ട്രോജൻ ആക്രമണങ്ങൾ നടക്കുന്നു; വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
- Posted on November 27, 2023
- Localnews
- By Dency Dominic
- 237 Views
ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ്‌സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് കെണിയിൽ നിന്ന് രക്ഷപെടാനുള്ള മാർഗം.
വാട്ട്സാപ്പ്, ടെലഗ്രാം ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. വാട്ട്സാപ്പ്, ടെലഗ്രാം പോലുള്ള സോഷ്യൽ മീഡിയ മെസേജിങ് പ്ലാറ്റ്‌ഫോമുകൾ വഴി വലിയ രീതിയിൽ ട്രോജൻ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് അറിയിപ്പിൽ പറയുന്നത്.
ബാങ്കുകൾ, മറ്റ് സേവനദാതാക്കൾ തുടങ്ങിയ പേരിൽ സോഷ്യൽ മീഡിയ വഴി ഉപഭോക്താക്കളെ ബന്ധപ്പെടുകയും തുടർന്ന് അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങളിലേക്ക് അപകടകരമായ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് ഫോണിലെ സ്വകാര്യ വിവരങ്ങൾ ചോർത്തുകയും ചെയ്യുന്നു. ബാങ്കിങ് വിവരങ്ങളും ഫോണിലെ മറ്റ് ഡാറ്റയും ഇക്കൂട്ടർ ചോർത്തും. വാട്ട്സാപ്പ് വഴി ഏതെങ്കിലും ബാങ്കിന്റെ പേരിൽ മെസെജും ലിങ്കുമയച്ചാണ് കൂടുതൽ തട്ടിപ്പുകളും നടത്തുന്നത്. ആപ്പ് ഡൗൺലോഡ് ചെയ്യുന്ന ഉപയോക്താക്കൾ കെണിയിൽ പെടും.
രണ്ട് തരം അപകടകരമായ ആപ്പുകളാണ് മൈക്രോസോഫ്റ്റ് ഇക്കാര്യത്തിൽ പറയുന്നത് . ബാങ്ക് അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ചോർത്തുന്നതിനായി നിർമിച്ച ബാങ്കുകളുടെ വ്യാജ ആപ്പുകൾ, ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതിനുള്ള വ്യാജ ആപ്പുകൾ എന്നിവയാണ് അപകടകരമായ രണ്ട് ആപ്പുകൾ.
ആപ്പുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ്‌സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ്‌സ്റ്റോറുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുക എന്നതാണ് കെണിയിൽ നിന്ന് രക്ഷപെടാനുള്ള മാർഗം. അപരിചിത ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക, പരസ്യങ്ങൾ, എസ്എംഎസ്, വാട്ട്സാപ്പ് മെസേജുകൾ, ഇമെയിലുകൾ എന്നിവ വഴിയുള്ള ലിങ്കുകളൊന്നും ക്ലിക്ക് ചെയ്യരുത്. അപരിചിതമായ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്യാനും മറക്കരുത്.