കഥ -ഒഴിഞ്ഞ പെട്ടി
- Posted on February 15, 2021
- Ezhuthakam
- By Remya Vishnu
- 656 Views
നിലവിളക്കിനു മുന്നിൽ വെള്ളപുതച്ചു അനങ്ങാതെകിടക്കുന്ന എന്റെ ശരീരം കൂടുതൽ നേരം കണ്ടു നിൽക്കുന്നത് സങ്കടമായതുകൊണ്ട് ഞാൻ എന്റെ സ്വപ്നകുഞ്ഞുങ്ങളോട് പെട്ടിക്കുള്ളിൽ കയറാൻ ദേഷ്യത്തോടെ പറഞ്ഞു..
മറന്നുവച്ചതൊന്ന് തിരിച്ചെടുക്കാൻ, പാതി വഴിയിൽ യാത്രനിർത്തി ഞാൻ തിരികെചെന്നു. അതെന്റെ സ്വപ്നങ്ങളുടെ പെട്ടിയായിരുന്നു... അതെടുക്കാൻ ഞാൻ പെട്ടിയിൽ തൊട്ടപ്പോൾ അതിൽ നിന്നും എന്റെ മൂക്കുത്തി മോഹവും, രാത്രിമഴയിൽ നനഞ്ഞോരു ഒറ്റയ്ക്ക് നടത്തവും തുടങ്ങി, കയ്യെത്തും ദൂരത്തുനിന്നും തട്ടി മാറ്റപ്പെട്ട എന്റെ കുഞ്ഞു സ്വപ്നങ്ങളെല്ലാം എന്നെ ദേഷ്യം പിടിച്ചു കൊണ്ട് പുറത്തു ചാടി.നിലവിളക്കിനു മുന്നിൽ വെള്ളപുതച്ചു അനങ്ങാതെകിടക്കുന്ന എന്റെ ശരീരം കൂടുതൽ നേരം കണ്ടു നിൽക്കുന്നത് സങ്കടമായതുകൊണ്ട് ഞാൻ എന്റെ സ്വപ്നകുഞ്ഞുങ്ങളോട് പെട്ടിക്കുള്ളിൽ കയറാൻ ദേഷ്യത്തോടെ പറഞ്ഞു.. അതു കേട്ട് ചിരിച്ചുകൊണ്ടവ എന്നോട് പറഞ്ഞു നീ മരിച്ചതല്ലേ? ഇനി നീ പറയുന്നതെന്തിന് ഞങ്ങൾ അനുസരിക്കണം മരിച്ചവർക്കിനി സ്വപ്നങ്ങളുടെമേൽ യാതൊരധികാരവുമില്ല. ഇനി ഞങ്ങൾ നിന്നോടൊപ്പം വന്നിട്ടെന്ത് പ്രേയോജനം നിന്റെ അടുത്ത ജന്മവും പെൺജന്മമാണെങ്കിൽ അരുതുകളുടെ ചങ്ങലയ്ക്കുള്ളിൽ കിടന്നു ശ്വാസംമുട്ടാൻ ഞങ്ങളില്ല നീ തനിച്ചു പൊയ്ക്കൊള്ളുക. എന്ന് എന്നോട് പറഞ്ഞിട്ട് അവരവിടേയ്ക്കോ ഓടി മറഞ്ഞു.... എനിക്കൊട്ടും ഇഷ്ടമില്ലാത്ത ചന്ദനത്തിരിയുടെ മണമുള്ള മുറിയിൽ അനാഥമായി കിടക്കുന്ന എന്റെ ശവശരീരം ഒരിക്കൽ കൂടി നോക്കിയിട്ട് സ്വപ്നങ്ങളുടെ ഭാരമില്ലാത്ത ലോകത്തേക്ക് ഞാൻ തിരിച്ചു പറന്നു......