മനസ്സിലെ ഭാരമിറക്കാനും ഒരു കൂട്ടായ്മ

 തൂവാല കെട്ടി മറച്ച കണ്ണുകൾക്കപ്പുറം അപരന്റെ വിങ്ങലുകൾ വാക്കുകളായി നിങ്ങൾക്ക് കാതോർക്കാം

മനസ്സിലെ വിങ്ങലുകൾ തീ പോലെ എരിയുന്ന വിപൽ കാലത്ത്, ആ ഭാരം ഇറക്കി വെക്കാൻ ഒരു കൂട്ടായ്മ. 'സയലൻസ്ഡ് ഇമോഷൻ' എന്ന കൂട്ടായ്മയിൽ നിങ്ങൾക്ക്, പരസ്പരം കാതോർക്കാം. തൂവാല കെട്ടി മറച്ച കണ്ണുകൾക്കപ്പുറം അപരന്റെ വിങ്ങലുകൾ വാക്കുകളായി നിങ്ങൾക്ക് കാതോർക്കാം. പങ്കുവെക്കപ്പെടുന്നതിലൂടെ  സുഖപ്പെടുത്തുകയെന്ന                ( ഹീലിങ്ങ് ബൈ ഷെയറിംഗ്  ) എന്ന സന്ദേശം പകർന്ന് നാല് മാസം മുമ്പ് തുടങ്ങിയ ഈ കൂട്ടായ്മയിൽ ഇന്ന് അനേകരാണ് മനസ്സ് പങ്ക് വെക്കുന്നത്.

സ്വന്തം കൈപ്പിടിയിലോ മനസ്സിലോ ഒതുങ്ങാതെ വിങ്ങലുകൾ നീറി പുകഞ്ഞ് രോഗികളാകുന്നവരുടെ എണ്ണം കൂടുന്ന കാലത്ത്, കോഴിക്കോട് കുറ്റിച്ചിറ സ്വദേശിയും മനശ്ശാസ്ത്രജ്ഞനുമായ സി.ഇ. വി. മുഹമ്മദ് സഹലാണ് കൂട്ടായ്മക്ക് തുടക്കമിട്ടത്. ഇത് വരെ 640 പേർ റജിസ്റ്റർ ചെയ്തു. കോഴിക്കോട്, കൊച്ചി, വിശാഖപട്ടണം, ബാഗ്ളൂർ എന്നിവിടങ്ങളിൽ ഒന്നിച്ചിരുന്ന് പലരും മനസ്സ് തുറന്ന് വേദനകൾ പങ്ക് വെച്ചു. വാരാന്ത്യങ്ങളിൽ ഒത്തു ചേരലുണ്ട്.

തൊട്ടടുത്തായിരിക്കുമ്പോഴും ഒരുമിച്ച് ജോലി ചെയ്യുമ്പോഴും പഠിക്കുമ്പോഴും മനസ്സറിയണമെന്നില്ല. തിരക്കായ ജീവിതത്തിൽ അപരന്റെ സങ്കടങ്ങൾക്ക് കാതോർക്കാൻ ആർക്കാണ് നേരം. ഉള്ളം കലങ്ങിയ മനസ്സുകളിലെ സങ്കടം, ആധികൾ, വേദനകൾ, സന്തോഷവും പങ്ക് വെക്കാൻ ഉള്ള  കൂട്ടായ്മയിൽ പരസ്പരം കണ്ണ് കെട്ടി വെച്ചാണ് സംസാരിക്കുക. 'ബ്ലൈൻഡ് ഫോൾഡഡ് തെറാപ്പി'യിലൂടെ പലരും മനസ്സിനെ പറത്തി വിടുകയാണ് ചെയ്യുന്നത്. 20 പേരുണ്ടെങ്കിൽ ബീച്ചിലിരുന്നായിരിക്കും പങ്ക് വെക്കൽ എൻപതോളം സന്നദ്ധ പ്രവർത്തകർ കൂട്ടായ്മക്ക് നേതൃത്വം നൽകുന്നു. കോളേജ് വിദ്യാർത്ഥികളും ഐ. ടി. മേഖലയിലുള്ളവരുമാണ് കൂടുതൽ വരുന്നത്. ഈ സ്നേഹ ശുശ്രൂക്ഷയിൽ ഞങ്ങൾ കുറച്ച് വെളിച്ചമാണ് നിറക്കാൻ ശ്രമിക്കുന്നതെന്ന് സഹൽ പറഞ്ഞു.  ഈ കൂട്ടായ്മയിലൂടെമരുന്നും സാന്ത്വനവും നല്കുകയാണ് 'സയലൻസ് ഓഫ് ഇമോഷൻ'. (http://instagram.com/silenced.emotion) ഈ പേജ് വഴി ഗ്രൂപ്പിൽ ചേരാം.

                                                                                                                                                    

Author
Journalist

Dency Dominic

No description...

You May Also Like