്ലയിലെ നെൽകൃഷി: വിള ഇൻഷുറൻസ് രജിസ്ട്രേഷൻ
- Posted on November 08, 2025
- News
- By Goutham prakash
- 41 Views
തീയതി നവംബർ 15 വരെ നീട്ടി.
പാലക്കാട് ജില്ലയിലെ റാബി-I 2025 സീസണിൽ നടപ്പിലാക്കുന്ന കാലാവസ്ഥ അടിസ്ഥാനമാക്കിയുള്ള വിള ഇൻഷുറൻസ് പദ്ധതി (RWBCIS)യിൽ നെൽകർഷകർക്ക് എൻറോൾമെന്റിനുള്ള അവസാന തീയതി 2025 നവംബർ 15 വരെ നീട്ടാൻ കേന്ദ്ര കൃഷി മന്ത്രാലയം തീരുമാനിച്ചു. കാലാവസ്ഥ വ്യതിയാനാവും, നെൽകൃഷി ആരംഭിക്കാൻ പ്രാദേശികമായി ഉണ്ടായ കാലതാമസം മൂലവും കർഷകരുടെ എൻറോൾമെന്റ് നിരക്ക് കുറവായതിനാലുമാണ് കൃഷി വകുപ്പ് വിഷയത്തിൽ ഇടപെട്ടത്. അർഹരായ നെൽക്കർഷകർക്ക് ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ ഉന്നയിച്ച ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സമർപ്പിച്ച അഭ്യർത്ഥനയുടെ അടിസ്ഥാനത്തിലാണ് നടപടി. പദ്ധതി നടപ്പിലാക്കുന്ന ഏജൻസിയായ അഗ്രികൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യ (AIC) യുടെ സമ്മതത്തോടെയാണ് അവസാനതീയതി ദീർഘിപ്പിച്ചത്. പദ്ധതിയിൽ കൂടുതൽ അർഹരായ കർഷകർക്ക് ഉൾപ്പെടാൻ ഇതിലൂടെ അവസരം ലഭിക്കും.
ഇതോടൊപ്പം, പ്രീമിയം നിരക്ക് നിലവിലുള്ള 20 ശതമാനത്തിൽ നിന്ന് 43 ശതമാനമായി വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇത്തരത്തിൽ വർധിപ്പിച്ച പ്രീമിയം വിഹിതം സംസ്ഥാന സർക്കാറാണ് വഹിക്കേണ്ടത്. കേന്ദ്ര സർക്കാർ വിഹിതം നിലവിലെ നിരക്കിൽ തന്നെ തുടരും. പാലക്കാട് ജില്ലയിൽ നെൽകൃഷി ചെയ്യുന്ന കർഷകർ നവംബർ 15നകം രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് കൃഷി ഡയറക്ടറേറ്റ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക ഫോൺ: +91 9447364599 കൃഷി ഡെപ്യൂട്ടി ഡയറക്ടർ (ക്രെഡിറ്റ്) പാലക്കാട് ജില്ല.
