മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ ബ്രത്തലൈസറുമായി കെഎസ്ഇബിയും; പരിശോധനയില്‍ മൂന്ന് പേരെ പിടികൂടി

 സി.ഡി. സുനീഷ് 




മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ ബ്രത്തലൈസറുമായി കെഎസ്ഇബിയും. പൊലീസിനും കെഎസ്ആര്‍ടിസിക്കും പുറമേയാണ് കെഎസ്ഇബിയും ബ്രത്തലൈസര്‍ 'പ്രയോഗം' നടപ്പിലാക്കിയത്. ആദ്യപടിയെന്നോണം ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നാലോളം ബ്രത്തലൈസറുകള്‍ കെഎസ്ഇബി വാങ്ങുകയും പരിശോധനയില്‍ മൂന്ന് പേരെ പിടികൂടുകയും ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. കെഎസ്ഇബി ജീവനക്കാര്‍ക്കെതിരെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ബ്രത്തലൈസര്‍ ടെസ്റ്റ് നടത്താന്‍ കെഎസ്ഇബി തീരുമാനിച്ചത്.


പ്രധാനമായും രാത്രികാലത്ത് ജോലിക്ക് പ്രവേശിക്കുന്നവരെ ലക്ഷ്യംവെച്ചാണ് പരിശോധന നടത്തുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ നൂറോളം കേന്ദ്രങ്ങളില്‍ കെഎസ്ഇബിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗം പരിശോധന നടത്തിയിരുന്നു. ചീഫ് വിജിലന്‍സ് ഓഫീസര്‍ ബി കെ പ്രശാന്തന്‍ കനിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. ഇതിനിടെയാണ് വയനാട്ടില്‍ രണ്ടും ആലപ്പുഴയില്‍ ഒരു ഉദ്യോഗസ്ഥനും മദ്യപിച്ചെത്തിയതിന്റെ പേരില്‍ പിടിയിലായത്. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് തുടര്‍ നടപടികള്‍ക്കായി കെഎസ്ഇബിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.


ആദ്യഘട്ടത്തില്‍ അഞ്ചോളം സെക്ഷന്‍ ഓഫീസുകളില്‍ പരിശോധന നടത്തുകയാണ് വിജിലന്‍സ് സെല്ലിന്റെ ലക്ഷ്യമെന്ന് കെഎസ്ഇബിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. നിലവില്‍ കെഎസ്ഇബിക്ക് സംസ്ഥാനത്താകെ 776 സെക്ഷന്‍ ഓഫീസുകളാണുള്ളത്. വരും മാസങ്ങളില്‍ ഇത് കൂടുതല്‍ സെക്ഷന്‍ ഓഫീസുകളിലേക്ക് വ്യാപിപ്പിക്കും.

Author
Citizen Journalist

Goutham prakash

No description...

You May Also Like