പ്രൊഫ. എ ബിജു കുമാറിനെ കുഫോസ് വൈസ് ചാൻസലറായി നിയമിച്ചു.

സി.ഡി. സുനീഷ്

 

കേരള സർവകലാശാലയിലെ സയൻസ് ഫാക്കൽറ്റി ഡീനും  അക്വാട്ടിക് ബയോളജി & ഫിഷറീസ് വകുപ്പിന്റെ  സീനിയർ പ്രൊഫസറും മേധാവിയുമായ ഡോ. എ. ബിജു കുമാറിനെ  കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് & ഓഷ്യൻ സ്റ്റഡീസ് (കുഫോസ്)  വൈസ് ചാൻസലർ ആയി ചാൻസിലർ നിയമിച്ചു.


കേരള സർവ്വകലാശാലയിൽ നിന്ന് സുവോളജിയിൽ ബിഎസ്‌സി, അക്വാട്ടിക് ബയോളജി & ഫിഷറീസ് വിഷയത്തിൽ  എംഎസ്‌സി, എംഫിൽ,  പിഎച്ച്‌ഡി ബിരുദങ്ങൾ നേടിയ ബിജുകുമാർ ചെക്ക് അക്കാദമി ഓഫ് സയൻസസ്, ഓസ്‌ട്രേലിയയിലെ അഡ്‌ലെയ്ഡ് യൂണിവേഴ്‌സിറ്റി, കാനഡയിലെ ഗുൽഫ് യൂണിവേഴ്‌സിറ്റി എന്നിവയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ വർഗ്ഗീകരണ ശാസ്ത്രത്തിലും ഡിഎൻഎ ബാർകോഡിംഗിലും പരിശീലനം നേടിയ പ്രൊഫസറാണ്. സ്പെയിൻ, ഗ്രീസ് എന്നിവിടങ്ങളിൽ നിന്ന് സമുദ്രപരിസ്ഥിതി നിരീക്ഷണത്തിൽ വിദഗ്ദ്ധപരിശീലനവും നേടിയിട്ടുണ്ട്.


 2023-ലെ സ്റ്റാൻഫോർഡ് സർവകലാശാല -എൽസെവിയർ പട്ടികയിൽ സുവോളജി/മറൈൻ ബയോളജി മേഖലയിലെ ലോകത്തെ മികച്ച 2% ശാസ്ത്രജ്ഞരിൽ ഒരാളായി ഇദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു.കേരള സർക്കാരിന്റെയും ഇന്ത്യൻ അക്കാദമി ഓഫ് എൻവയോൺമെന്റൽ സയൻസസിന്റെയും യുവ ശാസ്ത്രജ്ഞർക്കുള്ള പുരസ്കാരം, കേരള സർവ്വകലാശാലയുടെ ഏറ്റവും ഉയർന്ന ഗവേഷണ ഗ്രാന്റ്   അവാർഡ്, അക്കാദമിക് എക്‌സലൻസ് അവാർഡ്, ബാംഗ്ലൂരിലെ സൊസൈറ്റി ഫോർ അഡ്വാൻസ്‌മെന്റ്  ഓഫ് ബയോളജിക്കൽ സയൻസസിന്റെ പത്മശ്രീ പ്രൊഫ.എൻ ബി നായർ എൻവയോൺമെന്റൽ എക്‌സലൻസ് അവാർഡ് എന്നിവ  ലഭിച്ചിട്ടുണ്ട്.


  55-ലധികം പുതിയ ഇനം ജലജീവികളെ കണ്ടെത്തി ശാസ്ത്രലോകത്തിന് പരിചയപ്പെടുത്തിയ ഗവേഷകനാണ് ബിജുകുമാർ. ആഗോള കൺസർവേഷൻ യൂണിയൻ സ്പീഷീസ് സർവൈവൽ കമ്മീഷനിലെ അംഗമാണ്.  നിലവിൽ യൂറോപ്യൻ യൂണിയന്റെയും, നാഷണൽ ജിയോഗ്രാഫിക് സൊസൈറ്റിയുടെയും അന്തർദേശീയ ഗവേഷണ പ്രൊജക്റ്റുകളിൽ പ്രോജക്റ്റ് ലീഡറായുംപ്രവർത്തിച്ചുവരുന്നു. 250 -ലധികം ഗവേഷണ പ്രബന്ധങ്ങളും 26പുസ്തകങ്ങളും പ്രസിദ്ധീകരിച്ച ഡോ. ബിജു കുമാർ, ഏകദേശം 20 Ph.D-കളുടെ മേൽനോട്ടം വഹിച്ചിട്ടുണ്ട്.തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like