രാജ്യത്തെ പത്ത് മികച്ച പരിശീലകരുടെ പട്ടികയില്‍ ഇടം നേടി മലയാളത്തിന് അഭിമാനമായി റാശിദ് ഗസ്സാലി
- Posted on November 24, 2023
- Localnews
- By Dency Dominic
- 162 Views
'തിരുക്കുറള്‍' രചനകളെക്കുറിച്ചുള്ള പഠനഗ്രന്ഥമാണ് റാശിദ് ഗസ്സാലിയുടെ പ്രമുഖ രചന
പ്രമുഖ ഇന്തോ അമേരിക്കന്‍ മാഗസിനായ സിലിക്കണ്‍ ഇന്ത്യയുടെ മികച്ച 10 പരിശീലകരുടെ പട്ടികയില്‍ ഇടം നേടി അന്താരാഷ്ട്ര പരിശീലകനായ റാശിദ് ഗസ്സാലി. 11 രാജ്യങ്ങളിലായി അയ്യായിരത്തിലധികം പരിശീലനങ്ങള്‍, ലോകത്തെ അറിയപ്പെട്ട കോര്‍പ്പറേറ്റ് കമ്പനികളുടെ കണ്‍സള്‍ട്ടന്റ്, ബിസിനസ് കോച്ച്, പി. ആര്‍. പി എന്ന സ്വന്തമായ ലീഡര്‍ഷിപ്പ് തിയറിയെ അടിസ്ഥാനമാക്കി നടത്തുന്ന പുതുമയാര്‍ന്ന ജീവിത പരിശീലനം, രാജ്യത്തിനകത്തും പുറത്തുമായി നിരവധി ലീഡര്‍ഷിപ്പ്-മോട്ടിവേഷനല്‍ ട്രെയിനിംഗുകള്‍ എന്നിവ പരിഗണിച്ചാണു അംഗീകാരം.
കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം, സൈന്‍ ഫിലോസ്ഫിയര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍, നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് മനേജിംഗ് ഡയറക്ടര്‍, ഇമാം ഗസ്സാലി അക്കാദമി അക്കാദമിക് ഡയറക്ടര്‍ തുടങ്ങിയ പദവികള്‍ വഹിച്ചുവരുന്ന റാശിദ്, മികച്ച പ്രഭാഷകനും ഗ്രന്ഥകാരനുമാണ്.
ഇമാം ഗസ്സാലി അക്കാദമിയില്‍ നിന്ന് ബിരുദം, ഫാറൂഖ് കോളേജ്, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്ന് ബിരുദാനന്തര ബിരുദം, ഐ ഐ എം ലക്‌നൗ ക്യാമ്പസില്‍ നിന്ന് എക്‌സിക്യൂട്ടിവ് മനേജ്മന്റ് പഠനം, ജനീവയിലെ സ്വിസ് സ്‌കൂള്‍ ഓഫ് ബിസിനസ് മനേജ്‌മെന്റില്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ ഡോക്ടറേറ്റ് പഠനം തുടങ്ങിയ അക്കാദമിക് മികവുകളും അദ്ദേഹത്തിന്റെ സേവനമേഖലയെ സമ്പന്നമാക്കുന്നു.
പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മന്റ് അതിഥിയായി 2019ലെ ഇന്ത്യയെ പ്രതിനിധീകരിച്ച് ഇന്റര്‍നാഷണല്‍ വിസിറ്റര്‍ ലീഡര്‍ഷിപ്പ് പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. മലയാളത്തിലും തമിഴിലുമായി പ്രസിദ്ധീകരിച്ച 'തിരുക്കുറള്‍' രചനകളെക്കുറിച്ചുള്ള പഠനഗ്രന്ഥമാണ് റാശിദ് ഗസ്സാലിയുടെ പ്രമുഖ രചന.