ഓറഞ്ചു തോട്ടത്തിലെ അതിഥി - ലാജോ ജോസ്
- Posted on March 08, 2023
- Ezhuthakam
- By Fazna
- 89 Views

ക്രൈം ഫിക്ഷൻ സാഹിത്യത്തിലെ വ്യത്യസ്ത വിഭാഗങ്ങളെ പരിചയപ്പെടുത്തിക്കൊണ്ടാണ് ‘ഓറഞ്ചു തോട്ടത്തിലെ അതിഥി’ എന്ന ലാജോ ജോസ് പുസ്തകം വായനക്കാരെ സ്വീകരിക്കുന്നത്. ക്രൈം ഫിക്ഷൻ എന്ന് കാണുമ്പോൾ ഏതു സബ് ജോണർ എന്ന് നോക്കാതെ എഴുത്തുകാരനെ/എഴുത്തുകാരിയെ കുറ്റപ്പെടുത്തുന്നവർക്ക് ഈ പുസ്തകത്തിന്റെ ആമുഖം ആയിട്ടുള്ള രണ്ട് പേജുകൾ ശ്രദ്ധിച്ചു വായിക്കാം.
‘ഓറഞ്ചു തോട്ടത്തിലെ അതിഥി’ ലാജോയുടെ മറ്റു നോവലുകളിൽ നിന്ന് വ്യത്യസ്തമായി ഡൊമെസ്റ്റിക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്.നമുക്ക് പരിചിതമായ ചുറ്റുപാടുകളിലൂടെ കഥാപാത്രങ്ങൾക്കൊപ്പം സഞ്ചരിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്ന രീതിയിൽ ആണ് ഡൊമസ്റ്റിക് ത്രില്ലറുകളുടെ കഥ പറഞ്ഞു പോവുക. എന്നാൽ കോസി മിസറിയിൽ നിന്നു വ്യത്യസ്തവുമാണ്. വിവേക്,സിബിച്ചൻ, അനുപമ, ജോഷ്വ എന്നിവരെ ചുറ്റിപ്പറ്റിയാണ് ‘ഓറഞ്ചു തോട്ടത്തിലെ അതിഥി’ യുടെ കഥ നടക്കുന്നത്. അവിശ്വാസം,സംശയം എന്നിവയ്ക്ക് ഇടയിൽ പെട്ട് കെട്ടുറപ്പ് നഷ്ടപ്പെടുന്ന കുടുംബബന്ധങ്ങൾ.
എവിടെയോ പറഞ്ഞു കേട്ടത് ഓർമ വരുന്നു ‘ശത്രുവിനെ കൊല്ലുന്നത് വളരെ സാധാരണമായ ഒരു പ്രവർത്തിയാണ്, എന്നാൽ നമ്മുടെ സ്വന്തമായിരുന്ന ഒരാളെ കൊല്ലുന്നത് നിസ്സാരമല്ല’. കാമം,ക്രോധം,മോഹം, ലോഭം ഇവയൊന്നും മനുഷ്യജീവിതത്തെ നേർവഴിക്കു കൊണ്ടുപോയ ചരിത്രമില്ല. അപ്പോൾ കുറ്റകൃത്യവാസനയുള്ള ഒരുകൂട്ടം മനുഷ്യരുടെ കുടുംബബന്ധങ്ങളും ജീവിതവും എങ്ങനെ നന്നാവാൻ ആണ് .
ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ പറ്റിയാൽ നല്ല വായനാനുഭവം നൽകുന്ന ഒരു കഥ തന്നെയാണ് ‘ഓറഞ്ചു തോട്ടത്തിലെ അതിഥി’ എന്ന് സംശയ ലേശമന്യേ പറയാം . ഒരേ ജോണർ പുസ്തകങ്ങൾ എഴുതി ചുമ്മാ കടന്നു പോകാതെ ക്രൈം ഫിക്ഷൻ സാഹിത്യത്തിലെ വിവിധ ഉപവിഭാഗങ്ങൾ വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് അഭിനന്ദനം അർഹിക്കുന്നു.
@സ്വപ്ന