കഥ -അമ്മത്തണൽ
- Posted on February 17, 2021
- Ezhuthakam
- By Remya Vishnu
- 598 Views
പിന്നീടങ്ങോട്ട് എന്റെ ഓരോ സങ്കടങ്ങളുടെയും കൂടെ ആദ്യം അമ്മ നഷ്ടം കൂട്ടിച്ചേർത്ത് വയ്ക്കും ഞാൻ...
നിറയെ റോസാപൂക്കൾ കൊണ്ടലങ്കരിച്ച പെട്ടിക്കുള്ളിൽ ശാന്തമായുറങ്ങുന്ന അമ്മയുടെ അടുത്ത് നിൽക്കുന്ന അപ്പച്ചന്റെ കയ്യിലിരുന്നു അമ്മയുടെ ദേഹത്ത് ചാർത്തിയിരുന്ന പൂമാലയുടെ ഇതൾ നിറഞ്ഞ ചിരിയോടെ പറിച്ചെടുക്കുന്ന ഞാൻ, ഇങ്ങനെ ഒരു ചിത്രമുണ്ട് വീട്ടിൽ അമ്മയെ ഓർക്കുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വരുന്നത് ഈ ചിത്രമാണ്.. എന്റെ വലിയ നഷ്ടം തിരിച്ചറിയാതെ പൂവിന്റെ ഭംഗി കണ്ട് നിഷ്കളങ്കമായി ചിരിക്കുന്ന എന്റെ ഫോട്ടോ കാണുമ്പോൾ ഇപ്പോഴും എനിക്ക് കരച്ചിൽ വരും. നീണ്ട മുടി പിന്നി മുന്നിലേക്കിട്ട് ഒരു പച്ച സാരിയുടുത്ത് പഴയ സിനിമാ നടി വിധുബാലയെ ഓർമ്മിപ്പിക്കുന്ന മുഖമുള്ള അമ്മയുടെ മറ്റൊരു ചിത്രമുണ്ട്. അമ്മയെ ചിന്തിക്കുമ്പോൾ മനസ്സിൽ വരുന്നത് ഈ രണ്ട് ചിത്രങ്ങളാണ്. അമ്മ മരിച്ചതിനു ശേഷം കാണുന്ന മുഖങ്ങളിൽ എല്ലാം അമ്മയെ തിരിയുന്ന ഒരു ആറുമാസക്കാരി കുഞ്ഞിനെ കുറിച്ച് പറയുമ്പോൾ എല്ലാം അമ്മാമ്മയുടെ കണ്ണുനിറയും കൂടെ എന്റെയും.കൂട്ടുകാരൊക്ക അമ്മയുടെ കയ്യുംപിടിച്ചു പള്ളിയിലും, പള്ളികൂടത്തിലും എല്ലാം വരുമ്പോൾ, അമ്മാമ്മയുടെ ചുക്കി ചുളിഞ്ഞ കൈയുടെ
ബലക്കുറവിൽ മുറുകെ പിടിച്ചു ഞാൻ പോകുമ്പോൾ ചിലപ്പോൾഒക്കെ സങ്കടം തോന്നിയിട്ടുണ്ട്. ഭംഗിയായി മുടികെട്ടി സ്കൂളിൽ പോകുന്നത് അന്നൊക്കെ എന്റെ സ്വപ്നമായിരുന്നു. സ്കൂളിൽ രണ്ട് സൈഡിലും ആയി മുടികെട്ടി പോകണമായിരുന്നു. ഒരിക്കലും നിരതെറ്റാതെ വകയാനോ ഒരേ പോലെ രണ്ടു സൈഡിലും റിബൺ ഇട്ട് മുടി കെട്ടാനോ എന്റെ കുഞ്ഞു കൈകൾക്ക് കഴിഞ്ഞിരുന്നില്ല.
പിന്നീടങ്ങോട്ട് എന്റെ ഓരോ സങ്കടങ്ങളുടെയും കൂടെ ആദ്യം അമ്മ നഷ്ടം കൂട്ടിച്ചേർത്ത് വയ്ക്കും ഞാൻ. സന്തോഷം വരുമ്പോൾ ചേർത്ത് പിടിച്ച് കവിളിൽ ഒരു കടി കൊടുക്കാൻ അമ്മയെ തിരയാറുണ്ട് പലപ്പോഴും ഞാൻ. ഒരുപാട് സങ്കടം വരുമ്പോൾ തല ചേർത്തുവച്ചിരിക്കാൻ അമ്മ ചുമലുണ്ടായിരുന്നെങ്കിലെന്നു ഓർത്തു വിതുമ്പാറുണ്ട്. ചേർത്തു നിർത്താൻ അമ്മയില്ലാത്ത വരെല്ലാം അനാഥരാണ്...ഞാൻ വായിക്കുന്ന കഥകളും കേൾക്കുന്ന പാട്ടുകളുമെല്ലാം അമ്മയെ ഓര്മിപ്പിക്കുമ്പോൾ... അമ്മ തണലിൽ ചുരുണ്ടുകൂടിയിരിക്കാൻ കൊതി തോന്നുന്നു... ഇതു വായിക്കുന്നവരുടെ അടുത്ത് അമ്മയുണ്ടെങ്കിൽ എനിക്കു വേണ്ടി കെട്ടിപിടിച്ചൊരുമ്മ കൊടുത്തേക്കണേ...