പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണ കമ്പനിയുടെ പേരില്‍ നിക്ഷേപ തട്ടിപ്പ്.

പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണ കമ്പനിയായ Siemens Gamesa Renewable Energy LTD (SGRE) പേരിലാണ് പുതിയതട്ടിപ്പ് നടത്തുന്നത്.  WhatsApp  ഗ്രൂപ്പിലേക്ക് ക്ഷണിച്ചുകൊണ്ട് നിങ്ങളുടെ സുഹൃത്തുക്കളില്‍ നിന്നോ കുടുംബാംഗങ്ങളില്‍ നിന്നോ  ലഭിക്കുന്ന സന്ദേശത്തോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഇത്തരത്തില്‍ ലഭിക്കുന്ന ലിങ്കില്‍ ( http://www.sgrein.shop/ ) ക്ലിക്ക് ചെയ്ത് വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടുകൂടി  ഒരു WhatsApp ഗ്രൂപ്പിലേക്ക് അംഗമാകുന്നു.


ഇത്തരത്തില്‍ WhatsApp ഗ്രൂപ്പിലേക്ക് അംഗമാകുന്നവരെ പ്രമുഖ കാറ്റാടിയന്ത്ര ടര്‍ബൈന്‍ നിര്‍മ്മാണകമ്പനിയില്‍ നിക്ഷേപം നടത്തി ലാഭം കൈവരിക്കുന്നതിനായി കമ്പനിയുടേതെന്ന് അവകാശപ്പെടുന്ന വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെടുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതോടെ ഉയര്‍ന്ന ലാഭവിഹിതം വാഗ്ദാനം ചെയ്തുകൊണ്ട് പ്രസ്തുത കമ്പനിയുടെ  ഉത്പന്നങ്ങളില്‍ നിക്ഷേപം നടത്തുവാന്‍ പ്രേരിപ്പിക്കുന്നു. 


നിക്ഷേപം നടത്തുന്നവര്‍ക്ക് തുടക്കത്തില്‍ ലാഭവിഹിതം എന്ന പേരില്‍ ചെറിയതുകകള്‍ നല്‍കി വിശ്വാസം നേടിയെടുക്കുന്നു. മാത്രമല്ല കൂടുതല്‍ ആളുകളെ ഇത്തരത്തില്‍ നിക്ഷേപകരായി ചേര്‍ക്കുന്നതിലൂടെ ഒരു നിശ്ചിത ശതമാനം അധികലാഭം നല്‍കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് മണിചെയിന്‍ മാതൃകയില്‍  തട്ടിപ്പ് വ്യാപിപ്പിക്കുന്നു.


 നിക്ഷേപകര്‍ പണം മടക്കി ആവശ്യപ്പെടുമ്പോള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞു പണം നല്‍കാതിരിക്കുമ്പോഴാണ് അവര്‍ തട്ടിപ്പിനിരയായ വിവരം മനസ്സിലാക്കുന്നത്. ഇത്തരത്തില്‍ അമിതലാഭം വാഗ്ദാനം നല്‍കിക്കൊണ്ടുള്ള ജോലി വാഗ്ദാനങ്ങളിലോ, ഓണ്‍ലൈന്‍ നിക്ഷേപങ്ങളിലോ പൊതുജനങ്ങള്‍ ഇടപാടുകള്‍ നടത്താതിരിക്കുക. ഇത്തരം തട്ടിപ്പുകാര്‍ക്ക് യഥാര്‍ത്ഥ കമ്പനിയുമായി യാതൊരു വിധ ബന്ധവുമില്ല. ഇത്തരത്തില്‍ ലഭിക്കുന്ന വ്യാജ നിക്ഷേപവുമായി ബന്ധപ്പെട്ട സമൂഹ മാധ്യമ പരസ്യങ്ങള്‍, ലിങ്കുകള്‍, ആപ്പുകള്‍ എന്നിവ പൂര്‍ണ്ണമായും അവഗണിക്കുക.

 

ഓണ്‍ലൈന്‍ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇരയാവുകയോ ചെയ്താല്‍ ഉടന്‍ തന്നെ 1930 എന്ന് സൗജന്യ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടോ, https://cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ പരാതികള്‍ സമര്‍പ്പിക്കാവുന്നതാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like